go

ആൺഗുണ്ടയെ വെല്ലും പെൺഗുണ്ട; തല്ലാനാണ് ക്വട്ടേഷനെങ്കിൽ ‘തോട്ടയിടും'

kollam-criminal
SHARE

ജില്ലയിൽ പെൺഗുണ്ടാസംഘം ചുവടുറപ്പിക്കുന്നു. മിക്ക ഗുണ്ടാസംഘങ്ങൾക്കു പിന്നിലും വനിതകളുണ്ട്. ‘തോട്ടയിടുന്നതും’ ക്വട്ടേഷൻ നടപ്പാക്കുന്നതും ഇവരുടെ കാർമികത്വത്തിലാണ്.

ശൃംഗരിക്കും, പിന്നെ തല്ലും

തല്ലാനാണ് ക്വട്ടേഷനെങ്കിൽ വനിതാഗുണ്ടകൾക്കാണ് ആദ്യ ചുമതല. ‘തോട്ടയിടേണ്ട’ ആളിന്റെ അടുത്ത് അണിഞ്ഞൊരുങ്ങി നിന്നു തട്ടുകയോ മുട്ടുകയോ ചെയ്യും. അയാൾ ശല്യം ചെയ്തെന്നു പറഞ്ഞു ബഹളമുണ്ടാക്കും. സമീപത്തു ഗുണ്ടകൾ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തിൽ അവർ രംഗത്തെത്തി ചോദ്യം ചെയ്യൽ തുടങ്ങും. ആളുകൾ കൂടുമ്പോൾ തല്ലും. പെണ്ണിനെ ശല്യം ചെയ്തതല്ലേ, രണ്ടു കൊള്ളട്ടേ എന്നു ആളുകൾ കരുതും. അടി കൊണ്ടയാൾ പൊലീസിൽ പരാതി നൽകില്ല. പാവം എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്കും.

ഫോൺ മുഖേന പരിചയം സ്ഥാപിച്ചു ഗുണ്ടാസംഘത്തിന്റെ നടുവിലേക്കു വിളിച്ചു വരുത്തുന്നതാണു മറ്റൊരു രീതി. വ്യാപാരികളും വ്യവസായികളും ഉൾ‌പ്പെടെയുള്ള സമ്പന്നരെയാണ് ഇങ്ങനെ വശീകരിക്കുന്നത്. കൈവശമുള്ള പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പിടിച്ചുപറിച്ച്, അടികൊടുത്തു വിടുക മാത്രമല്ല, ചിത്രങ്ങൾ പകർത്തി ബ്ലാക് മെയിലിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യും. മാനഹാനി ഭയന്നു മിക്കവരും പരാതിപ്പെടില്ല.

സോഷ്യൽ മീഡിയ ഗ്രൂപ്പ്

സോഷ്യൽ മീഡിയയിൽ വനിതാഗുണ്ടകളും സഹായികളും ഉൾപ്പെട്ട ഗ്രൂപ്പുകൾ സജീവമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ്മ എന്ന മറവിലാണ് ഇത്തരം ഗ്രൂപ്പുകൾക്കു രൂപം നൽകിയത്. കേരളം ഏറെ ചർച്ചചെയ്യപ്പെട്ട, തിരുവനന്തപുരത്തു നടന്ന ‘അവയവമെടുപ്പ്’ സംഭവത്തോടെയാണ് ഇതു സജീവമായത്.

മിക്ക ഗുണ്ടകൾക്കും കാമുകിമാരുണ്ട്. അവരിലേറെയും ഗ്രൂപ്പിലുണ്ട്. കാമുകിമാരുടെ പിണക്കവും മറ്റും തീർക്കുന്നതു ഗ്രൂപ്പിലെ ചേച്ചിമാരാണ്. ചേച്ചിമാർ അംഗങ്ങളെ യാത്രകൾക്കു കൊണ്ടുപോകാറുണ്ട്. ക്വട്ടേഷൻ നടപ്പാക്കാനുള്ള ഇരയാക്കാനാണു കൊണ്ടുപോകുന്നത്. ഒരു തവണ പോയാൽ രക്ഷപ്പെടാനാകാത്ത വിധം അവർ കുരുക്കിലാകും. മറഞ്ഞിരിക്കുന്ന ലക്ഷ്യം മനസ്സിലാക്കാതെ പലരും വാട്സാപ് ഗ്രൂപ്പിൽ ചേർന്നു. അടുത്തിടെ പെൺഗുണ്ടാസംഘത്തെ കുറിച്ചു വാർത്ത വന്നതോടെ, ഒറ്റ ദിവസം 63 പേർ ഗ്രൂപ്പു വിട്ടു.

രഹസ്യങ്ങൾ ചോർത്തും

കൊലയോ അക്രമമോ നടത്തിയാൽ മിക്കപ്പോഴും ഗുണ്ടകൾ ഒളിവിൽ കഴിയുന്നതു പാറക്ക്വാറികളിലാണ്. ഈ സമയത്തു പൊലീസിന്റെ നീക്കങ്ങൾ ചോർത്തിക്കൊടുക്കുന്നതു പെൺഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്. ചില പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീകളുണ്ട്. ഗുണ്ടകളെക്കുറിച്ചു വിവരം ചോർത്തുന്നതിനും പൊലീസുകാർ ഈ സംഘത്തിലെ സ്ത്രീകളെ ഉപയോഗിക്കുന്നുണ്ട്.

പെൺസംഘം ഓച്ചിറയിൽ

പെൺഗുണ്ടാസംഘം ഓച്ചിറയിലാണു സജീവം. ഇതര ജില്ലക്കാരായ രണ്ടു വനിതകളാണു നേതൃത്വം. ഈ വനിതകൾക്ക് ആലപ്പുഴ ജില്ലയിൽ ആശാട്ടി ഉണ്ടായിരുന്നു. കായംകുളത്തുള്ള സ്പിരിറ്റ് മാഫിയയുടെ സഹായിയായിരുന്ന ‘ആശാട്ടി’ ബാറിലെത്തുമ്പോൾ വലിയ തിരക്കാണ്. ബാറിന്റെ പ്രധാന ഹാളിൽ ആശാട്ടിക്കു പ്രത്യേക ഇരിപ്പിടം സജ്ജമാക്കുമായിരുന്നു.

സ്പിരിറ്റ് കടത്തായിരുന്നു പ്രധാന ജോലി. ആഡംബര കാറിൽ സ്പിരിറ്റ് കടത്തുമ്പോൾ അണിഞ്ഞൊരുങ്ങി വാഹന ഉടമയുടെ മട്ടിൽ ഇരിക്കും. സ്പിരിറ്റ് കടത്തു കുറയുകയും പ്രായം കൂടുകയും ചെയ്തതോടെ ഇവർക്കു കളം വിടേണ്ടി വന്നു. ഇവരുടെ ശിഷ്യകളാണ് ഇപ്പോൾ ഗുണ്ടാസംഘത്തിൽ സജീവം. കായംകുളം ലോബിക്കു സ്പിരിറ്റ് കടത്തിയാണു ശിഷ്യകളും രംഗത്ത് എത്തിയത്. സ്പിരിറ്റ് കടത്തുന്ന വാഹനങ്ങളിൽ പോകുമ്പോൾ കുട്ടികളെയും കൂട്ടും. കുടുംബസമേതമുള്ള യാത്രയാണെന്നു വരുത്താനാണിത്. സ്പിരിറ്റ് കടത്തിന്റെ കാലം കഴിഞ്ഞതോടെയാണ് ഗുണ്ടകൾക്ക് ഒത്താശ നൽകുന്നതിലേക്കു തിരിഞ്ഞത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama