go

കെണിയൊരുക്കി ബൈപാസ് ,വേഗമെത്താം, അപകടത്തിലേക്ക്...

കൊല്ലം ബൈപാസിലെ കടവൂർ– മങ്ങാട് പാലം.
കൊല്ലം ബൈപാസിലെ കടവൂർ– മങ്ങാട് പാലം.
SHARE

അഞ്ചാലുംമൂട് ∙ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താനായി പ്രതീക്ഷയോടെ തുറന്നു നൽകിയ കൊല്ലം ബൈപാസ് അപകടത്തുരുത്താകുന്നു. അമിത വേഗവും അശ്രദ്ധയും വില്ലനായപ്പോൾ പൊലിഞ്ഞത് ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകൾ. കാവനാടു മുതൽ മേവറം വരെയുള്ള ബൈപാസ് റോഡിൽ കുരീപ്പുഴ മുതൽ കല്ലുംതാഴം വരെയുള്ള ഭാഗങ്ങളിലാണ് അപകടക്കെണി. 

അമിതവേഗം തന്നെയാണ് അപകടകാരണമെന്ന് അധികൃതർ തന്നെ അക്കമിട്ടു നിരത്തുമ്പോഴും അതു തടയാൻ എന്തു നടപടിയെന്നു ചോദിച്ചാൽ ഒന്നുമില്ല. സമാന്തര റോഡ് നിർമിക്കാതെയുള്ള ബൈപാസ് നിർമാണവും അപകടത്തിനു വഴിയൊരുക്കുന്നു. 57 ഇട റോഡുകളാണു ബൈപാസിലേക്കു വന്നുചേരുന്നത്. ഇതുവരെയുണ്ടായ വാഹനാപകടങ്ങൾ കൂടുതലും കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ്. കാറിടിച്ചു കാൽനടയാത്രികരും മരിച്ചിരുന്നു. 

കാൽനടയും അപകടം

പാലങ്ങളിലൂടെയുള്ള കാൽനട യാത്രയും കാഴ്ച ആസ്വദിക്കലും അപകടം വിളിച്ചുവരുത്തുന്നു. ബൈപാസ് റോഡിലെ 3 പാലങ്ങളിലും കാൽനട യാത്രികർക്കു സ്ഥാനമില്ല. പാലങ്ങളിലൂടെ ആളുകൾ നടക്കുന്നതു പതിവു കാഴ്ചയുമാണ്. കുരീപ്പുഴയിൽ നിന്നു കാവനാട് ഭാഗത്തേക്കു മത്സ്യവിപണനത്തിടക്കമുള്ള സ്ത്രീ തൊഴിലാളികൾ പാലത്തിലൂടെ നടന്നു പോകുന്നുണ്ട്. പാലങ്ങളുടെ വശങ്ങളിൽ വാഹനങ്ങൾ നിർത്തി കായൽ കാഴ്ചകൾ ആസ്വദിക്കുന്നവരുമുണ്ട്. 

ബൈപാസിലെ വേഗമെത്ര...

ജം‌ക്‌ഷനുകളെക്കുറിച്ചും സിഗ്നലുകളെക്കുറിച്ചുമൊക്കെ ഡ്രൈവർമാരെ ബോധവാന്മാരാക്കാൻ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള അധികൃതർ ബൈപാസിലെ വേഗപരിധി എത്രയെന്നു കാട്ടി ഒരു ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. അമിത വേഗക്കാരെ പിടികൂടാൻ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുമില്ല. അതിനാൽ വാഹനയാത്രികർക്കു മതിവരുവോളം വേഗത ആസ്വദിക്കാമെന്ന സ്ഥിതിയെത്തി. ഇതുമൂലം അപകടവും വർധിച്ചു.

വേഗം  നൂറിനും മുകളിൽ

കുരീപ്പുഴ പാലം കടന്നു കടവൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളുടെയും കടവൂർ സിഗ്നൽ മുതൽ മങ്ങാട് പാലം പിന്നിടുന്നതു വരെ മിക്ക കാറുകളുടെയും വേഗം 100 കിലോമീറ്ററിനും മുകളിലാണ്. പാലങ്ങളിൽ അപകടകരമായ വിധത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നതും നിത്യകാഴ്ചയാണ്.

അമിതവേഗം മന്ത്രിമാർക്കും പൊലീസിനും

മന്ത്രിമാരുടെയും വകുപ്പിന്റെയും പൊലീസിന്റെയും വാഹനങ്ങളടക്കം അമിതവേഗത്തിലാണു ബൈപാസിലൂടെ പായുന്നത്. കഴിഞ്ഞ ദിവസം രാത്രി വി.എസ്. അച്യുതാനന്ദന് എസ്കോർട്ട് പോയ വാഹനം ഇടിച്ചു സ്കൂട്ടർ യാത്രികരായ പൊലീസുകാരനടക്കം 2 പേർക്കു പരുക്കേറ്റിരുന്നു.

തെരുവുവിളക്കുകൾ വേണ്ടെന്നാണോ...

ബൈപാസ് റോഡ് മുഴുവൻ തെരുവു വിളക്കുകൾ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒടുവിൽ വെളിച്ചം കിട്ടിയതു പാലങ്ങളിൽ മാത്രം. പാലങ്ങളിലേക്കുള്ള അനുബന്ധ റോഡുകളുടെ വശങ്ങളിൽപ്പോലും തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനു  വേണ്ട ഫണ്ടിന്റെ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുന്ന മുറയ്ക്കു തുടർനടപടി നോക്കാമെന്നാണു പൊതുമരാമത്ത് അധികൃതരുടെ നിലപാട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama