go

പുനലൂർ കെഎസ്ആർടിസി ഡിപ്പോ : പണി തുടങ്ങിയിട്ട് വർഷം 11; ജനത്തിന് എട്ടിന്റെ പണി

kollam-punaloor-ksrtc-depo
പഴയ ഡിപ്പോ മന്ദിരം പൊളിച്ചു നീക്കിയ പുനലൂർ കെഎസ്‍ആർടിസി ഡിപ്പോ
SHARE

പുനലൂർ∙ കെഎസ്ആർടിസി ഡിപ്പോയിലെ പഴയ മന്ദിരം പൊളിച്ചുനീക്കി ഒരു മാസം പിന്നിട്ടിട്ടും ഇവിടെ ശേഷിക്കുന്ന ടൈൽ പാകൽ അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങിയില്ല. ഇതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 11 വർഷം തികയുമ്പോഴും ഡിപ്പോ പഴയപടിയെന്ന ആക്ഷേപവും ഉയരുന്നു.

∙പൊലിഞ്ഞത് 5 ജീവനുകൾ

കഴിഞ്ഞമാസം കോട്ടവട്ടം സ്വദേശിയായ വയോധിക ഡിപ്പോയിൽ ബസ് കയറി മരിച്ചിരുന്നു. പത്തു വർഷത്തിനിടെ 5 ജീവനുകളാണ് ഇത്തരത്തിൽ പൊലിഞ്ഞത്. നവീകരണം പൂർത്തിയാകാത്ത ഡിപ്പോയിൽ അശാസ്ത്രീയമായ വാഹന ക്രമീകരണമാണ് ഇപ്പോൾ ഉള്ളത്. ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. 8 മാസം മുമ്പ് ആരംഭിച്ച ടൈൽ പാകൽ രണ്ടുമാസം മുമ്പാണ് പൂർത്തിയായത്. ശേഷിക്കുന്ന ഭാഗത്ത് ടൈൽ‌ പാകുന്നതിനു വേണ്ടിയാണ് ഏറെ വിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും ഒടുവിൽ ആറ് പതിറ്റാണ്ട് പഴക്കമുള്ള പഴയ മന്ദിരം പൊളിച്ചുനീക്കിയത്. 

എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഡിപ്പോ ഗ്രൗണ്ട് പൂർണമായി ഇന്റർലോക്ക് ടൈൽ പാകിയാൽ മാത്രമേ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി ബസ് സർവീസുകൾ നടത്താൻ സാധിക്കൂ. സംസ്ഥാനാന്തര പാതയിലെ സർവീസുകൾ അടക്കം നൂറുകണക്കിന് ബസുകളാണ് പുനലൂർ വഴി കടന്നുപോകുന്നത്.

∙ഗാരിജ് ഷെഡ് പുനർനിർമിക്കണം

ഇവിടെ ആറ് പതിറ്റാണ്ട് പഴക്കമുള്ള നിലം പൊത്താറായ ഗാരിജ് ഷെഡ് ആണ് ഉള്ളത്. ഷെഡ് പുതുക്കിപ്പണിയുന്നതിന് എസ്റ്റിമേറ്റ് എടുത്തു നൽകുവാൻ മൂന്നുമാസം മുമ്പ് സ്ഥലം സന്ദർശിച്ച സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജു ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.

കൂടുതൽ ബസുകളും സൗകര്യങ്ങളും ഉണ്ടാകുമ്പോൾ ഗാരിജിന് കൂടുതൽ സ്ഥലവും അടിസ്ഥാന ഭൗതിക സാഹചര്യങ്ങളും ആവശ്യമാണ് ഇല്ലെങ്കിൽ എപ്പോഴും നാലിലൊന്ന് ബസുകൾ കട്ടപ്പുറത്ത് ആയിരിക്കും.വയോധികരായ യാത്രക്കാർ ജീവൻപണയം വച്ചാണ് ഇപ്പോൾ ഡിപ്പോയ്ക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. വിലങ്ങും ബസുകൾ വന്ന് കയറുകയാണ്. നിരവധി പ്രതിസന്ധികൾ ഡിപ്പോയുമായി ബന്ധപ്പെട്ട നിലനിൽക്കുന്നുണ്ട്. 11 വർഷമായിട്ടും ഡിപ്പോ നവീകരണം പൂർത്തിയാകാത്തത് ബന്ധപ്പെട്ടവരുടെ പിടിപ്പുകേടുമൂലമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

∙ ഗതാഗതക്കുരുക്കിനും കാരണം

പുനലൂർ–അഞ്ചൽ പാതയിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നത് ഡിപ്പോയ്ക്കു മുന്നിലെ അശാസാത്രീയമായ ബസിന്റെ കയറ്റിയിറക്കമാണ്. ഇവിടെ ഉണ്ടാകുന്ന ചെറിയ ഗതാഗതക്കുരുക്ക് പോലും നിമിഷങ്ങൾകൊണ്ട് ദേശീയപാതയിലേക്ക് മുഴുവൻ വ്യാപിക്കും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama