go

ബാഗ് എടുക്കാൻ ശ്രമിച്ച പെൺകുട്ടി കടലിൽ വീണു, സുഹൃത്തും: ഓടിയെത്തി മത്സ്യത്തൊഴിലാളികൾ

sea
SHARE

കൊല്ലം ∙ ബീച്ചിൽ വീണ്ടും അപകടം. തിരയിൽപ്പെട്ട സുഹൃത്തുക്കളായ കോളജ് വിദ്യാർഥികളെ മത്സ്യത്തൊഴിലാളികൾ സാഹസികമായി രക്ഷിച്ചു. ഉച്ചയ്‌ക്ക് 12.30ന് ബീച്ചിന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു സംഭവം. പത്തനംതിട്ട കോന്നി ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളാണു തിരയിൽപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് ഇരുവരും ബീച്ചിലെത്തിയത്. തിരയിലകപ്പെട്ട ബാഗ് എടുക്കാൻ ശ്രമിച്ച പെൺകുട്ടി കടലിൽ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആൺകുട്ടിയും തിരയിൽപ്പെട്ടു. ബഹളം കേട്ട് ഉടൻ മത്സ്യത്തൊഴിലാളികൾ ഓടിയെത്തിയതിനാലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. 

ഇവരെ സമീപത്തെ വീടുകളിലെത്തിച്ച് അഴുക്ക് പുരണ്ട വസ്‌ത്രം മാറുന്നതിനും കുളിക്കുന്നതിനും തൊഴിലാളികൾ സൗകര്യമൊരുക്കി. പള്ളിത്തോട്ടം പൊലീസ് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തി. തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പമാണു വീട്ടിലേക്ക് അയച്ചത്. ശക്തമായ കടൽക്ഷോഭം കാരണം ബുധനാഴ്ച രാത്രി മുതൽ കൂറ്റൻ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുന്നുണ്ട്. ബീച്ചിലെത്തുന്നവർ കാൽ നനയ്ക്കാനും മറ്റും കടലിൽ ഇറങ്ങുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കഴിഞ്ഞ മാർച്ച് 24നു കൊട്ടിയം പറക്കുളം സ്വദേശികളായ യുവദമ്പതികളും കഴിഞ്ഞ 17നു കുണ്ടറ പള്ളിമൺ പുലിയില സ്വദേശിയായ കോളജ് വിദ്യാർഥിനിയും ഇവിടെ തിരയിൽപ്പെട്ടു മരിച്ചിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama