കൊല്ലം ബീച്ചിലെ പാർക്ക് കോർപറേഷൻ ഏറ്റെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാർക്ക് പൂട്ടി സീൽ ചെയ്തപ്പോൾ. കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാർക്ക് പൂട്ടി സീൽ ചെയ്തപ്പോൾ.

കൊല്ലം ∙ കാലാവധി അവസാനിച്ച കരാറുകാരെ പുറത്താക്കി കൊല്ലം ബീച്ചിലെ പാർക്ക് കോർപറേഷൻ ഏറ്റെടുത്തു. പൊലീസ് സഹായത്തോടെയായിരുന്നു കോർപറേഷന്റെ നടപടി. കരാർ കാലാവധി അവസാനിക്കുകയും വൻതുക കുടിശിക വരുത്തുകയും ചെയ്ത സാഹചര്യത്തിൽ പാർക്കിന്റെ ചുമതല ഏറ്റെടുക്കുമെന്നു കാണിച്ചു കോർപറേഷൻ കഴിഞ്ഞ ദിവസം കരാറുകാർക്കു നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ 11 മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ കോർപറേഷൻ അധികൃതർ പാർക്ക് ഒഴിപ്പിച്ചു പൂട്ടി സീൽ ചെയ്തത്.

2010ലാണു കോർപറേഷൻ ബീച്ചിനു സമീപത്തെ മഹാത്മഗാന്ധി പാർക്ക് നവീകരിച്ചു ദൈനംദിന നടത്തിപ്പിനായി കരാർ വിളിച്ചു നിശ്ചിത ഫീസ് ഈടാക്കി കരാറുകാരെ ഏൽപിച്ചത്. റൂട്ടോടെക് എന്ന കമ്പനിയാണു കരാറെടുത്തത്. എന്നാൽ കരാർ കാലാവധി അവസാനിച്ചിട്ടും കോടതിവിധിയുടെ സഹായത്തോടെ കമ്പനി പാർക്കിന്റെ മേൽനോട്ടം തുടർന്നു.

കൗൺസിലിൽ പലതവണ ഇക്കാര്യം ചൂടേറിയ ചർച്ചയ്ക്കു വഴിവച്ചു. ലക്ഷങ്ങൾ ഫീസിനത്തിൽ കുടിശിക വരുത്തിയിട്ടും പാർക്കിലെ കരാറുകാരെ കോർപറേഷൻ അധികൃതർ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നു. കോടതിവിധിയിലൂടെയാണു കരാറുകാർ തുടരുന്നതെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ ഫീസിനത്തിൽ ലഭിക്കേണ്ടുന്ന തുക ലഭിക്കാത്തതിനു തക്കതായ മറുപടി പറയാൻ അവർക്കു കഴിഞ്ഞിരുന്നുമില്ല. കരാർ ലംഘനം നടത്തിയിട്ടും കമ്പനിക്കു കോർപറേഷൻ ഭരണപക്ഷം ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും ഉയർന്നു. ഭരണപക്ഷത്തുള്ളവർ തന്നെ പലപ്പോഴും ഇതിനെതിരെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.

കരാർ ഒപ്പുവച്ചെങ്കിലും പാർക്ക് പ്രവർത്തനം തുടങ്ങാൻ വൈകിയതിനാൽ തങ്ങൾക്കു നഷ്ടം സംഭവിച്ചെന്നു കാട്ടിയായിരുന്നു കരാർ കാലാവധി അവസാനിച്ചപ്പോൾ കോർപറേഷൻ പുതിയ ടെൻഡർ ക്ഷണിച്ചതിനെതിരെ കരാറുകാർ കോടതിയെ സമീപിച്ചത്. തുടർന്നു കോടതി ടെൻഡർ നടപടികൾ സ്റ്റേ ചെയ്തു. 

ഫീസിനത്തിൽ വൻതുക കുടിശിക വരുത്തിയതോടെ 23നു കോർപറേഷൻ സെക്രട്ടറി കരാറുകാർക്കു നോട്ടിസ് നൽകി. 24 മണിക്കൂറിനുള്ളിൽ കുടിശിക അടച്ചില്ലെങ്കിൽ പാർക്ക് പൂട്ടുമെന്നായിരുന്നു അറിയിപ്പ്. കോടതി നിർദേശിച്ച പ്രകാരമുള്ള നിരക്കിൽ 2016 ജൂലൈ മുതൽ 2017 ജൂൺ വരെയുള്ള 12 മാസത്തെ ഫീസ് നിരക്കായ 19.20 ലക്ഷം, സേവന നികുതിയായ 2.88 ലക്ഷം, പിഴപ്പലിശ 1.34 ലക്ഷം എന്നിവ ചേർത്ത് 23.42 ലക്ഷം രൂപ അടയ്ക്കാനായിരുന്നു നിർദേശം. തുക 24 മണിക്കൂറിനുള്ളിൽ അടച്ചില്ലെങ്കിൽ സ്ഥാപനം ഏറ്റെടുക്കുമെന്നും തുക കരുതൽ തുകയിൽ നിന്ന് ഈടാക്കുമെന്നും അറിയിച്ചിരുന്നു. 

കോടതി നിർദേശിച്ച സാവകാശം പോലും ലഭിച്ചില്ല: കരാറുകാർ

കോടതി നിർദേശിച്ച സാവകാശം പോലും തരാതെ കരുതിക്കൂട്ടിയുള്ള നടപടിയാണു കോർപറേഷന്റേതെന്നു കരാറുകാർ ആരോപിച്ചു. കോടതി നിർദേശപ്രകാരം തുക കോടതിയിൽ കെട്ടി വച്ചെങ്കിലും അതു സ്വീകരിക്കാൻ കോർപറേഷൻ തയാറായില്ലെന്നും അവർ പറഞ്ഞു. കുടിശിക അടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന അറിയിപ്പു നൽകിയത് 23നു വൈകിട്ടാണ്.

24നും 25നും ബാങ്ക് അവധിയായിരുന്നു. 26നു പെരുന്നാൾ അവധിയും. തുക ഒടുക്കാനാവില്ലെന്നു ബോധ്യപ്പെട്ട ശേഷമാണു നോട്ടിസ് നൽകിയത്. ഇക്കാര്യത്തിൽ മറുപടി നൽകാൻ പോലുമുള്ള സാവകാശം നൽകിയില്ല. ഇതു സംബന്ധിച്ച കേസിൽ വരും ദിവസങ്ങളിൽ വിചാരണ നടക്കാനിരിക്കെ കോർപറേഷൻ സ്വീകരിച്ച നടപടി കോടതിവിധിയുടെ ലംഘനമാണെന്നും അവർ ആരോപിച്ചു. ഇതിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കുമെന്നും കരാറുകാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.