go

അവകാശത്തെക്കുറിച്ച് ധാരണയില്ലാത്ത സ്ത്രീകളുടെ എണ്ണമേറി: വനിതാ കമ്മിഷൻ

SHARE

കൊല്ലം ∙ 10 വർഷം മുൻപു ഭർത്താവ് മരിച്ച സ്ത്രീ വനിതാ കമ്മിഷനു മുൻപിലെത്തിയതു തനിക്കു മുൻപിൽ കമ്മിഷൻ മുഖം തിരിക്കില്ലെന്ന പ്രതീക്ഷയോടെയാണ്. ഭർത്താവിന്റെ പേരിലുള്ള 21 സെന്റ് ഭൂമി വിട്ടു നൽകാതെ ഭർതൃസഹോദരൻ കൈവശപ്പെടുത്തിയിരിക്കുന്നെന്നാണു പരാതി. ഭർത്താവിന്റെ പേരിലുള്ള വസ്തുവിൽ ഭാര്യയും മകളും കയറാതിരിക്കാനുള്ള നിരോധന ഉത്തരവും ഭർത്താവിന്റെ സഹോദരൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൈക്കലാക്കി. എന്നാൽ ഭർത്താവിന്റെ പേരിലുള്ള വസ്തു തന്റെ അവകാശമാണെന്ന അറിവ് ആ സ്ത്രീക്ക് ഉണ്ടായിരുന്നില്ല. പരാതിയുമായി വനിതാ കമ്മിഷനെ സമീപിക്കാൻ അവർക്കു വേണ്ടിവന്നത് ഒരു പതിറ്റാണ്ട്. 

കാലം മാറിയെങ്കിലും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ധാരണയില്ലാത്ത സ്ത്രീകളുടെ എണ്ണവും വർധിക്കുന്നുണ്ടെന്നു വനിതാ കമ്മിഷൻ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾ ആരുടെയും ആനുകൂല്യമല്ലെന്നും അവരെ ബോധവൽക്കരിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ഉണ്ടാകണമെന്നും വനിതാ കമ്മിഷൻ അംഗം എം.എസ്.താര പറഞ്ഞു. ജില്ലാ വനിതാ കമ്മിഷൻ അദാലത്തിലെത്തിയ പരാതികൾ പരിഹരിച്ചു സംസാരിക്കുകയായിരുന്നു.

ഇന്നലെ നടന്ന അദാലത്തിലെത്തിയത് 102 പരാതികൾ. അതിൽ 8 പരാതികൾ തീർപ്പാക്കി. 9 എണ്ണം റിപ്പോർട്ടിന് അയച്ചു. കക്ഷികൾ ഹാജരാകാത്ത 39 പരാതികൾ ഉൾപ്പെടെ 85 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി. സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതായും കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതായും കമ്മിഷൻ വിലയിരുത്തി. 

വളരെ അപൂർവമായി പുരുഷൻ നൽകിയ പരാതിയും ഇത്തവണ കമ്മിഷനു മുൻപിലെത്തി. ഭാര്യയും മക്കളും തന്നെ വീട്ടിൽനിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നുവെന്ന പരാതി എതിർകക്ഷികൾ നിരപരാധികളെന്നു കണ്ടെത്തിയതിനാലും പരാതി നൽകിയതു പുരുഷനായതിനാലും കമ്മിഷൻ അസാധുവാക്കി. എന്നാൽ സ്ത്രീകൾക്കു നീതി ലഭിക്കുന്ന പരാതികൾ പുരുഷൻമാർ നൽകിയാൽ അതു പരിഗണിക്കുമെന്നു കമ്മിഷൻ പറഞ്ഞു. വനിതാ കമ്മിഷൻ അംഗങ്ങളായ എം.എസ്. താര, ഷാഹിദ കമാൽ, ഇ.എം. രാധ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതികൾ പരിഹരിച്ചത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama