go

തടവുകാലം വിനോദയാത്ര പോലെ, ആഘോഷമൂഡിൽ; ഒടുവിൽ മനോവീര്യം തകർന്ന്

Kollam News
ര‍ഞ്ജിത്ത് ജോൺസൺ വധക്കേസിലെ പ്രതികളായ പ്രണവും റിയാസും കൊല്ലം കോടതി വരാന്തയിൽ മൊബൈൽ ഫോൺ ‌ഉപയോഗിക്കുന്നു. ചിത്രം: മനോരമ
SHARE

വിചാരണ തടവുകാലം വിനോദയാത്ര പോലെ ആസ്വദിക്കുകയും വിധി പറഞ്ഞ ദിവസം കോടതി വരാന്തയിൽ പോലും വിക്രിയകൾ കാട്ടുകയും ചെയ്ത പ്രതികൾ ഒടുവിൽ സെൻട്രൽ ജയിലിലേക്കു യാത്രയായതു മനോവീര്യം തകർന്ന്. ശിക്ഷ എന്താണെന്നറിയാൻ വന്ന ഉറ്റവരുടെ സാന്നിധ്യം പ്രതികളിൽ പലരുടെയും നെഞ്ചു കലക്കി. ഒന്നാം പ്രതി പാമ്പു മനോജിന്റെ അമ്മയും രണ്ടു മക്കളും അഞ്ചാം പ്രതി വിഷ്ണുവിന്റെ മാതാപിതാക്കൾ, ആറാം പ്രതി വിനേഷിന്റെ ഭാര്യ എന്നിവർ ശിക്ഷാവിധി കേൾക്കാൻ എത്തിയിരുന്നു. വിഷ്ണുവിന്റെ അമ്മ ഇടയ്ക്ക് ഇയാളെ മാറ്റി നിർത്തി സംസാരിച്ചു. അതിനു ശേഷം കുനിഞ്ഞ ശിരസോടെ ബെഞ്ചിലിരുന്ന ഇയാളെ ഒന്നാം പ്രതി പാമ്പു മനോജ് പലകുറി ആശ്വസിപ്പിക്കാനും പഴയ മൂഡിലേക്കു കൊണ്ടു വരാനും ശ്രമിക്കുന്നതു കാണാമായിരുന്നു.

ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷ കേട്ടപ്പോഴും പ്രതികൾ യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ നിന്നു. അതിനു ശേഷം പുറത്തിറക്കി വരാന്തയിലെ ബെഞ്ചിൽ ഇരുത്തിയപ്പോഴും കഴിഞ്ഞ ദിവസത്തെ പോലെ വിജയചിഹ്നം കാണിക്കുക, ആളുകളോടു പരിചയ ഭാവത്തിൽ കൈവീശി കാണിക്കുക എന്നിങ്ങനെയുള്ള പ്രകടനങ്ങൾ തുടർന്നു. ഒടുവിൽ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി സെൻട്രൽ ജയിലിലേക്കു പോകാൻ പൊലീസ് വാനിലേക്കു നടക്കുമ്പോൾ ആറാം പ്രതി വിനേഷിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. അതുവരെ കളിച്ചു ചിരിച്ചു പത്ര – ദൃശ്യമാധ്യമങ്ങളുടെ ക്യാമറകൾക്കു പോസ് ചെയ്തു നിന്ന പ്രതികളുടെ ഭാവം മാറി. മിക്കവരുടെയും ശിരസ്സുകൾ കുനിഞ്ഞു.

എന്നാൽ ഒന്നാം പ്രതി പാമ്പു മനോജ് മാത്രം ഈ ഭാവഭേദം പുറത്തുകാട്ടാതെ വിലങ്ങണിഞ്ഞ കൈകളോടെ വന്നു വണ്ടിയിൽ കയറി. നേരത്തേ പത്തര കഴിഞ്ഞപ്പോൾ തന്നെ ജില്ലാ ജയിലിൽ നിന്നും ആറു പ്രതികളെ കലക്ടറേറ്റിനുള്ളിലെ കോടതി വളപ്പിലെത്തിച്ചു. വണ്ടിയിൽ കിടന്നു പരാക്രമം കാണിച്ചതോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസിനെയും ദ്രുതകർ‌മസേനയെയും ഇവിടെ വിന്യസിച്ചിരുന്നു. കോടതി ചേരുന്നതിന് 5 മിനിറ്റ് മുൻപ് ഇവരെ വാനിൽ നിന്ന് ഇറക്കി കോടതിയ്ക്ക് ഉള്ളിലേക്കു കയറ്റി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 12.30ന് പൊലീസ് വാനിൽ സെൻട്രൽ ജയിലിലേക്ക്.

മനോജ് പറഞ്ഞു: ‘ഇത്രയും പോരാ, കുറെക്കൂടി  അഴുകണമായിരുന്നു’

കൊല്ലം∙ പേരൂരിലെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയ രഞ്ജിത്ത് ജോൺസനെ പൈശാചികമായി കൊലപ്പെടുത്തിയിട്ടും ഒന്നാം പ്രതി മനോജിനു കലി തീർന്നില്ല. ഒരിക്കലും കുറ്റബോധം പ്രകടിപ്പിച്ചതുമില്ല.മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടിയും പിക്കാസും കണ്ടെടുക്കാൻ ഒന്നാം പ്രതിയെയും കൂട്ടി തമിഴ്നാട്ടിലെ സമത്വപുരത്ത് പൊലീസ് എത്തിയപ്പോൾ, രഞ്ജിത്ത് ജോൺസന്റെ മൃതദേഹം മറവു ചെയ്ത കുഴിയുടെ മുകളിൽ ചെന്നു ദുർഗന്ധം ആസ്വദിക്കാൻ മനോജ് ശ്രമിച്ചു. ഇത്രയും പോരാ, കുറെക്കൂടി അഴുകണമായിരുന്നു എന്നാണ് അപ്പോൾ പൊലീസിനോടു പറഞ്ഞത്. 

വധഭീഷണി: ജെസി അജ്ഞാത കേന്ദ്രത്തിൽ

കൊല്ലം∙ രഞ്ജിത്ത് ജോൺസനോടൊപ്പം താമസിക്കുകയായിരുന്ന ജെസി വധഭീഷണി നേരിടുന്നതിനാൽ അജ്ഞാത കേന്ദ്രത്തിൽ. കേസിൽ ഒന്നാം സാക്ഷിയാണു പാമ്പ് മനോജിന്റെ ഭാര്യ ആയിരുന്ന ജെസി.അവനെ കൊന്നു, അടുത്തതു നീയാണ് '' എന്നാണു ജസിയെ പാമ്പ് മനോജ് ഭീഷണിപ്പെടുത്തിയത്. 

വിധിക്കു ശേഷവും ഇടഞ്ഞ് 5ാം പ്രതി വിഷ്ണു

കൊല്ലം∙ വിധിക്കു ശേഷവും ഇടഞ്ഞ് അ‍ഞ്ചാം പ്രതി വിഷ്ണു (21). തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നതിനു പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ മറ്റു പ്രതികളൊടൊപ്പം കയറില്ലെന്നു പറഞ്ഞ് തർക്കിച്ചു. ബസിൽ കൊണ്ടു പോകണമെന്നും അതിനു കോടതിയിൽ നിന്നു ഉത്തരവു വാങ്ങണമെന്നും വിഷ്ണു ആവശ്യപ്പെട്ടു. പൊലീസും പ്രതിഭാഗം അഭിഭാഷകനും നിർബന്ധിച്ചതോടെയാണു വാഹനത്തിൽ കയറാൻ തയാറായത്.

വിചാരണ സമയത്തു ജില്ലാ ജയിലിൽ കഴിയുമ്പോഴും വിഷ്ണു സംഘർഷം ഉണ്ടാക്കിയിരുന്നു. കുളിക്കുന്നതിനിടയിൽ സഹ തടവുകാരന്റെ ശരീരത്തിൽ നിന്നു സോപ്പുപത തെറിച്ചെന്നു പറഞ്ഞു അയാളെ ക്രൂരമായി മർദിച്ചു. തുടർന്നു ജയിൽ ജീവനക്കാർ പീഡിപ്പിക്കുന്നതായി ആരോപിച്ചു ജഡ്ജിക്കു വിചാരണ സമയത്തു പരാതി നൽകി. സ്വന്തം രക്തം കൊണ്ടു വിരൽ പതിച്ചാണു പരാതി നൽകിയത്. ഇതേ തുടർന്നു വിഷ്ണുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവ് നൽകിയിരുന്നു.പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ ദിവസവും കോടതിക്കു മുന്നിലെ വരാന്തയിൽ പൊലീസുമായി വിഷ്ണു തർക്കത്തിനു ശ്രമിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ മിടുക്കനെന്ന് കോടതി, പ്രോസിക്യൂട്ടർക്കും പ്രശംസ

Kollam News
എസ്ഐ വി. അനിൽകുമാർ

രഞ്ജിത് ജോൺസൺ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ധീരനും സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായ ഓഫിസറെന്നു കോടതി. അന്വേഷണവും സാക്ഷികളെയും തെളിവുകളെയും കൂട്ടിയോജിപ്പിച്ചു കേസ് തെളിയിക്കാൻ പ്രോസിക്യൂട്ടർ നടത്തിയ പരിശ്രമങ്ങൾക്കും കോടതി വക പ്രശംസ. വിധി പ്രസ്താവത്തിൽ പ്രത്യേകം പേരെടുത്തു പറഞ്ഞാണു നാലാം അഡീഷനൽ സെഷൻസ് ജില്ലാ കോടതി ജഡ്ജി എസ്.കൃഷ്ണകുമാർ ഇരുവരെയും പ്രശംസിച്ചിരിക്കുന്നത്.കിളികൊല്ലൂർ എസ്ഐ ആയിരുന്ന വി.അനിൽകുമാർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.

താരതമ്യേന ജൂനിയർ‌ ഓഫിസറായ ഇദ്ദേഹത്തെ വിശ്വസിച്ചു കേസ് ഏൽപിക്കാൻ ധൈര്യം കാണിച്ച അന്നത്തെ സിറ്റി പൊലീസ് കമ്മിഷണറെയും എസിപിയെയും കുറിച്ചും വിധിയിൽ പരാമർശമുണ്ട്. ലഭ്യമായ എല്ലാ തെളിവുകളും ശേഖരിക്കുന്നതിൽ അനിൽകുമാർ കാണിച്ച മിടുക്കിനെയും കോടതി പുകഴ്ത്തുന്നുണ്ട്.കൃത്യമായി വാദമുഖങ്ങൾ അവതരിപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടറെയും കോടതി പ്രശംസിച്ചു. ഇവ കുറ്റാരോപിതരുടെ ഈ കൊലപാതകത്തിലെ പങ്കു സംശയാതീതമായി തെളിയിക്കുന്ന തരത്തിൽ കോടതിക്കു മുൻപാകെ അവതരിപ്പിക്കാനും അദ്ദേഹത്തിനായി. ഈ വാദങ്ങൾ ഖണ്ഡിക്കാൻ കഴിയാതെ പോയെങ്കിലും അതിനു ശ്രമം നടത്തിയ പ്രതിഭാഗം അഭിഭാഷകരെയും കോടതി അഭിനന്ദിച്ചു.

വിധിയിൽ സന്തോഷം: രഞ്ജിത്തിന്റെ പിതാവ്

കൊല്ലം∙ വിധിയിൽ സന്തോഷമെന്നു രഞ്ജിത്തിന്റെ പിതാവ് ജോൺസൺ. മാതാവ് ട്രീസ ഇന്നലെ കോടതിയിൽ എത്തിയില്ല.ശിക്ഷ വിധിക്കുമ്പോൾ കോടതിയിൽ നിന്നു വളരെ അകലെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ നിൽക്കുകയായിരുന്നു ജോൺസൺ. തുടർന്നു ഓഫിസിലെത്തി പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥനെയുംഅഭിനന്ദിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama