go

സർക്കാർ തടിഡിപ്പോയുടെ സ്ഥലം സംരക്ഷിത വനമാക്കാൻ നീക്കം

 Kollam News
റിസർവ് വനമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന പത്തനാപുരം സർക്കാർ ഡിപ്പോ.
SHARE

പത്തനാപുരം ∙ സർക്കാർ തടി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം റിസർവ് വനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിൽ. 13 ഏക്കറോളം സ്ഥലം ഡിപ്പോയും വനംഓഫിസുകളുമായാണു പ്രവർത്തനം. സ്വകാര്യ വ്യക്തി ഡിപ്പോയ്ക്കായി വിട്ടുനൽകിയ ഭൂമി റവന്യൂ വകുപ്പിലേക്കു തിരികെ നൽകണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണു തിരക്കിട്ടു റിസർവ് വനമായി പ്രഖ്യാപിക്കുന്നതിനു നടപടികൾ പുരോഗമിക്കുന്നത്. സംസ്ഥാന മന്ത്രിസഭ പാസാക്കി കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി തേടി പ്രഖ്യാപനം നടത്താനാണു നീക്കം.

വികസന പ്രവർത്തനങ്ങൾക്കു സ്ഥലമില്ലെന്നു മുറവിള ഉയരുന്നതിനിടയിലാണ് ഈ നീക്കം. താലൂക്ക് ആസ്ഥാനമായതോടെ ഒട്ടേറെ സർക്കാർ ഓഫിസുകളാണു പത്തനാപുരത്തേക്ക് അനുവദിക്കുന്നത്.  താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്കും അല്ലാതെയുമായി ചിതറിക്കിടക്കുന്ന തരത്തിലാണ് ഇപ്പോൾ പ്രവർത്തനം. ആവശ്യങ്ങളുമായെത്തുന്നവർ വിദൂരസ്ഥലങ്ങളിലുള്ള  ഓഫിസുകൾ തേടി അലച്ചിലിലാണ്.

സർക്കാർ തടി ഡിപ്പോ കടയ്ക്കാമണ്ണിലേക്കു മാറ്റി ഈ ഭൂമി ഏറ്റെടുത്തു സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഒപ്പം കെഎസ്ആർടിസി വികസനത്തിനായി നിർദേശിച്ചിട്ടുള്ള ഒരേക്കർ ഭൂമിയും ഡിപ്പോയുടെ ഭാഗമാണ്.

ഔഷധി സബ് ഡിപ്പോയ്ക്കായി നൽകിയ ഭൂമിയും ഡിപ്പോയ്ക്ക്  വേണ്ട സ്ഥലവും ഒഴിച്ച് ബാക്കിയുള്ള സ്ഥലത്തു ടൂറിസം വികസനത്തിന്റെ ഭാഗമായി പാർക്കും നടപ്പാതയും നിർമിക്കുന്നതിനും പദ്ധതിയിട്ടിരുന്നു. താലൂക്ക് ആശുപത്രി വികസനത്തിനായും ഈ സ്ഥലം ഏറ്റെടുക്കാം.  ഇവയെല്ലാം സ്വപ്നങ്ങളാക്കിയാണു വനംവകുപ്പിന്റെ നീക്കം.

ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം  ഉയരുന്നത് 1990കളിൽ

കെ. പ്രകാശ് ബാബു എംഎൽഎ ആയിരിക്കെ ഭൂമി ഏറ്റെടുക്കുന്നതിനു നടപടികൾ ആരംഭിച്ചു. ഡിപ്പോയ്ക്കു ലഭിക്കുന്നതിനു മുൻപു റവന്യൂ ഭൂമിയായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണിത്. സാങ്കേതിക തടസങ്ങളും ഡിപ്പോയിലെ ലോഡിങ് തൊഴിലാളികളുടെ ജോലി നഷ്ടമാകുമെന്ന രാഷ്ട്രീയ ഇടപെടലുകളും മൂലം നീണ്ടു പോയി.

പിന്നീട് കെഎസ്ആർടിസിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനു ശ്രമം നടന്നു. അതും ഫലം കണ്ടില്ല. ഇതിനിടെ ഡിപ്പോയിൽ താൽക്കാലിക വ്യവസ്ഥയിൽ ഔഷധി സബ് സെന്ററിനു ഭൂമി കൈമാറിയതോടെ   ഏറ്റെടുക്കലിനു വീണ്ടും ചിറക് മുളച്ചു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ നീക്കം.

പോംവഴി  രാഷ്ട്രീയ  ഇടപെടൽ 

റിസർവ് വനമായി പ്രഖ്യാപിക്കും മുൻപ് രാഷ്ട്രീയ ഇടപെടൽ നടത്തിയാൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. പ്രഖ്യാപനം നടന്നാൽ പിന്നീട് സംരക്ഷിതവനം പ്രവർത്തനങ്ങൾക്കല്ലാതെ ഭൂമി വിട്ടുകിട്ടില്ല.  ആവിഷ്കരിച്ച പദ്ധതികൾ വെറുതെയാകും.  

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama