go

കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kollam News
കൊല്ലം ബൈപാസിലെ നീരാവിൽ പാലത്തിൽ ഇന്നലെ രാവിലെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം.
SHARE

അഞ്ചാലുംമൂട് ∙ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയവരും വിമാനത്താവളത്തിൽ നിന്നു വീട്ടിലേക്കു പോയവരും സഞ്ചരിച്ച കാറുകൾ ബൈപാസിൽ കൂട്ടിയിടിച്ച് 7 പേർക്കു പരുക്ക്. വിമാനത്താവളത്തിലേക്കു പോയ കാറിലുണ്ടായിരുന്ന ദുബായിലെ പത്താം ക്ലാസ് വിദ്യാർഥി ചോറ്റാനിക്കര കണയന്നൂർ സ്വദേശി വിശാലി(17)ന്റെ നില ഗുരുതരം. പിതാവ് വിശ്വനാഥൻ (50), കാർ ഡ്രൈവർ ഇടുക്കി സ്വദേശി സനുമോൻ (28), ആലപ്പുഴയ്ക്കു പോയ കാറിലുണ്ടായിരുന്ന കുത്തിയതോട് സ്വദേശി ജോയി (58), ഭാര്യ മോളി (55), മകൾ ജോളി (30), ഡ്രൈവർ ജിൻസ് (27) എന്നിവർക്കാണു പരുക്കേറ്റത്. എല്ലാവരെയും കൊല്ലത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ ആറരയോടെ ബൈപാസിൽ നീരാവിൽ പാലത്തിലായിരുന്നു അപകടം. വിശാലിനെ ദുബായിലേക്കു യാത്രയാക്കാനാണ് ചോറ്റാനിക്കരയിൽ നിന്നുള്ള സംഘം പോയത്. 

കാനഡയിൽ നിന്നെത്തിയ ജോളിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു കുത്തിയതോട്ടിൽ നിന്നുള്ളവർ. ടാക്സി കാറിലായിരുന്നു ഇരുകൂട്ടരും സഞ്ചരിച്ചിരുന്നത്. തിരുവനന്തപുരത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്നിലെ സീറ്റിലിരുന്ന വിശാലിന്റെ തലയ്ക്കു ഗുരുതര പരുക്കുണ്ട്. വെന്റിലേറ്ററിലാണ്. ജോയിയുടെ ഒരു കാലും മോളിയുടെ 2 കാലുകളും ഒടിഞ്ഞു. ഗർഭിണിയായ ജോളിക്കും ഗുരുതര പരുക്കുണ്ട്. വിശാലും ജോളിയും നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവരായിരുന്നു. മഴക്കെടുതിയെത്തുടർന്നു വിമാനത്താവളം അടച്ചതിനാൽ യാത്ര തിരുവനന്തപുരം വഴിയാക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ അമിത വേഗത്തിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama