go

കൊല്ലം ബൈപാസിൽ വീണ്ടും അപകടം: കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തി

kollam news
കൊല്ലം ബൈപാസിൽ കല്ലുംതാഴം ജംക്‌ഷനിൽ കൂട്ടിയിടിച്ചു തകർന്ന കാറും കത്തിനശിച്ച ആംബുലൻസും. ചിത്രം: മനോരമ
SHARE

കൊല്ലം ∙ ബൈപാസിൽ കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു. കരണം മറിഞ്ഞു തീപിടിച്ച ആംബുലൻസിൽനിന്ന് ഊർന്നിറങ്ങിയ ഡ്രൈവർ, രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും സാഹസികമായി രക്ഷപ്പെടുത്തിയതിനു പിന്നാലെ ഇന്ധന ടാങ്കും ഓക്സിജൻ സിലിണ്ടറും പൊട്ടിത്തെറിച്ചു. അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. കല്ലുംതാഴം ജംക്‌ഷനിൽ ഇന്നലെ പുലർച്ചെ 4.45നായിരുന്നു അപകടം. നെഞ്ചുവേദനയെ തുടർന്നു  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പടിഞ്ഞാറ്റിൻകര ചിറ അയ്യത്ത് വീട്ടിൽ റഹീല (44)യെ അവിടെ നിന്നു ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലൻസും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കു പോയ കാറുമാണു കൂട്ടിയിടിച്ചത്.

ആംബുലൻസിന്റെ തീയണയ്ക്കാനുള്ള ശ്രമം. ഇടിച്ച കാർ സമീപം

ആംബുലൻസ് പൂർണമായി കത്തിയമർന്നു. അഗ്നിശമനസേന എത്തി തീയണച്ചു. റഹിലയ്ക്കു പുറമെ ഭർത്താവ്  കൊട്ടാരക്കര  പടിഞ്ഞാറ്റിൻകര ചിറ അയ്യത്ത് വീട്ടിൽ സെയ്ദ്  മുഹമ്മദ് (48), മകൻ മുഹമ്മദ് മുസ്താക് (23), ആംബുലൻസ് ഡ്രൈവർ വെണ്ടാർ തേവന്റഴികത്ത് അരുൺകുമാർ (29) എന്നിവർക്കാണു പരുക്കേറ്റത്. അരുൺ, മുഹമ്മദ് മുസ്താക് എന്നിവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു. റഹീലയും സെയ്ദ് മുഹമ്മദും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈപാസിലെ അപകടങ്ങൾ കുറയ്ക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നതിനിടെയാണു വീണ്ടും അപകടം.

നടുക്കം മാറാതെ ആംബുലൻസ് ഡ്രൈവർ

kollam-bypassa-accident-arun-driver-three
അരുൺ കുമാർ

‘ബൈപാസ് മറികടക്കുന്നതിനിടെയാണു പാഞ്ഞു വന്ന വാഹനം ആംബുലൻസിന്റെ മധ്യഭാഗത്ത് ഇടിച്ചത്. വാഹനം കരണം മറിഞ്ഞു റോഡിലൂടെ നിരങ്ങി, ഓടയ്ക്കു വേണ്ടി എടുത്ത കുഴിയുടെ മുകളിൽ വീണു. മുൻവശത്തെ തകർന്ന ചില്ലിലൂടെ ഊർന്നിറങ്ങിയപ്പോൾ കണ്ടതു തീ പടർന്നു തുടങ്ങിയതാണ്.’ – രോഗിയെ ഉൾപ്പെടെ 3 പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ വെണ്ടാർ സ്വദേശി അരുൺകുമാർ പറഞ്ഞു. മറിഞ്ഞ ആംബുലൻസ് തറയിൽ ഉരഞ്ഞാണു തീപിടിച്ചത്.

ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ പടർന്നിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന സെയ്ദ് മുഹമ്മദിനെയും മകൾ മുസ്താക്കിനെയും രക്ഷപ്പെടുത്തിയപ്പോൾ രോഗിയെ ആംബുലൻസിൽ കണ്ടില്ല. തകർന്ന ആംബുലൻസിൽ നിന്നു റഹീല കുഴിയിൽ വീണു കിടക്കുകയായിരുന്നു. തീപടർന്നു തുടങ്ങിയ ആംബുലൻസിനിടയിലൂടെ അവരെ കുഴിയിൽനിന്നു കരകയറ്റി.

അപ്പോഴേക്കും സമീപത്തുണ്ടായിരുന്ന കൺട്രോൾ റൂം പൊലീസ് എത്തി.  3 പേരെയും രക്ഷപ്പെടുത്തിയതിനു പിന്നാലെ ഓക്സിജൻ സിലിണ്ടർ പൊട്ടി. ഇതോടെ തീ ആളിപ്പടർന്നു. നടുക്കുന്ന കാഴ്ചയായിരുന്നു അതെന്നു അരുൺ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണു കത്തിനശിച്ചത്. 

ബൈപാസ് പോക്കറ്റ് റോഡുകളിലും സിഗ്‌നൽ സ്ഥാപിക്കണം: കലക്ടർ

കൊല്ലം ∙ ബൈപാസിലേക്ക് കയറുന്ന പോക്കറ്റ് റോഡുകളിൽ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്ന് കലക്ടർ ബി.അബ്ദുൽ നാസർ റോഡ് സുരക്ഷാ സമിതി യോഗത്തിൽ നിർദേശിച്ചു. 57 പോക്കറ്റ് റോഡുകളിൽ പ്രധാനപ്പെട്ട എട്ട് ജംക്‌ഷനുകളിലാണ്  ട്രാഫിക് സിഗ്‌നലുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കേണ്ടത്. നിർവഹണത്തിനായി കെൽട്രോണിനെ ചുമതലപ്പെടുത്തി.

പോക്കറ്റ് റോഡുകളിൽ ഹംപുകൾ, സ്റ്റിക്കർ ലൈറ്റുകൾ,സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ട്. പാതയോരങ്ങളിൽ കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ സ്പീഡ് ലിമിറ്റ് ബോർഡുകൾ, സീബ്രാ ക്രോസിങ്, ട്രാഫിക് തടസ്സം ഒഴിവാക്കി ബസ് ബേകളുടെ ക്രമീകരണം തുടങ്ങിയവ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന നിർദേശവും നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama