go

മയ്യനാട്ട് റെയിൽവേ മേൽപാലം; നിർമാണം വേഗത്തിലാക്കണം

SHARE

മയ്യനാട് ∙ ഗേറ്റടവ് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ മയ്യനാട്ട് അനുവദിച്ച റെയിൽവേ മേൽപാലത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. എംപിയുടെ ഇടപെടലിനെത്തുടർന്നാണ് മേൽപാലം അനുവദിക്കുന്നതിന് ആദ്യഘട്ടത്തിലുണ്ടായ കുരുക്കുകൾ ഒഴിവായത്.ഇവിടെ റെയിൽവേ മേൽപാലം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ഥലം കണ്ടെത്താനാകില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യ തടസ്സവാദം. ഇതു മാറിയതോടെ, ഒരു ലക്ഷത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോകുന്നുള്ളൂവെന്ന കാരണം നിരത്തി വീണ്ടും തടസ്സമുന്നയിച്ചു.

എൻ.െക.പ്രേമചന്ദ്രൻ എംപി പാർലമെന്റിൽ പ്രശ്നം ഉന്നയിച്ചു. ഇതേത്തുടർന്ന് റെയിൽവേ വീണ്ടും സർവേ നടത്തി. 1,17,349 വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതായി കണ്ടെത്തി. തുടർന്ന്, റെയിൽവേ മേൽപാലങ്ങളുടെ പട്ടികയിൽ മയ്യനാടിനെയും ഉൾപ്പെടുത്തി. പാലം നിർമിക്കാൻ അനുവാദം കിട്ടിയെങ്കിലും ഫണ്ട് കണ്ടെത്തുന്നതിൽ പിന്നീടു തടസ്സം ഉണ്ടായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പണം ചെലവഴിക്കുമെന്നാണ് അറിയിച്ചത്.എന്നാൽ കേന്ദ്രസർക്കാരിന്റെ വിഹിതം റെയിൽവേക്ക് നൽകിയില്ലത്രെ. ഇതോടെ പാലം നിർമാണം വീണ്ടും തടസ്സപ്പെടുമെന്ന അവസ്ഥയായി. ഒടുവിൽ എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു. ഇതോടെയാണു പാലത്തിന്റെ മുഴുവൻ നിർമാണ ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി എം.നൗഷാദ് എംഎൽഎ അറിയിച്ചത്.

സംസ്ഥാന സർക്കാരിന്റെ 2017ലെ ബജറ്റിൽ മേൽപാലം നിർമിക്കാനായി 50 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ചു ചർച്ച വന്നപ്പോൾ തുക അപര്യാപ്തമാണെന്നു കണ്ടെത്തി. ഇതേത്തുടർന്ന് കിഫ്ബിയിൽ നിന്നു 29.95 കോടി രൂപയുടെ അംഗീകാരം ലഭിച്ചെന്നും എംഎൽഎ പറഞ്ഞു. പണം കണ്ടെത്തുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തടസ്സങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ കല്ലിടീൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള തടസ്സമെന്തെന്നു വ്യക്തമല്ല. പാലത്തിന്റെ രൂപ രേഖകളും തയാറായിക്കഴിഞ്ഞു. റോഡ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണ ചുമതല. തടസ്സങ്ങൾ ഒഴിവാക്കി പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama