go

ഇങ്ങനെ മതിയോ, മാതൃകാ കോളനി

kollam news
കുര്യോട്ടുമല മാതൃകാ കോളനിയിൽ നിർമാണം പാതിവഴിയിൽ നിലച്ച വീടുകൾ കാടു കയറി കിടക്കുന്നു.
SHARE

പത്തനാപുരം∙ എവിടെയും പ്രളയ ജലം , കുടിക്കാനിത്തിരി വെള്ളമില്ല, ചോർന്നൊലിക്കുന്ന വീടുകൾക്ക് പകരം മാതൃകാ വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനം പാതിവഴിയിൽ. കാട്ടിലായിരുന്നെങ്കിൽ പാറയിടുക്കോ, മരപ്പൊത്തോ ഞങ്ങൾക്ക് സംരക്ഷണമേകിയേനെ?. വർഷാ വർഷം പദ്ധതികളുടെ പെരുമഴക്കാലമാണെങ്കിലും കുര്യോട്ടുമലക്കാർക്ക് കുമ്പിളിൽ തന്നെയാണ് കഞ്ഞി. വിവിധയിടങ്ങളിൽ നിന്നും പുനരധിവസിപ്പിച്ച ആദിവാസികളാണ് ഇവിടെയുള്ളത്.

കുടിവെള്ള പൈപ്പുകൾക്ക് ക്ഷാമമില്ല, വെള്ളം മാത്രം ഇല്ല

മലയടിവാരത്തു നിന്നു ശുദ്ധജലവുമായി മലകയറിയെത്തുന്നവർ.

ഒട്ടേറെ തവണയായി പല പദ്ധതികളാണ് നടപ്പാക്കിയത്. കോളനിയിൽ തലങ്ങും വിലങ്ങും പൈപ്പ് ഇട്ടിട്ടുണ്ട്. പക്ഷേ വെള്ളത്തിന് മാത്രം നല്ല സമയം നോക്കി കാത്തിരിക്കണം. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ടാങ്ക് 150 മീറ്റർ മാത്രം ദൂരെയാണ്.

എന്നിട്ടും ഇവിടുത്തുകാർക്ക് മാത്രം വെള്ളമില്ല. പരാതി പറഞ്ഞു മടുത്തുവെന്ന് പ്രദേശവാസികൾ പറയുന്നത്. മലയിറങ്ങി സ്വകാര്യ വ്യക്തികളുടെ കിണറുകളിലെത്തി കുടിവെള്ളം ശേഖരിക്കുകയാണെന്ന് സുരേഷ് ഭവനിൽ മായ പറഞ്ഞു. കോളനിയിലേക്ക് കുടിവെള്ളം നൽകുന്നതിനായി സ്ഥാപിച്ച ടാങ്കിൽ ഒരെണ്ണം കഴിഞ്ഞ വർഷം കനത്ത കാറ്റിലും മഴയിലും നശിച്ചിട്ടും പകരം ടാങ്ക് സ്ഥാപിക്കാനും അധികൃതർ മെനക്കെട്ടിട്ടില്ല.

സംസ്ഥാനത്തെ ആദ്യ മാതൃകാ കോളനി ഇങ്ങനെയെങ്കിൽ?..

ഇവിടേക്ക് പുനരധിവസിപ്പിച്ചവരിൽ വീടില്ലാത്തവർക്കും നേരത്തെ നൽകിയ വീടുകൾ പൂർത്തിയാക്കാൻ കഴിയാത്തവരുമായ 25 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുകയും കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന മാതൃകാ കോളനിക്കായി തറക്കല്ലിട്ടത് 2013ൽ. 5.5ലക്ഷം രൂപ ചിലവ് വരുന്ന വീടുകൾ നിർമിക്കാനാണ് അന്ന് ലക്ഷ്യമിട്ടത്.

നിർമാണം തുടങ്ങിയെങ്കിലും ആറു വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. വേണ്ടത്ര വിസ്തൃതിയില്ലാതെ ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്ന രീതിയിൽ നിർമിച്ച വീടുകൾ ഇന്ന് കാട് പിടിച്ചു കിടക്കുന്നു. കാട്ടുപന്നികൾ ഉൾപ്പെടെ വന്യ മൃഗങ്ങൾ വിഹരിക്കുന്ന ഇവിടം കോളനിവാസികൾക്ക് പേടി സ്വപ്നമായി മാറി. വീട് നിർമാണം പൂർത്തിയായാലും ഇവിടേക്കില്ലെന്നാണ് ഇവരുടെ പക്ഷം. ഉയരവും വിസ്തൃതിയും ഇല്ലാത്തതാണ് കാരണം. ഞങ്ങളുടെ പേരിൽ പണം കൊള്ളയടിക്കാനുള്ള തന്ത്രമാണ് ഇതെല്ലാമെന്ന് രാജേഷ് ഭവനിൽ രാജൻ(63) പറഞ്ഞു.

പഴയ വീടുകൾ, ഏതു സമയവും നിലം പൊത്തും

ആദിവാസികളെ പുനരധിവസിപ്പിച്ച 2002ൽ നിർമിതി കേന്ദ്ര വഴി നിർമിച്ച വീടുകൾ ഏതു സമയവും നിലം പൊത്താറായ അവസ്ഥയിലാണ്. അടിത്തറ ഇളകി, മേൽക്കൂര ചൊർന്നൊലിച്ച്, ഭിത്തികൾ തകർന്ന വീടിനുള്ളിൽ ഭീതിയോടെ കഴിയുന്നു പലരും. പാതി വഴിയിൽ നിർമാണം നിലച്ച വീടുകൾ എവിടെയും കാണാം.

ബഫല്ലോ ഫാമിൽ ചത്ത പശുക്കളുടെ ദുർഗന്ധം

കോളനിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുര്യോട്ടുമല ബഫല്ലോ ഫാമിൽ ചത്ത പശുക്കളുടെ ദുർഗന്ധം മൂലം ജീവിക്കാനാകുന്നില്ലെന്ന് കോളനിയിലെ പ്രമോട്ടർ കൂടിയായ ജയ പറഞ്ഞു. കോളനിയോട് ചേർന്ന ഇവയെ കുഴിച്ചിടാതെ ഉപേക്ഷിക്കുന്നതാണ് കാരണം. ഫാമിലേക്ക് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ഇവർ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama