go

മാലിന്യ സംസ്കരണത്തിന് വിപുല പദ്ധതി: മേയർ

SHARE

കൊല്ലം ∙ മാലിന്യ സംസ്കരണത്തിനും മാർക്കറ്റുകളുടെ നല്ല നടത്തിപ്പിനും കർശന നടപടിക്കു കോർപറേഷൻ. 2020 ആകുമ്പോഴേക്കും കൊല്ലം മാലിന്യരഹിത പട്ടണമാക്കുമെന്നു മേയർ. നഗരത്തിനു നാണക്കേടുണ്ടാക്കിയ മേവറം മാറിയപ്പോഴും നഗരത്തിനുള്ളിൽ പലയിടത്തും മാലിന്യ നിക്ഷേപം വർധിച്ചു വരുന്നതായി ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. വേണ്ടത്ര വെളിച്ചമില്ലാത്തതും ക്യാമറകളും ബോർഡുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പാകാത്തതുമാണ് സാമൂഹിക വിരുദ്ധർക്കു സഹായകമാകുന്നത്.

അനധികൃത കടകളും കശാപ്പു ശാലകളും പെരുകുന്നുണ്ട്. ഇവയെ നിയന്ത്രിക്കാനാകാത്തതു ദൗർഭാഗ്യകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. കോർപറേഷന്റെ നിയന്ത്രണത്തിലുള്ള വിവിധ മാർക്കറ്റുകളുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണെന്നും കൗൺസിലർമാർ ആരോപിച്ചു. കോടികൾ മുടക്കി നവീകരിച്ചിട്ടും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്. സന്ധ്യയായാൽ ഇവിടെയൊക്കെ സാമൂഹിക വിരുദ്ധ താവളമായി മാറുന്നു.

സംസ്ഥാന സർക്കാർ നിർമിക്കുന്ന ആധുനിക കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റിനു കോർപറേഷനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നു മേയർ വി.രാജേന്ദ്രബാബു പറഞ്ഞു. കോർപറേഷൻ ഓഫിസ് നവീകരണത്തിന്റെ പേരിൽ കോടികളുടെ ഫർണീച്ചർ വാങ്ങിക്കൂട്ടുന്നതിൽ അഴിമതിയുണ്ടെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ.ഹഫീസ് ആരോപിച്ചു. ഓഫിസിനു ഐഎസ്ഒ സർട്ടിഫിക്കറ്റ് കിട്ടുന്നതു വലിയ കാര്യമല്ല. അറവുശാല, സ്വിവേജ് പ്ലാന്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കുകയും തെരുവുവിളക്കുകൾ കത്താതിരിക്കുകയും ചെയ്യുമ്പോഴാണു ഓഫിസ് മോടിപിടിപ്പിക്കുന്നതിന്റെ പേരിൽ കോടികൾ തുലയ്ക്കുന്നതെന്നും ഹഫീസ് ആരോപിച്ചു.

ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, വി.എസ്.പ്രിയദർശനൻ, എം.എ.സത്താർ, ചിന്ത എൽ.സജിത്ത്, പി.ജെ.രാജേന്ദ്രൻ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ.ഹഫീസ്, കരുമാലിൽ ഡോ.ഉദയസുകുമാരൻ, എസ്.പ്രസന്നൻ, എസ്.മീനാകുമാരി, പ്രേംഉഷാർ, ജെ.മീനുലാൽ, വിജയലക്ഷ്മി, എൻ.മോഹനൻ, എം.സലിം, അജിത്കുമാർ, ബി.അനിൽകുമാർ, ഗിരിജ സുന്ദർ, സുജ എന്നിവർ പ്രസംഗിച്ചു.

‘രാമൻകുളങ്ങര വികസനം വൈകരുത്’ വർഷങ്ങൾക്കു മുൻപ് കോർപറേഷൻ പ്രഖ്യാപിച്ച രാമൻകുളങ്ങര ജംക്‌ഷൻ വികസനം സാധ്യമാകാത്തതു കൗൺസിൽ യോഗത്തിൽ ചർച്ചയായി. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ ഹഫീസ് ആണു വിഷയം ഉന്നയിച്ചത്. വ്യാപാരികളും മറ്റുമായി സംസാരിച്ചു ധാരണയാക്കാൻ കൗൺസിലർമാരായ ഡോ. ആനേപ്പിൽ ഡി. സുജിത്, പി.ജെ രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയതായി മേയർ പറഞ്ഞു.

രാമൻകുളങ്ങര ജംക്‌ഷനിൽ അപകടം നിത്യസംഭവമായെന്നു ഹഫീസ് ചൂണ്ടിക്കാട്ടി. ആൽമരം മുറിച്ചുമാറ്റാനും ക്ഷേത്രം മാറ്റി സ്ഥാപിക്കാനും ഭാരവാഹികൾ തയാറാണെന്നു അറിയിച്ചിട്ടുണ്ട്. ആൽമരത്തിനു എതിർഭാഗത്തെ കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഭാഗികമായി വിട്ടുനൽകാൻ ഉടമകൾ തയാറാണ്. ബാക്കി സ്ഥലത്തു കച്ചവടം തുടരാൻ അനുമതി നൽകണം. മേയറുടെ സാന്നിധ്യത്തിൽ പലതവണ ചർച്ച നടത്തിയിട്ടും വികസനം തുടങ്ങാൻ കഴിയാത്തതു വീഴ്ചയാണെന്നും ഹഫീസ് പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama