go

2009 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 4900 വോട്ട്; പീതാംബരക്കുറുപ്പ് ഇപ്പോഴും മാവിൽ

  Kollam News
2009ലെ തിരഞ്ഞെടുപ്പിൽ അപരനായി എത്തിയ കടയ്ക്കൽ കുറ്റിക്കാട് എൻ.പീതാംബരക്കുറുപ്പ് മാങ്ങ പറിക്കുന്ന ജോലിയിൽ.
SHARE

കടയ്ക്കൽ ∙ മാവിൽ നിന്നിറങ്ങി തിരഞ്ഞെടുപ്പു ഗോദയിലേക്കു പോയ കഥയാണു കടയ്ക്കൽ കുറ്റിക്കാട് ആശ്രമം വീട്ടിൽ എൻ.പീതാംബരക്കുറുപ്പിന് പറയാനുള്ളത്. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലാണു മാവിൻചുവട്ടിൽ തിരഞ്ഞെടുപ്പു പോരാട്ടത്തിനു കളം ഒരുങ്ങിയത്. മാങ്ങ പറിച്ചുവിറ്റു നിത്യവൃത്തി കഴിയുന്ന ആ അപരൻ  ഫലം വന്നപ്പോഴും  താരമായി. യുഡിഎഫ് സ്ഥാനാർഥി എൻ.പീതാംബരക്കുറുപ്പിന് അപരനായി പത്രിക നൽകിയ എൻ.പീതാംബരക്കുറുപ്പിന് ലഭിച്ചത് 4900 വോട്ട്.  

അപരന്റെ വരവ് ഒറിജിനൽ സ്ഥാനാർഥി എൻ.പീതാംബരക്കുറുപ്പിന് ചെറിയൊരു ഭയത്തിനും ഇടയാക്കിയിരുന്നു. അപരൻ ആരെന്ന്  അദ്ദേഹത്തിന് അറിയില്ലായിരുന്നു.   പത്രിക നൽകിയതല്ലാതെ അപരൻ പ്രചാരണത്തിന്  ഇറങ്ങിയില്ല.  ഫലം വന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി  പീതാംബരക്കുറുപ്പ് വിജയിച്ചു. സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ കുറ്റിക്കാട്ട് എത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ അപരനും എത്തി. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 

ബന്ധു വഴിയാണ് എതിരാളികൾ അപരൻ പീതാംബരക്കുറുപ്പിനെ    രംഗത്തിറക്കിയത്. പത്രിക നൽകിയ ശേഷവും കുറുപ്പ് മാങ്ങ പറിക്കുന്ന   ജോലിയിൽ സജീവമായി . വോട്ടെടുപ്പ് ദിവസവും  ജോലി മുടക്കിയില്ല.  10 വർഷം കഴിഞ്ഞ് ഇപ്പോൾ പ്രചാരണം ചൂടു പിടിക്കുമ്പോൾ, ഈ എഴുപതാം വയസ്സിലും അദ്ദേഹം  ജോലിയിൽ സജീവമാണ്.  കയ്യിൽ തോട്ടിയും വലയും ചാക്കുമായി മാവിൻചുവട്ടിൽ എത്തുന്നതു പതിവു കാഴ്ച. 

അന്ന് അപരനായി കളത്തിലിറക്കിയവർ പിന്നെ തിരിഞ്ഞു നോക്കിയില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ചു ചോദിച്ചാൽ ഒന്നും പറയാറായില്ലെന്നും ഈ പീതാംബരക്കുറുപ്പ് പറയും. ഭാര്യയും മകളും ഉണ്ട്. മകൾ  വിവാഹിതയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama