go

ഓൺലൈൻ വാഹന വിൽപനയുടെ പേരിൽ തട്ടിപ്പിനു ശ്രമം; പരാതി

SHARE

കൊല്ലം ∙ ഓൺലൈൻ വാഹന വിൽപനയുടെ പേരിൽ തട്ടിപ്പിനു ശ്രമം. ഉത്തരേന്ത്യൻ സ്വദേശിക്കെതിരെ പൊലീസിൽ പരാതി. വാങ്ങാൻ താൽപര്യപ്പെട്ട വാഹനത്തിന്റെ വില വാഹനം കയ്യിൽ കിട്ടിയ ശേഷം അയച്ചാൽ മതിയെന്നും കുറിയർ ചാർജ് നൽകണമെന്നും പറഞ്ഞാണു തട്ടിപ്പ്. ഓൺലൈൻ സൈറ്റ് വഴി വാഹനം വാങ്ങാൻ അന്വേഷണം നടത്തിയ ഉമയനല്ലൂർ സ്വദേശി ജവാദ് ഹുസൈനെയാണു തട്ടിപ്പിനിരയാക്കാൻ ഉത്തരേന്ത്യൻ സ്വദേശി ശ്രമിച്ചത്. സ്കൂട്ടർ വാങ്ങാൻ താൽപര്യപ്പെട്ടപ്പോൾ 70000 രൂപ വില വരുന്ന സ്കൂട്ടർ 30000 രൂപയ്ക്കു നൽകാൻ ഇയാൾ തയാറായി.

ആർസി ബുക്കിന്റെ കോപ്പിയും സ്കൂട്ടറിന്റെ ഫോട്ടോയും ആവശ്യപ്പെട്ടപ്പോൾ വാട്സാപ്പിലൂടെ ജവാദിന് അയച്ചുകൊടുത്തു. ആർസി ബുക്കിലെ റജിസ്ട്രേഷൻ നമ്പർ നോക്കിയപ്പോൾ വാഹനം തിരുവനന്തപുരം സ്വദേശിയുടെ പേരിൽ റജിസ്റ്റർ ചെയ്തതാണ്. പിന്നീട് ഇതു കൊല്ലം മൈനാഗപ്പള്ളി സ്വദേശിക്കു വിൽക്കുകയും ചെയ്തിട്ടുണ്ട്. മൈനാഗപ്പള്ളി സ്വദേശിയെ ജവാദ് ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ തന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ ഫോട്ടോ വച്ചു ഉത്തരേന്ത്യൻ സ്വദേശി പലതവണ തട്ടിപ്പു നടത്തിയതായി വിവരമുണ്ടെന്നു അറിയാൻ കഴിഞ്ഞു. 

ജവാദിന്റെ നിർദേശപ്രകാരം പള്ളിമുക്ക് സ്വദേശിയായ യുവാവിനെക്കൊണ്ടു ഉത്തരേന്ത്യൻ സ്വദേശിയോടു ഹിന്ദിയിൽ സംസാരിച്ചു വാഹനം വാങ്ങാൻ താൽപര്യപ്പെട്ടപ്പോൾ ഇയാൾക്കും 30000 രൂപയ്ക്കു വാഹനം നൽകാൻ തട്ടിപ്പുകാരൻ തയാർ! ആർമിയിലാണെന്നും അടിയന്തരമായി നാട്ടിലേക്കു പോകുന്നതിനാലാണു സ്കൂട്ടർ വിൽക്കുന്നതെന്നുമാണ് ഇയാൾ പറയുന്നത്. 

വിശ്വാസത്തിനായി ആർമിയുടെ ലോറികളുടെയും ചില സ്ഥലങ്ങളുടെയും ഫോട്ടോകളും ഇയാൾ അയച്ചു കൊടുക്കുന്നുണ്ട്. വാഹനം കുറിയറിൽ അയച്ചു തരുമെന്നും കുറിയർ ചാർജിനത്തിൽ 6000 രൂപ അയയ്ക്കണമെന്നുമായിരുന്നു ഇയാളുടെ ഡിമാൻഡ്.  തട്ടിപ്പു ബോധ്യപ്പെട്ട ജവാദ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama