go

പ്രായത്തെ വെല്ലുന്ന ചിരികൾ

Kollam News
കടപ്പാക്കടയിലെ ശ്രീനാരായണ സമിതിയുടെ കീഴിലുള്ള പകൽവീട്ടിലെ അംഗങ്ങൾ.
SHARE

പുതിയ സിനിമ തിയറ്ററുകളിൽ തകർത്തോടുന്നു...! എന്നാൽ നമുക്കൊരു സിനിമയ്ക്കു പോയാലോ... ഇക്കാര്യം പറഞ്ഞാൽ അവരൊക്കെ ഡബിൾ ഓക്കെ. നൂറിരട്ടി സമ്മതവും. ശ്രീനാരായണ സമിതി പകൽവീടിന്റെ കൺവീനർ ഷീല പ്രഫുലകുമാർ ഇക്കാര്യം പറയുമ്പോൾ അടുത്തു നിന്ന അമ്മമാരൊക്കെ ഒന്നു ചിരിച്ചു. തിയറ്ററിൽ പോയി സിനിമ കാണുന്നതിന്റെ സന്തോഷം 50 വയസ്സു മുതൽ 95 വയസ്സു വരെ പ്രായമായ അവരുടെ മുഖത്ത് അപ്പോഴുമുണ്ട്.

കടപ്പാക്കടയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സമിതിയുടെ കീഴിലുള്ള പകൽവീട്ടിലെ അമ്മമാരാണിവർ. പ്രായത്തെ വെല്ലുന്ന ചിരിയോടെയും സന്തോഷത്തോടെയുമൊക്കെ ജീവിതം ആസ്വദിക്കുകയാണിവർ. സന്തോഷവും പ്രസരിപ്പുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് ഈ വീട്ടിൽ. ഡോ. ഉമാ മോഹൻദാസ് 30 വർഷം മുൻപ് ആരംഭിച്ച വനിതാ സമിതിയിലിന്നുള്ളത് 170 അംഗങ്ങൾ. സ്ത്രീകൾക്കായി സമിതി നടത്തുന്നത് ഒട്ടേറെ പ്രവർത്തനങ്ങൾ.

വീടുണരും അവരെത്തുമ്പോൾ

1989ൽ പ്രവർത്തനമാരംഭിച്ച ശ്രീനാരായണ വനിതാ സമിതിക്കു കീഴിൽ പ്രായമായവർക്കുള്ള പകൽവീട് ആരംഭിക്കുന്നത് 10 വർഷം മുൻപാണ്. ജില്ലയിലെ ആദ്യത്തെ പകൽവീടായി ശ്രീനാരായണ വനിതാ സമിതിയുടെ പകൽവീട് മാറി. ആഴ്ചയിൽ 5 ദിവസമാണു പ്രവർത്തനം. നാൽപതിനടുത്ത് അമ്മമാരാണു ദിവസേന ഇവിടേക്ക് എത്തുന്നത്. 5 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരെ സമിതിയുടെ തന്നെ വാഹനത്തിലെത്തി ഇവിടേക്കു കൂട്ടിക്കൊണ്ടു വരികയാണു പതിവ്. ഇവിടെ എത്തിയാലോ, പിന്നെ കളിയായി, ചിരിയായി, വർത്തമാനമായി... അതോടെ പകൽവീടുണരും.

ശ്രീനാരായണ വനിതാ സമിതിയുടെ വാഹനത്തിൽ പകൽവീട്ടിലേക്ക് എത്തുന്നവരും സ്വന്തം വാഹനത്തിൽ എത്തുന്നവരുമുണ്ടെന്നു സമിതി അധികൃതർ പറയുന്നു. യോഗാ പരിശീലനത്തോടെയാണു പകൽവീട്ടിലെ ഒരു ദിവസമാരംഭിക്കുന്നത്. യോഗാ പരിശീലനം കഴിഞ്ഞാൽ പ്രായമേറിയ അമ്മമാർക്കായി കൊച്ചു കൊച്ചു കളികളും ഒക്കെയുണ്ട്. 

കേൾക്കാം, മിണ്ടാം

ശ്രീനാരായണ വനിതാ സമിതിയുടെ കീഴിൽ 2010ലാണു സ്നിഷ് ആരംഭിക്കുന്നത്. ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംപയേർഡ് സ്പീച്ച് ആൻഡ് ഹിയറിങ്. കേൾവി പ്രശ്നങ്ങളുള്ള കുട്ടികളെ ആശയവിനിമയത്തിനു സഹായിക്കുന്ന പ്രവർത്തനങ്ങളാണു സ്നിഷ് നടത്തുന്നത്. ഒന്നു മുതൽ 7 വയസ്സു വരെയുള്ള 27 പേരാണ് ഇപ്പോൾ സ്നിഷിൽ പരിശീലനം നേടുന്നത്. ഇവിടെ പരിശീലനം നേടിയ 4 കുട്ടികളിന്നു സാധാരണ സ്കൂളിലാണു പഠിക്കുന്നത്. ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികളും ഇവിടെയിപ്പോൾ എത്തുന്നുണ്ട്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണു ശ്രീനാരായണ വനിതാ സമിതിയുടെ കീഴിൽ വുമൺ എംപവർമെന്റ് പ്രവർത്തിക്കുന്നത്. വ്യായാമം, കലാ പ്രവർത്തനങ്ങൾ, കരകൗശല വസ്തുക്കളുടെ നിർമാണം, കുക്കറി ക്ലാസുകൾ, യോഗ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണു വുമൺ എംപവർമെന്റ് നടത്തുന്നത്. ഇവിടെയെത്തിയാൽ കാണാം 50 കഴിഞ്ഞ സ്ത്രീകളും താളത്തിനൊപ്പം ചുവടു വയ്ക്കുന്നത്.

രണ്ടു മാസത്തിലൊരിക്കൽ തിയറ്ററിൽ പോയൊരു സിനിമ, ഒരു ദിവസം കൊണ്ടു പോയി വരാവുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര, പിറന്നാൾ ദിനത്തിലെ ആഘോഷം, ഇടയ്ക്കൊരു ഔട്ടിങ് എന്നിങ്ങനെ അമ്മമാരുടെ മാനസികോല്ലാസത്തിനായി ഒട്ടേറെ പ്രവർത്തനങ്ങളാണു ശ്രീനാരായണ വനിതാ സമിതി നടത്തുന്നത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama