go

പറന്നിറങ്ങി, പണികൊടുക്കാൻ; വന്നു, കൊന്നു, മടങ്ങി

SHARE

ഓച്ചിറയിലെ ഗുണ്ടാ സംഘമാണു കിളിമാനൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത്. വിദേശത്തുനിന്നെത്തി, കൊല നടത്തി, അടുത്ത ദിവസം വിദേശത്തേക്കു മുഖ്യപ്രതി കടന്നു. ട്രയൽ നടത്തിയ ശേഷമായിരുന്നു കൊലപാതകം. ക്വട്ടേഷൻ ഉറപ്പിച്ചതു വിദേശത്ത്. പൊലീസിന്റെ മികച്ച അന്വേഷണം കൊലയാളി സംഘത്തിന്റെ തന്ത്രങ്ങൾ പൊളിച്ചെങ്കിലും ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. 

ഗുണ്ടകൾക്ക് സുഖം

പട്ടണത്തിലെ പൊതുപ്രവർത്തകനായ യുവാവ് ആറു മാസം മുൻപു സിറ്റി പൊലീസ് കമ്മിഷണർക്കു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. കാപ്പ നിയമപ്രകാരം എത്രപേർക്കെതിരെ നടപടിയെടുത്തു എന്നായിരുന്നു ചോദ്യം. നടപടിക്കായി 32 പേർക്കെതിരെ കലക്ടർക്കു ശുപാർശ നൽകിയെന്നും 2 പേർക്കെതിരെയാണ് അനുമതി ലഭിച്ചതെന്നും മറുപടി. മറ്റു ക്രിമിനലുകൾ കൊലവിളിച്ചും ആക്രമിച്ചും സസുഖം നാട്ടിൽ വാഴുന്നു.

തൊടാനാവില്ല ഇവരെ

ഇരവിപുരം പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട നേരത്തെ മൂന്നു തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയാണു ജാമ്യം അനുവദിക്കുന്നത്. രണ്ടു വർഷത്തിനിടയിൽ മൂന്നു കൊലപാതക ശ്രമം ഉൾപ്പെടെ ഒട്ടേറെ അക്രമങ്ങൾ നടത്തിയ ഇയാൾ കാപ്പയ്ക്കു പുറത്താണ്.

ജാമ്യത്തിലായിരിക്കെ ഉത്സവപ്പറമ്പിൽ 3 പേരെ കുത്തിപ്പരുക്കേൽപ്പിച്ചതും പോളയത്തോട്ടിൽ രാഷ്ട്രീയ പ്രവർത്തകന്റെ കൈ അടിച്ചൊടിച്ചതും ശാരീരിക വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചതും ഇതിനിടെയുണ്ടായ സംഭവങ്ങൾ. കേസിൽ അറസ്റ്റിലായാൽ ഉടൻ ജാമ്യം നേടി പുറത്തുവരും. ഇയാളെപ്പോലും കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കുന്നില്ല. ‍

വേണം, ദാദാഫീസ് 

സ്ഥലം: ഓച്ചിറ ആലുംപീടിക ബവ്‌റിജസ് ഔട്ട്ലറ്റ്
കാലം: 13 മാസം മുൻപ്

വലിയകുളങ്ങര സ്വദേശിയായ യുവാവ് മദ്യം വാങ്ങാ‍ൻ വരി നിൽക്കുകയാണ്. ക്ലാപ്പന സ്വദേശികളായ രണ്ടു ഗുണ്ടകൾ എത്തി. ഗുണ്ടകളും യുവാവും നേരിയ പരിചയമുണ്ട്. ഗുണ്ടകൾ 100 രൂപ ദാദാ ഫീസ് ചോദിച്ചു. യുവാവ് പണം നൽകിയില്ല. യുവാവ് വീട്ടിലെത്തിയതിനു പിന്നാലെ ഗുണ്ടാസംഘം അദ്ദേഹത്തെ ആക്രമിച്ചു. തടയാൻ ശ്രമിച്ച സഹോദരനും സുഹ‍ൃത്തിനും ഉൾപ്പെടെ 3 പേർക്കു ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല.

ചോദ്യം ചെയ്താല്‍ കുത്തിക്കീറും

ആലുംപീടികയിൽ ദാദാ ഫീസ് ആവശ്യപ്പെടുന്നതിനു മുൻപാണു സംഭവം. അന്നു ബവ്റിജസ് ഔട്ട്ലറ്റ് ഓച്ചിറയിലാണ്. വിദേശമദ്യം വാങ്ങാൻ ക്യു നിന്ന 2 പേരെ 2 ഗുണ്ടകൾ ചേർന്നു കുത്തി. ഗുണ്ടകളിൽ ഒരാൾ ആലുംപീടികയിലെ ‘ദാദാക്കാരൻ’ തന്നെ.  

കുത്താനുള്ള കാരണം നിസാരമാണ്. മേമന സ്വദേശികളായ ഗുണ്ടകൾ ക്യൂ അംഗീകരിക്കാതെ ഇടിച്ചുകയറി മദ്യം വാങ്ങാൻ ശ്രമിച്ചു. വരി നിന്നവർ ഇതു ചോദ്യം ചെയ്തപ്പോഴാണു കത്തിയെടുത്തു കുത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവാക്കൾ ദീർഘകാലം ചികിത്സയിലായിരുന്നു. ഗുണ്ട ഇപ്പോഴും സജീവമാണ്. 

കൗമാരക്കാരെ വലയിലാക്കുന്നു

പല ഗുണ്ടാസംഘങ്ങളും കൗമാരക്കാരെ റിക്രൂട്ട് ചെയ്യുന്നതു മദ്യസൽക്കാരങ്ങളിൽ പങ്കെടുപ്പിച്ചാണ്. കഞ്ചാവ് നൽകി വശത്താക്കുകയും ചെയ്യും. ഓച്ചിറ ടൗണിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 2 വയോധികരെ ആകമിച്ചതു കൗമാരക്കാരാണ്. ഗുണ്ടകളുടെ വിരുന്നിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഇവരെ ആക്രമിച്ചത്. ജിംനേഷ്യങ്ങളും ഗുണ്ടകൾ ലക്ഷ്യമിടുന്നു. ജിംനേഷ്യത്തിലെത്തുന്ന ക്രിമിനൽ മനോഭാവം ഉള്ളവരെയാണു സംഘം വലയിലാക്കുന്നത്. റോഡിയോ ജോക്കി രാജേഷിനെ വധിച്ച കേസിലെ മുഖ്യപ്രതി ഓച്ചിറയിൽ ജിംനേഷ്യം നടത്തിയിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama