go

കെഐപി കനാലിൽ വെള്ളം എത്താൻ വൈകും

 Kollam News
കെഐപി കനാലിൽ ട്രാഷ് റാക്ക് സ്ഥാപിക്കേണ്ട കലഞ്ഞൂർ പ്രഷർ അക്വഡക്ട്.നിർമാണം പൂർത്തിയാക്കിയ ട്രാഷ് റാക്കും കാണാം.
SHARE

പത്തനാപുരം∙ കെഐപി കനാലിൽ വെള്ളം തുറന്നു വിടുന്നത് വൈകും.കനാൽ ശുചീകരണത്തിന് പുറമെ വലതുകര കനാലിലെ കലഞ്ഞൂർ പ്രഷർ അക്വഡക്ടിന് മുന്നിലുള്ള ട്രാഷ് റാക്ക് സ്ഥാപിക്കുന്നതും വൈകുന്നതാണ് കാരണം.കെഐപി വലതുകര കനാലിൽ ആകെയുള്ള രണ്ട് പ്രഷർ അക്വഡക്ടക്റ്റുകളിൽ ഒന്നാണ് ഇത്.

ട്രാഷ് റാക്ക് സ്ഥാപിച്ചില്ലെങ്കിൽ പ്രഷർ അക്വഡക്റ്റും ക്രോസ് ഷട്ടറും തകരുന്നതിനൊപ്പം മനുഷ്യൻ, മൃഗങ്ങൾ ഉൾപ്പെടെ കനാലിലൂടെ ഒഴുകിയെത്തുന്ന ഒന്നും കണ്ടെത്താനോ, രക്ഷപെടുത്താനോ കഴിയില്ല. വലിയ മരക്കഷണങ്ങൾ ഉൾപ്പെടെ മാലിന്യം അടിഞ്ഞു കൂടി ജലമൊഴുക്കു തടസപ്പെടുകയും ചെയ്യും.

മൂന്നു വർഷം മുൻപ് ട്രാഷ് റാക്കിന്റെ പഴക്കം മൂലം റാക്ക് തകരുകയും കനാലിൽ നിന്നു പുറത്തേക്ക് ജലമൊഴുകി ഒട്ടേറെ നാശം നേരിടുകയും ചെയ്തു.ശേഷം താൽക്കാലിക റാക്ക് നിർമിച്ചാണ് രണ്ടു വർഷമായി ജലം തുറന്നു വിട്ടിരുന്നത്.

പുതിയത് നിർമിക്കുന്നതിനായി രണ്ട് വർഷം മുൻപേ ടെൻഡർ നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നീണ്ടു പോകുകയാണ്.ട്രാഷ് റാക്ക് നിർമിച്ചിട്ട് മാസങ്ങളായി. ഇവ കനാലിൽ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്.റാക്കിനാവശ്യമായ ഫ്രെയിം സ്ഥാപിച്ച് സ്ഥാപിക്കുന്നതിന് കൂടിയാൽ രണ്ടാഴ്ച സമയം വേണ്ടിവരും.

ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ച ശേഷമേ സ്ഥാപിക്കാവൂ എന്ന നിർദേശമുള്ളതിനാൽ കരാറുകാരന് നിർമാണം ആരംഭിക്കാനാകുന്നില്ല. ഇനിയും വൈകിയാൽ പണി ഉപേക്ഷിക്കുമെന്ന് കരാറുകാരൻ ഉദ്യോഗസ്ഥരെ അറിയിച്ചു.

എല്ലാവർഷവും ജനുവരി 15ന് മുൻപ് കനാൽ തുറന്നു വിടും.ട്രാഷ് റാക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിച്ചാൽ പോലും 15നുള്ളിൽ ജലം തുറന്നുവിടാനാകില്ല.കനാൽ ജലത്തെ പ്രതീക്ഷിച്ച് വിളയിറക്കിയ കർഷകർ ഇതോടെ ആശങ്കയിലാണ്.മെയിൻ കനാലുകളിൽ പോലും ശുചീകരണം പൂർത്തിയായിട്ടില്ല.സബ് കനാലുകൾ കാടു മൂടി കിടക്കുകയാണ്. ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama