go

നിർണായകം, കല്ലുംതാഴം– ആൽത്തറമൂട് ഭാഗം

 Kollam News
കൊല്ലം ബൈപാസ് റോഡിലെ പൊടി യന്ത്രസഹായത്താൽ നീക്കം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

കൊല്ലം ∙ ബൈപാസ് റോഡ് നിർമാണത്തിലെ പ്രധാന വെല്ലുവിളി മൂന്നും നാലും ഘട്ടങ്ങൾ ഉൾപ്പെട്ട കല്ലുംതാഴം– കാവനാട് ആൽത്തറമൂട് ഭാഗമായിരുന്നു.  അഷ്ടമുടിക്കായലിനും കൈത്തോടിനും കുറുകെയുള്ള 3 പാലങ്ങളുടെ നിർമാണം ആയിരുന്നു അത്. ഇവയിൽ 2 എണ്ണം ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളുടെ പട്ടികയിലും. 

തിരഞ്ഞെടുപ്പുകളിലെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായി ബൈപാസ് മാറി. 1999 മുതൽ 10 വർഷം പാർലമെന്റ് അംഗമായ പി. രാജേന്ദ്രൻ ലോക്സഭയിൽ പലതവണ വിഷയം ഉന്നയിച്ചു. ബിഒടി അടിസ്ഥാനത്തിൽ റോഡ് നിർമിക്കാമെന്നു വാജ്പേയി സർക്കാർ നിലപാട് എടുത്തപ്പോൾ അതു സംബന്ധിച്ചു സാധ്യതാപഠനം നടത്തണമെന്നു രാജേന്ദ്രൻ ആവശ്യപ്പെട്ടു. ബിഒടി പ്രായോഗികമല്ലെന്നാണു സാധ്യതാപഠനത്തിൽ കണ്ടെത്തിയത്.  

തുടർന്നു പാർലമെന്റ് അംഗമായ എൻ. പീതാംബരക്കുറുപ്പ് നിരന്തര പരിശ്രമമാണു നടത്തിയത്. ഡൽഹിയിൽ നിന്നു ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ പലതവണ കൊല്ലത്തു കൊണ്ടുവന്നു. കേന്ദ്രസർക്കാരിനു മാത്രമായി റോഡ് ചെയ്യാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കി.

സംസ്ഥാനത്തെ പ്രധാന വികസന പ്രവർത്തനങ്ങളിൽ ഒന്നായി പരിഗണിച്ച് 50:50 അനുപാതത്തിൽ ചെലവു വഹിക്കാമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നൽകി. പീതാംബരക്കുറുപ്പിനു പിന്നാലെ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഊഴം. നിർമാണം പൂർത്തിയാകുന്നതുവരെ പ്രേമചന്ദ്രൻ ഓരോ ഘട്ടത്തിലും സജീവമായി ഇടപെട്ടു. മന്ത്രിമാരായ ജി. സുധാകരൻ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ ഇടപെടലുകളുമുണ്ടായി.  

മൂന്നാം ഘട്ടം ഇങ്ങനെ 

 2014 ഏപ്രിലിൽ: കല്ലുംതാഴം– കാവനാട് നിർമാണത്തിനു ടെൻഡർ നടപടികൾ ആരംഭിച്ചു.  

 2014 മേയ്: സംസ്ഥാന– കേന്ദ്ര സർക്കാരുകൾ ചെലവു തുല്യമായി പങ്കിടാൻ തീരുമാനിച്ചു. 

 ദേശീയപാത അതോറിറ്റി അടങ്കൽ തുകയിലെ വ്യത്യാസത്തിന് അനുസൃതമായി റീടെൻഡർ ചെയ്യാൻ തീരുമാനിച്ചു. 

 2015 ജനുവരി: തുല്യപങ്കാളിത്തത്തോടെ ബൈപാസ് നിർമാണത്തിനു കേന്ദ്ര സർക്കാരിന്റെ അനുമതി. 

 2015 ഫെബ്രുവരി 11: മുഖ്യമന്ത്രി ഉമ്മൻചാണ്ടി കരാർ ഒപ്പുവച്ചു. 30 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. 

 2015 മാർച്ച് 4: റോഡ് നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കു തുടക്കം. കുടിവെള്ള പൈപ്പ്‌ലൈൻ, വൈദ്യുതി പോസ്റ്റ്, ടെലിഫോൺ കേബിൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കൽ. 

 2015 ഏപ്രിൽ 10: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചേർന്നു മൂന്നാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്തു. 

 2017 നവംബർ 26: 30 മാസ കരാർ കാലാവധി അവസാനിച്ചു. പിന്നീട് 2 തവണ കാലാവധി നീട്ടി. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama