go

തോട്ടണ്ടി അഴിമതി: വിജിലൻസ് മുക്കിയ രേഖ പുറത്ത്

 Kollam News
കശുവണ്ടി വികസന കോർപറേഷൻ ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം മഞ്ഞപ്പരിപ്പ് കരിഞ്ഞ ഇനത്തിൽ ചേർത്തു കണക്കെഴുതിയെന്നു തെളിയിക്കുന്ന ഫാക്ടറിയിലെ രേഖ.
SHARE

കൊല്ലം ∙ കശുവണ്ടി വികസന കോർപറേഷന്റെ തോട്ടണ്ടി ഇടപാടിൽ അഴിമതി നടന്നതായി തെളിവില്ലെന്നു ‘കണ്ടെത്തി’ കേസ് എഴുതിത്തള്ളാൻ വിജിലൻസ് ഒരുങ്ങുമ്പോൾ, ഇടപാടിൽ അഴിമതിയും കോർപറേഷനു വൻനഷ്ടവും സംഭവിച്ചെന്നു വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ പുറത്തായി. ഈ തെളിവുകൾ മൂടിവച്ചാണു വിജിലൻസ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്നു വ്യക്തം. 

2015ലെ ഓണക്കാലത്ത്, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സിൽ നിന്നു വാങ്ങിയ തോട്ടണ്ടി ഗുണനിലവാരം കുറഞ്ഞതല്ലെന്ന് അന്തിമറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വിജിലൻസ്, തോട്ടണ്ടി സംസ്കരിച്ചപ്പോൾ ലഭിച്ച പരിപ്പ് ഗുണനിലവാരം തീരെ കുറഞ്ഞതാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ കണ്ടില്ലെന്നു നടിച്ചു. 

തോട്ടണ്ടിയുടെ ഗുണനിലവാരം കുറവായതു മൂലം സംസ്കരിച്ചപ്പോൾ പരിപ്പിനു മഞ്ഞനിറം കൂടുതലായി കണ്ടതു മറച്ചുവയ്ക്കാൻ ഇത്തരം പരിപ്പ് വറുത്തപ്പോൾ കരിഞ്ഞുപോയതിന്റെ കൂട്ടത്തിൽ ചേർക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നതിന്റെ തെളിവാണു വിജിലൻസ് കണ്ടില്ലെന്നു നടിച്ചത്.

കോർപറേഷൻ ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം മഞ്ഞപ്പരിപ്പ് എസ്ഡബ്ല്യൂ (കരിഞ്ഞ പരിപ്പ്) വിഭാഗത്തിൽ ചേർത്തു കണക്കെഴുതിയെന്നു കോർപറേഷന്റെ കടയ്ക്കൽ ഫാക്ടറിയിലെ മാനേജർ റജിസ്റ്ററിൽ രേഖപ്പെടുത്തിയതു ത്വരിത പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. അന്തിമറിപ്പോർട്ടിൽ ഇതേക്കുറിച്ചു പരാമർശമേയില്ല. 

കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ വിജിലൻസ് ചോദ്യം ചെയ്തപ്പോൾ, 2015 ഓഗസ്റ്റ് 15ന് അവധിയായിരുന്നിട്ടും തൂത്തുക്കുടി തുറമുഖത്തെ തൊഴിലാളികളെക്കൊണ്ടു വളരെ പ്രയാസപ്പെട്ടാണു ലോഡിങ് നടത്തി തോട്ടണ്ടി എത്തിച്ചതെന്നു മൊഴി നൽകിയിരുന്നു. 

എന്നാൽ ഇതേദിവസം പുത്തൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നു ജെഎംജെ ട്രേഡേഴ്സ് തോട്ടണ്ടി വാങ്ങിയിരുന്നുവെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഈ തെളിവും വിജിലൻസിന്റെ അന്തിമറിപ്പോർട്ടിൽ തഴയപ്പെട്ടു.  കേസ് എഴുതിത്തള്ളാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് 24നു തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama