go

പുനലൂരിന്റെ ദാഹമകലും

Kollam News
ജപ്പാൻകുടിവെള്ള പദ്ധതിയുടെ പുനലൂരിലെ ശുദ്ധീകരണ ശാല
SHARE

പുനലൂർ ∙ വർഷങ്ങളായി കടുത്ത ജലക്ഷാമം നേരിടുന്ന പുനലൂർ നഗരസഭാ മേഖലയിൽ  ജലസമൃദ്ധിയേകി  നാളെമുതൽ ജപ്പാൻ പദ്ധതിയിൽനിന്നു പ്രതിദിനം 5 എംഎൽഡി ശുദ്ധജലം  എത്തും. നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി സർക്കാരിനു നൽകിയാണു ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്നു പുനലൂരിനു വെള്ളം ലഭ്യമാക്കുന്നതിനുള്ള അനുമതി നേടിയെടുത്തത്. 

ഇതിനായി നഗരസഭ കഴിഞ്ഞ 3 വർഷമായി 4 കോടി രൂപ ജലഅതോറിറ്റിയിൽ അടച്ച് പനങ്കുറ്റിമലയിലെ ജലശുദ്ധീകരണ ശാലയിൽനിന്നു പുനലൂർ ഹൈസ്കൂൾ വാർഡിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസംഭരണി വരെ  ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചു.

പുനലൂരിലേക്കു ജപ്പാൻ പദ്ധതിയിൽ നിന്നുള്ള ജലവിതരണത്തിന്റെ ഉദ്ഘാടനം  നാളെ ചെമ്മന്തൂർ സാംസ്കാരിക നിലയത്തിൽ  മന്ത്രി  കെ.കൃഷ്ണൻകുട്ടി  നിർവഹിക്കുമെന്നു മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു. മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും.

136 കോടിയുടെ പുതിയ പദ്ധതി

പുനലൂർ മുനിസിപ്പൽ കൗൺസിൽ പുതിയ കുടിവെള്ള പദ്ധതി തയാറാക്കാൻ കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷനായ വാസ്കോണിനെയാണു ചുമതലപ്പെടുത്തിയത്. 2044 വരെയുള്ള ആവശ്യകത കണക്കാക്കി പ്രതിദിനം 17 ദശലക്ഷം യൂണിറ്റ് ശുദ്ധ ജലവിതരണ ശേഷിയുള്ള 136 കോടി രൂപയുടെ പുതിയ പദ്ധതി വാസ്കോൺ  തയാറാക്കി. അതു വാട്ടർ അതോറിറ്റി അംഗീകരിച്ച് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതി യാഥാർഥ്യമാകാൻ 5 മുതൽ 10 വർഷം വരെ വേണ്ടി വരും.

നിലവിൽ ലഭിച്ചിരുന്നത് 3.5 ദശലക്ഷം ലീറ്റർ വെള്ളം

35 വർഷം പഴക്കമുള്ള പുനലൂർ കുടിവെള്ള പദ്ധതിയിൽ നിന്നു വേണ്ടത്ര ജലം ഇപ്പോൾ വിതരണം ചെയ്യാൻ കഴിയുന്നില്ല. നെല്ലിപ്പള്ളിയിൽ കല്ലടയാറ്റിലുള്ള കുടിവെള്ള പദ്ധതി ഇൻടേക്ക് വെൽ വേനൽക്കാലത്തു ജലനിരപ്പിനു മുകളിലെത്തുന്നതിനാൽ പമ്പിങ്  തടസപ്പെടാറുണ്ട്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനക്ഷമമല്ലാതാകുന്ന പദ്ധതിയിലൂടെ  3.5 ദശലക്ഷം വെള്ളമേ നിലവിൽ വിതരണം ചെയ്യാൻ കഴിയുന്നുള്ളൂ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama