കൊല്ലത്ത് ദേ, വലിയ ഏടാകൂടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-edakoodam കൊല്ലം റാവിസ് ഹോട്ടലിനു മുന്നിൽ സ്ഥാപിച്ച ഏടാകൂടത്തിനു സമീപം ശിൽപി രാജശേഖരൻ പരമേശ്വരൻ

കൊല്ലം ∙ പലതരം ‘ഏടാകൂടങ്ങളിൽ’ പെട്ടിട്ടുള്ളവരേ... ലോകത്തെ ഏറ്റവും വലിയ ഏടാകൂടം കാണണോ.... കൊല്ലത്തേക്കു പോരൂ... ഗിന്നസ് ബുക്കിൽ ഇടം നേടാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ ഏടാകൂടം നിങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കും. സിനിമാ കലാസംവിധായകൻ കൂടിയായ ചിത്രകാരൻ രാജശേഖരൻ പരമേശ്വരൻ എന്ന മാർത്താണ്ഡം രാജശേഖരനാണ് ഈ ഭീമൻ ഏടാകൂടത്തിന്റെ ശിൽപി. കൊല്ലം റാവിസ് ഹോട്ടലിൽ ഈ ഭീമൻ ഏടാകൂടം സ്ഥാപിച്ചു കഴിഞ്ഞു. 

24 അടി നീളമുള്ള ആറു കാലുകളാണ് ഈ ഏടാകൂടത്തിനുള്ളത്. ഓരോ കാലിനും രണ്ടടി വീതിയുമുണ്ട്. രണ്ടു ടണ്ണോളമാണു ഭാരം. സ്വിറ്റ്സർലണ്ടിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനത്തിലാണു നിലവിലെ ഏറ്റവും വലിയ ഏടാകൂടം (ഡെവിൾസ് നോട്ട്). 19 അടി എട്ട് ഇഞ്ച് ഉയരവും ഒരടി മൂന്ന് ഇഞ്ച് വീതിയുമാണ് അതിനുള്ളത്. ഗിന്നസ് അധികൃതർക്കു വിവരങ്ങൾ കൈമാറിയെന്നു രാജശേഖരൻ പറഞ്ഞു. 

റാവിസ് ഹോട്ടലിൽ സ്ഥിരമായി സ്ഥാപിക്കുന്നതിനായാണു ഏടാകൂടം നിർമിച്ചത്. ലോകത്തെ ഏറ്റവും വലിയ വിസ്മയം കൊല്ലത്തു തന്നെ വേണം എന്നതിനാലാണു നിർമാണത്തിനു പിന്തുണയും പ്രോത്സാഹനവും നൽകിയതെന്ന് ആർപി ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ ബി.രവിപിള്ള പറഞ്ഞു. 

പാറശാലയിലാണ് ഏടാകൂടം നിർമിച്ചത്. രണ്ടു മാസമെടുത്തു. കഴിഞ്ഞ ദിവസം ലോറിയിൽ പലഭാഗങ്ങളാക്കി റാവിസിൽ എത്തിച്ചു. ഇരുമ്പു ചട്ടക്കൂടിൽ തടികൊണ്ടാണു നിർമിച്ചിരിക്കുന്നത്. രണ്ടു ദിവസമെടുത്താണ് ഏടാകൂടം റാവിസിൽ സ്ഥാപിച്ചത്. ക്യൂബ് പോലെ കളിക്കാവുന്നതാണ് ഏടാകൂടം എന്ന കളിക്കോപ്പ്. വേഗത്തിൽ ഇതു പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നതിനെയാണു പണ്ട് ഏടാകൂടത്തിൽപ്പെടുക എന്നു പറഞ്ഞിരുന്നത്. കണക്കിനോടുള്ള സ്നേഹമാണ് ഈ നിർമിതിക്കു പിന്നിലെന്നു രാജശേഖരൻ പറഞ്ഞു. 

കുട്ടിയായിരുന്നപ്പോൾ തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ചെറിയ ഒരു ഏടാകൂടത്തിന്റെ മാതൃക കണ്ടിരുന്നു. അന്നേ അതു മനസ്സിൽ പതിഞ്ഞതാണ്. കണക്കുകൾ ഒട്ടും തെറ്റാതെയാണു വലിയ ബ്ലോക്കുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഒരു ചെറിയ തെറ്റു സംഭവിച്ചാൽപോലും ഏടാകൂടം യോജിക്കാതെ വരുമെന്നും രാജശേഖരൻ പറയുന്നു. ഏറ്റവും വലിയ ഇസൽ ചിത്രം വരച്ചു ഗിന്നസ് ബുക്കിൽ നേരത്തെ തന്നെ കയറിയ ആളാണു രാജശേഖരൻ. കലാസംവിധായകനായാണു സിനിമാ മേഖലയിൽ രാജശേഖരൻ അറിയപ്പെടുന്നത്. 

അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങൾ എന്ന ചലച്ചിത്രത്തിന്റെ കലാസംവിധാനത്തിന് 2007ൽ സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. അടൂരിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്ന രാജശേഖരൻ തൽക്കാലം സിനിമകൾക്കുള്ള കലാസംവിധാനം നിർത്തിവച്ചിരിക്കുകയാണ്. 

Read More : Kollam Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.