go

ഹരിയാനയ്ക്കു ‘കൊല്ലത്തു തന്നെ കിട്ടി’

Kollam News
ദേശീയ ജൂനിയർ വനിത ഹോക്കി എ ഡിവിഷൻ ചാംപ്യൻഷിപ് ഫൈനലിൽ വിജയിച്ച ജാർഖണ്ഡ് ടീം കോച്ചിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു. ചിത്രം: വിഷ്ണു സനൽ
SHARE

കൊല്ലം ∙ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ല, കൊല്ലത്തു തന്നെ കിട്ടുമെന്നു പറഞ്ഞതു പോലെയായി ദേശീയ ജൂനിയർ വനിതാ ഹോക്കി എ ഡിവിഷൻ ഫൈനൽ. കഴിഞ്ഞ ദിവസം മിസോറമിന് എതിരായ സെമി ഫൈനലിൽ അംപയറിങ്ങിലെ പിഴവു മൂലം നേട്ടം കൊയ്ത ഹരിയാനയ്ക്ക് ഇന്നലെ കളിക്കളത്തിൽ അടവുകൾ തിരിച്ചടിച്ചു. അംപയറിങ്ങിന്റെ ആനൂകൂല്യം ലഭിച്ചില്ലെന്നു മാത്രമല്ല, അവസരങ്ങൾ പലതും വഴുതിപ്പോയി. ഒടുവിൽ കഴിഞ്ഞ വർഷം ഫൈനലിലെന്ന പോലെ ഇത്തവണയും ജാർഖണ്ഡിനോട് അടിയറവു പറഞ്ഞു റണ്ണേഴ്സ്അപ്പ് ആകാനായി വിധി. 

ഫൈനലിൽ ഹരിയാനയെ 2–1നു തകർത്താണു ജാർഖണ്ഡ് കിരീടം നിലനിർത്തിയത്. 31–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണറിലൂടെ ജാർഖണ്ഡിന്റെ ക്യാപ്റ്റൻ രേഷ്മ സോറങ് ആദ്യഗോൾ നേടി. 39–ാം മിനിറ്റിൽ പ്രിയ ദുങ്ദുങ് രണ്ടാം ഗോളിലൂടെ മത്സരം വരുതിയിലാക്കി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ പെനൽറ്റി കോണറുകളിലൂടെ ലഭിച്ച അവസരങ്ങൾ ഹരിയാന നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ ജാർഖണ്ഡിന്റെ ഷൂട്ടിങ് സർക്കിളിനു മുന്നിൽ ലഭിച്ച 2 തുറന്ന അവസരങ്ങൾ പന്തു പുറത്തേക്ക് അടിച്ച് ഹരിയാനയുടെ ദീപ്തി പാഴാക്കുകയും ചെയ്തു. പിന്നീടു 49–ാം മിനിറ്റിൽ ചേതനയിലൂടെയാണ് ഹരിയാന ആശ്വാസഗോൾ നേടിയത്. 

കഴിഞ്ഞ ദിവസം മിസോറമിനെതിരായ സെമി ഫൈനലിൽ 2 ഗോളുകൾ തുടരെത്തുടരെ നേടാൻ ഹരിയാനയ്ക്ക് അവസരം ലഭിച്ചത് അംപയറിങ് പിഴവാണെന്നു പരക്കെ ആക്ഷേപമുയർന്നിരുന്നു. ഇന്നലെ പരുക്കൻ കളി പുറത്തെടുത്ത ഹരിയാന താരം ഉഷയ്ക്കു പച്ച കാർഡ് കണ്ടു 2 മിനിറ്റ് പുറത്തിരിക്കേണ്ടി വന്നു. സെമി ഫൈനലിനു സാക്ഷികളായ കൊല്ലത്തെ കാണികൾ ഫൈനലിൽ ഹരിയാനയെ വിട്ടു ജാർഖണ്ഡിന്റെ നീക്കങ്ങൾക്ക് ആവേശപൂർവം കയ്യടിച്ചതും കൗതുകക്കാഴ്ചയായി. കഴിഞ്ഞ വർഷം ഫൈനലിൽ ജാർഖണ്ഡിനോടു നാലിനെതിരെ 2 ഗോളുകൾക്കാണു ഹരിയാന പരാജയമേറ്റുവാങ്ങിയത്. 

പുരസ്കാരങ്ങൾ നൽകി

കൊല്ലം ∙ ദേശീയ വനിതാ ഹോക്കി എ ഡിവിഷൻ ചാംപ്യൻമാർക്കുള്ള പുരസ്കാരങ്ങൾ സിനിമാ താരങ്ങളായ ഭാമയും ഗൗതമി നായരും ചേർന്നു സമ്മാനിച്ചു. പുരസ്കാരവിതരണ ചടങ്ങ് കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറി എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. മികച്ച ഗോൾ കീപ്പറായി ചണ്ഡീഗഡിന്റെ മീന കുമാരി, ഡിഫൻഡറായി ജാർഖണ്ഡിന്റെ രേഷ്മ സോറങ്, മികച്ച മിഡ്ഫീൽഡറായി മിസോറമിന്റെ മറീന ലാൽറാംഗിക്കി, മികച്ച ഫോർവേഡായി ഹരിയാനയുടെ അനു എന്നിവരെ തിരഞ്ഞെടുത്തു. കേരള ഹോക്കി അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.സോഖി,  ബി.പി.ഗോവിന്ദ, ആർ.അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama