go

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കണക്ക് സൂക്ഷിക്കാൻ സംവിധാനം വേണം

Kollm News
SHARE

കൊല്ലം ∙ മത്സ്യബന്ധനത്തിനു കടലിൽ പോകുന്നവരുടെ കൃത്യമായ കണക്ക് സൂക്ഷിക്കാൻ ഫിഷറീസ് കൗൺസിലുകൾ രൂപീകരിക്കാൻ മത്സ്യബന്ധന തുറമുഖ വകുപ്പ് തയാറാകണമെന്നു നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്. ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായതിന്റെ പശ്ചാത്തലത്തിലാണു ശുപാർശ.

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീരദേശം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് മുല്ലക്കര രത്നാകരൻ ചെയർമാനായ സമിതി സർക്കാരിനു സമർപ്പിച്ചു. 

ഓഖി പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ റജിസ്റ്റർ ചെയ്തശേഷം കടലിൽ പോയവർക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്ന രീതി സ്വീകരിച്ചാൽ എണ്ണം കൃത്യമായി ശേഖരിക്കാനാവും. ഇതിനായി നാഷനൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കിയ റിയൽ ക്രാഫ്റ്റ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ആലോചിക്കണം.

പ്രധാന ശുപാർശകൾ:

∙ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കു മറ്റു രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മാതൃകാപരമായ സംവിധാനങ്ങൾ പഠിച്ച് ഇവിടെ നടപ്പാക്കുന്നതിനു രൂപരേഖ തയാറാക്കാൻ വിദഗ്ധസമിതി രൂപീകരിക്കണം.

∙ മുന്നറിയിപ്പുകൾ കൃത്യമായി മത്സ്യത്തൊഴിലാളികളിലെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനതലത്തിലും മേഖലാ തലത്തിലും കൺട്രോൾ റൂമുകൾ തുടങ്ങണം.  കാലാവസ്ഥാ മുന്നറിയിപ്പ്, മത്സ്യലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന സ്മാർട് ഡിസ്പ്ലേ ബോർഡുകൾ തുറമുഖങ്ങളിൽ സ്ഥാപിക്കണം

∙ സ്റ്റെബിലിറ്റി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടിയ, മറിഞ്ഞാലും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വള്ളങ്ങൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. 

ബോട്ടുകളുമായി ആശയവിനിമയം നടത്താൻ നാവിഗേഷനൽ- കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, അപകടസമയങ്ങളിൽ സഹായം അഭ്യർഥിക്കാനുള്ള ഉപകരണങ്ങൾ, സാറ്റലൈറ്റ് ഫോൺ, ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം തുടങ്ങിയവ ബോട്ടുകളിൽ നിർബന്ധമാക്കണം.

∙ മറൈൻ ആംബുലൻസ് സംവിധാനം, കടൽ പട്രോളിങ് എന്നിവ ശക്തമാക്കണം. പുലിമുട്ടുകളും തീരദേശ മതിലുകളും വ്യാപകമായി നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം. തീരത്തുടനീളം ഗ്രീൻ ബെൽറ്റ് നിർമിക്കണം.

∙ കടലാക്രമണം പ്രതിരോധിക്കുന്നതിനെക്കുറിച്ചു ശാസ്ത്രീയമായ പഠനം വേണം. വിദഗ്ധാഭിപ്രായത്തിനു പുറമേ കടലിനെ അടുത്തറിയാവുന്ന സാധാരണക്കാരുടെ നിർദേശങ്ങളും സ്വീകരിക്കണം.

∙ ഓഖി പോലുള്ള ദുരന്തങ്ങൾ നേരിടുന്നതിനു കോസ്റ്റ് ഗാർഡ്, നേവി, തീരദേശ പൊലീസ്, മത്സ്യബന്ധന വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവ മുന്നൊരുക്ക സംവിധാനം രൂപീകരിക്കണം

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama