go

കാരുണ്യത്തിന്റെ ‘അംബാസഡർ’ തിരിച്ചെത്തി ‘ഡിക്കി’ നിറയെ സഹായവുമായി

IdukkiNews
അംബാസഡർ കാറിൽ കശ്മീർ സന്ദർശിച്ചു മടങ്ങുന്ന നിയാസ് ഖാൻ, ഇജാസ് അബ്ദുൽ നിസാർ, മുഹമ്മദ് ഷാഫി എന്നിവർ കാസർകോട് എത്തിയപ്പോൾ.
SHARE

കൊല്ലം∙ കിതപ്പില്ലാതെ ആ പഴയ അംബാസഡർ മൂന്നു യുവമനസ്സുകളുടെ കരുത്തിൽ കേരളത്തിൽ നിന്നു കശ്മീർ വരെ പോയി തിരിച്ചെത്തി. പ്രളയത്തിൽ തകർന്ന കേരളത്തിനു രാജ്യമാകെ ചുറ്റിത്തിരിഞ്ഞു വന്നവർ ഒരു ‘ഡിക്കി’ നിറയെ കാരുണ്യവുമായാണു മടങ്ങിയത്. ഇവരുടെ ശ്രമഫലമായി ദുരിതാശ്വാസനിധിയിലേക്കു ഡിജിറ്റലായി കൈമാറ്റപ്പെട്ടത് എട്ടു ലക്ഷത്തോളം രൂപ!.

കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷാഫി, ഇജാസ് അബ്ദുൽ നിസാർ, സിവിൽ എൻജിനീയർ നിയാസ് ഖാൻ എന്നിവരാണ് അംബാസഡർ കാറിൽ കേരളത്തിൽ നിന്നു മംഗളൂരൂ, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് വഴി കശ്മീരിലെ ലഡാക്ക് വരെ പോയി മടങ്ങിയത്. സെപ്റ്റംബർ 6ന് വൈകിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു യാത്ര തിരിച്ച സംഘം 17നു ലഡാക്കിലെത്തി.

ഉറ്റസുഹൃത്തക്കളായ മൂവരും കേരളത്തിലെ പ്രളയദുരിതത്തിന്റെ നോട്ടീസുകൾ തയാറാക്കി പോയ വഴികളിലെല്ലാം വിതരണം ചെയ്തു. രാജ്യത്തെ വിവിധ മെഡിക്കൽ കോളജ് ക്യാംപസുകളിലെ വിദ്യാർഥികളും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളും കാരുണ്യത്തിന്റെ കരം നീട്ടി.

പണമായി തുക വാങ്ങില്ലെന്നും സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം കൈമാറാനുള്ള പ്രേരണയാണു നൽകുകയെന്നും ആദ്യമേ ഉറപ്പിച്ചാണു സംഘം പുറപ്പെട്ടത്. പേടിഎം വിവിധ പേയ്മെന്റ് ആപ്പുകൾ എന്നിവ വഴിയാണു പണം എത്തിയത്. ഈ മാസം രണ്ടിനാണു തിരിച്ചെത്തിയത്.

ധനമന്ത്രി തോമസ് ഐസക്കിനെ കണ്ടപ്പോൾ അഭിനന്ദനവും ഏറ്റുവാങ്ങി. തിരുവനന്തപുരം കിളിമാനൂർ പാപ്പാല കുന്നുവിള വീട്ടിൽ മുഹമ്മദ് ഷാഫിയുടെ മുത്തച്ഛന്റെ 1989 മോഡൽ കാറാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. കാറിലെ ചില ഭാഗങ്ങളൊക്കെ എടുത്തുമാറ്റി ഭാരം കുറച്ചും ഉയർന്ന പ്രദേശങ്ങൾ കയറുമ്പോഴുള്ള ‘ഹീറ്റിങ്’ ഒഴിവാക്കാൻ വേഗം ക്രമീകരിച്ച് യാത്ര നടത്തിയത്.

12,000 കീലോമീറ്റർ ദൂരം യാത്ര ചെയ്തു. യാത്രയിലുടനീളം കാർ ഒരു കുഴപ്പവുമുണ്ടാക്കിയില്ല. ഷാഫിയും കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളം ബംഗ്ലാവിൽ തെക്കതിൽ വീട്ടിൽ നിയാസും കൊല്ലം പള്ളിമുക്ക് റോയൽ മിറേജിൽ ഇജാസും സഫലമായ യാത്രയുടെ ത്രില്ലിലാണ് ഇപ്പോഴും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama