go

യുവനിര ഇറങ്ങി, ഇനി...ട്രോൾ യുദ്ധം

Kollam News
SHARE

കൊല്ലം ∙ തിരഞ്ഞെടുപ്പ് യുദ്ധത്തിനു കാഹളം മുഴങ്ങി. സർജിക്കൽ സ്ട്രൈക്കും ആക്രമണവും പ്രത്യാക്രമണവുമായി ആദ്യഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കാൻ മുന്നണികളിലെ യുവനിര ഒരുങ്ങി. ഇനി ട്രോളുകൾ ഉൾപ്പെടെ ഒരുക്കി സമൂഹമാധ്യമ ഗോദയിൽ കളം പിടിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.

Kollam News

യുഡിഎഫ്

ഡിസിസി ഓഫിസിൽ ആണ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ കേന്ദ്രം. ക്യാംപെയ്‌ൻ, പബ്ലിസിറ്റി, മീഡിയ കമ്മിറ്റികൾ ഡിസിസിയുടെ ഐടി സെൽ, ആർഎസ്പിയുടെ ഐടി സെൽ എന്നിവ ചേർന്നാണു പ്രവർത്തനം. എൻ.കെ.പ്രേമചന്ദ്രനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമം ചെറുക്കുകയാണു പ്രധാന ദൗത്യം. ഒപ്പം വാർഡുതലം മുതലുള്ള പ്രവർത്തനങ്ങളുടെ ഏകീകരണവും. വിവരം നൽകാൻ എല്ലാ വാർഡിലും ഓരോരുത്തരെ നിയോഗിച്ചിട്ടുണ്ട്.

പ്രഫ.ഇ.മേരിദാസൻ, എം.സുജയ്, എസ്.സുധീശൻ തുടങ്ങിയവരാണു നേതൃത്വം നൽകുന്നത്. എല്ലാ നിയമസഭാമണ്ഡലത്തിൽനിന്നുമുള്ള അംഗങ്ങൾ, ഐടി വിദഗ്ധൻ എന്നിവരുമുണ്ട്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ അനുമതി വാങ്ങിയാണു സമൂഹമാധ്യമത്തിൽ പോസ്റ്റുകളിടുന്നത്.

Kollam News

എൽഡിഎഫ്

സമൂഹമാധ്യമ ഇടപെടലുകൾക്കു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാണ് സോഷ്യൽ മീഡിയ സെന്റർ. 

പരിചയസമ്പന്നരായ യുവാക്കളാണ് സെന്ററിന്റെ നട്ടെല്ല്. കെ.എൻ.ബാലഗോപാൽ എംപിയായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾക്കു പുറമേ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന പ്രചാരണമാണു നടക്കുന്നത്. സംസ്ഥാനതലത്തിലുള്ള സമൂഹമാധ്യമ സെന്ററിൽ നിന്നുള്ള പോസ്റ്റുകളും ഉപയോഗിക്കും.

ജില്ലാ തലത്തിനു പുറമേ ഏരിയാ തലത്തിലും സോഷ്യൽ മീഡിയ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും മീഡിയ സെന്റർ പ്രവർത്തിക്കുന്നു.

എൻഡിഎ

എല്ലാം തയാറായി, ഇനി വിളമ്പിയാൽ മതി എന്ന നിലയിലാണ് ബിജെപി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാലുടൻ തുടങ്ങാമെന്ന നിലയിലാണു തയാറെടുപ്പു നടത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിനു പുറമേ പാർലമെന്റ് മണ്ഡലം, നിയമസഭാ മണ്ഡലം, ബൂത്ത് തലം എന്നിവിടങ്ങളിലും സമൂഹമാധ്യമ വിഭാഗമുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേക ചുമതലക്കാർ.

മണ്ഡലതലത്തിലെ ചുമതലക്കാർക്കു സംസ്ഥാന തലത്തിൽ പരിശീലനം നൽകി. ട്രോളുകൾ ഒരുക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥിന്റെ മേൽനോട്ടത്തിലാണു പ്രവർത്തനം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama