go

അമ്മേ, വിവാഹമംഗളാശംസകൾ... അമ്മയുടെ രണ്ടാം വിവാഹത്തിനു കതിർമണ്ഡപമൊരുക്കി മകൻ

    kollam news
വീണ്ടും വിവാഹിതയായ അമ്മ മിനിക്കൊപ്പം ഗോകുൽ ശ്രീധർ.
SHARE

കൊല്ലം ∙ ഇങ്ങനെയൊരു കാര്യം രഹസ്യമാക്കി വയ്ക്കേണ്ടെന്നു ഗോകുൽ തീരുമാനിച്ചപ്പോൾ, അടികൊണ്ട് അമ്മയുടെ നെറ്റി മുറിഞ്ഞ് ചോരയൊഴുകിയപ്പോൾ പേടിച്ചു നിന്ന ആ പഴയ കൊച്ചുകുട്ടിയുടെ മനസ്സ് തുള്ളിച്ചാടിക്കാണും.  ‘അമ്മയുടെ വിവാഹമായിരുന്നു...’ എന്നു ഫെയ്സ്ബുക്കിൽ കുറിച്ച് അമ്മയുടെ രണ്ടാംവിവാഹ വാർത്ത പുറത്തുവിട്ട മകൻ ഇതു കൂടി പറയുന്നുണ്ട്–‘സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ടു നോക്കരുത്, അങ്ങനെ നോക്കിയാൽത്തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’

 കൊട്ടിയം മുഖത്തല സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ഗോകുൽ ശ്രീധറാണ് പുതിയ ദാമ്പത്യജീവിതത്തിലേക്കു കടക്കുന്ന അമ്മയ്ക്ക് ആശംസ നേർന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.  ഗോകുൽ 10–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയുടെയും അച്ഛന്റെയും വിവാഹമോചനം. പിന്നീട് അമ്മ മിനി ജീവിച്ചതൊക്കെയും മകനു വേണ്ടി. സങ്കടം മാത്രം സമ്മാനിച്ച ആദ്യ വിവാഹബന്ധം വേർപെടുത്തിയിറങ്ങുമ്പോൾ ഒന്നുമുണ്ടായിരുന്നില്ല അവർക്ക്.

അധ്യാപികയായിരുന്ന അമ്മയ്ക്ക് 2004ൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ബന്ധുവീടുകളിലായിരുന്നു ആദ്യമൊക്കെ  താമസം. പിന്നീട്, വിവാഹമോചനത്തിനു നഷ്ടപരിഹാരമായി ലഭിച്ച വീട്ടിലേക്കു മാറി. ഗോകുലിന്റെ പഠനകാര്യങ്ങൾ‌ അവന്റെ അച്ഛൻ നിർവഹിച്ചെങ്കിലും മറ്റു ചെലവുകളെല്ലാം അമ്മയുടെ ചുമലിലായിരുന്നു. ആകെയുണ്ടായിരുന്നതു ലൈബ്രേറിയനായി ലഭിച്ച ജോലിയിൽ നിന്നുള്ള വരുമാനവും.

‘ഞാൻ പഠനമൊക്കെ കഴിഞ്ഞു ജോലിക്കു പോകുമ്പോൾ വീട്ടിൽ അമ്മ തനിച്ചാകുമെന്ന സങ്കടം നാളുകളായുണ്ടായിരുന്നു. അമ്മയ്ക്കൊരു കൂട്ടു വേണമെന്ന കാര്യം പണ്ടു മുതലേ മനസ്സിലുണ്ടായിരുന്നെങ്കിലും അമ്മ സമ്മതിച്ചിരുന്നില്ല. 

കുറച്ചു നാൾ മുൻപ്, ലൈബ്രറി കൗൺസിലിലെ സുഹൃത്തുക്കൾ വഴിയാണ് ഈ ആലോചന വന്നത്. വിവാഹത്തിന് ആദ്യം അമ്മ തയാറായില്ലെങ്കിലും പിന്നീടു സമ്മതിക്കുകയായിരുന്നു–എസ്എഫ്ഐ കൊട്ടിയം ഏരിയ സെക്രട്ടറി കൂടിയായ ഗോകുൽ പറയുന്നു. തൊടുപുഴ സ്വദേശിയായ റിട്ട. കേണൽ വേണുവാണു മിനിയെ വിവാഹം കഴിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ ഗോകുൽ പുതിയ ജോലിക്കായുള്ള തയാറെടുപ്പിലുമാണ്. 

ഗോകുലിന്റെ ഫെയ്സ്ബുക്  പോസ്റ്റിന്റെ  പ്രസക്തഭാഗങ്ങൾ:

‘അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ജീവിതം മുഴുവൻ എനിക്കു വേണ്ടി മാറ്റിവച്ച ഒരു സ്ത്രീ.

ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്നു ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട്; എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓർമയുണ്ട്... നിനക്ക് വേണ്ടിയാണു ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോൾ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെക്കുറിച്ച്, ഇതു നടത്തുമെന്ന്...

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama