ശാസ്താംകോട്ട ∙ താലൂക്ക് ആസ്ഥാനത്തു പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനായി കലക്ടർ എസ്. കാർത്തികേയന്റെ നേതൃത്വത്തിൽ ടൗണിൽ സ്ഥലപരിശോധന നടത്തി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കേന്ദ്രത്തിലേക്കു മാറ്റുന്നതിനാണു മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ടൗണിൽ ജലഅതോറിറ്റി ക്വാർട്ടേഴ്സുകൾ നിൽക്കുന്ന രണ്ടര ഏക്കർ സ്ഥലത്തെ ഒരേക്കർ ഇതിനായി ഉപയോഗിക്കും. ശേഷിക്കുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള ക്വാർട്ടേഴ്സ് സമുച്ചയം നിർമിച്ചു നൽകുമെന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
ക്വാർട്ടേഴ്സുകളിൽ പകുതിയും കാലഹരണപ്പെട്ടതാണ്. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ബജറ്റിൽ 7 കോടി രൂപ വകയിരുത്തിരുന്നു. പ്രാരംഭഘട്ട നിർമാണത്തിനായി 1.5 കോടി രൂപ അനുവദിച്ചു. 15 ന് അകം സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ റവന്യു വകുപ്പിനു നിർദേശം നൽകി. തുടർന്നു പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കും. പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, തഹസിൽദാർ അനിൽകുമാർ, സ്ഥിരംസമിതി ചെയർമാൻ ആർ.കൃഷ്ണകുമാർ, വാർഡംഗം എസ്. ദിലീപ്കുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.