go

ദേശീയപാതയിലെ അപകട മരണം അപകടസ്ഥലത്ത് 60 വർഷം മുൻപത്തെ അതേ വീതി

Kollam News
പുനലൂരിൽ കഴിഞ്ഞ ദിവസം അപകടം നടന്ന ദേശീയപാതയിലെ വീതി കുറഞ്ഞ ഭാഗം
SHARE

പുനലൂർ∙ നഗരമധ്യത്തിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിക്കാനിടയായത് റോഡിന്റെ വീതി കുറവാണെന്ന് ആക്ഷേപം. ആശുപത്രി ജംക് ഷനും പോസ്റ്റോഫിസ് ജംക് ഷനും മധ്യേയുള്ള ഭാഗത്താണ് അപകടം നടന്നത്. പുണെയിൽ ലിഫ്റ്റ് എഞ്ചിനീയറായിരുന്ന

മാത്ര ചരുവിള പുത്തൻവീട്ടിൽ ബിജോയി മോനാണ് (മോൻകുട്ടൻ–32) മരണമടഞ്ഞത്. ഇവിടെറോഡിന് അൽപംകൂടി വീതി ഉണ്ടായിരുന്നെങ്കിൽ തമിഴ്നാട്ടിൽനിന്ന് വാഴക്കന്നുമായി എത്തിയ ലോറിക്ക് കൂടുതൽ വശത്തേക്ക് വാഹനം ഒഴിക്കുന്നതിനും ബൈക്ക് യാത്രികരെ രക്ഷിക്കുന്നതിനും സാധിക്കുമായിരുന്നു.

അപകടം നടന്ന ഭാഗത്ത് ദേശീയപാതയ്ക്ക് 15 അടി  വീതി കുറവ്

പട്ടണത്തിൽ ദേശീയപാതയ്ക്കുള്ള വീതിയുടെ 15 അടിയോളം ഈഭാഗത്ത് കുറവാണ്. സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ ഇലക്ട്രിക് പോസ്റ്റുകളുടെ പേര് പറഞ്ഞു ഇവിടെ ദേശീയപാത വികസനം നടത്തുന്നില്ല. റോഡിന് 60 വർഷം മുൻപുണ്ടായിരുന്ന വീതി മാത്രം നിലനിർത്തുകയായിരുന്നു അധികൃതർ ചെയ്തത്. 

അപകടം നടന്ന സ്ഥലത്ത് റോഡിനിരുവശവും രണ്ട് ഇലക്ട്രിക് പോസ്റ്റുകളുണ്ട്. പട്ടണത്തിലെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരിക്കും അശാസ്ത്രീയമായാണ് ഈ പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത്. റോഡിന്റെ തെക്കു ഭാഗത്ത് 7 അടിയോളം റോഡിലേക്ക് ഇറക്കിയാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.

8 മാസം മുൻപ് ശാസ്ത്രീയമായി നടപ്പാതയും ഓടയും നിർമിക്കുന്നതിന് ദേശീയപാതയുടെ അതിർത്തി നിശ്ചയിച്ചപ്പോൾ ഈ ഭാഗത്ത് റോഡിന് വീതി വർധിപ്പിക്കാഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. കാരണം ഇവിടെ നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

∙ വീതി കുറവ് കാരണം  നടപ്പാത നിർമിച്ചിട്ടില്ല

നടപ്പാതയോ ഓടയോ നിർമിച്ചിട്ടില്ല. ഇവിടെ ദേശീയപാതയുടെ നിലവാരത്തിൽ വീതി വർധിപ്പിച്ച് അതിർത്തി നിശ്ചയിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

 അപകടം നടന്ന ഭാഗത്തിനു 50 മീറ്റർ കിഴക്കും പടിഞ്ഞാറും റോഡിന് ഇരട്ടിയോളം വീതിയാണുള്ളത്. ചെമ്മന്തൂർ മുതൽ  ടിബി ജംക് ഷനു മധ്യേ ഈ ഭാഗം മാത്രമാണ് കുപ്പിക്കഴുത്ത് പോലെ വീതി കുറവായി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വീതി കുറവ് മിക്കപ്പോഴും നഗരത്തിൽ ഗതാഗത സ്തംഭനത്തിനും വഴിവച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രണ്ടുവർഷം മുൻപ് കച്ചേരി റോഡ് വൺവേയാക്കി നടത്തിയ പരിശ്രമവും ദേശീയപാതയിൽ ഈ ഭാഗത്തെ വീതി കുറവുമൂലം പരാജയപ്പെടുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് വശം കൊടുത്താൽ ഇതുവഴി കാൽനടയാത്രപോലും സാധ്യമല്ല. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ജില്ല കലക്ടർക്കും മന്ത്രിക്കും ലഭിച്ചിരുന്നതാണ്.

എന്നാൽ രാഷ്ട്രീയ ഇടപെടൽ മൂലം ഇവയൊക്കെ മരവിപ്പിക്കുകയായിരുന്നു. ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമായ പുനലൂരിൽ 2 ഇലക്ട്രിക് പോസ്റ്റിന്റെ പേര് പറഞ്ഞു നഗരമധ്യത്തിൽ ഗുരുതരമായ ഗതാഗത പ്രശ്നം സൃഷ്ടിക്കുന്നസ്ഥിതി എത്തുകയും ഇന്നലെ ഇവിടെ അപകടമരണം കൂടി നടന്നതോടെ ദേശീയപാത അധികൃതർക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama