go

പള്ളിക്കലാർ കരകവിഞ്ഞൊഴുകി 200 വീടുകൾ മുങ്ങി; ക്യാംപുകൾ 4

kollam news
പള്ളിക്കലാറ്റിലെ തടയണയുടെ മുകളിലൂടെ വെള്ളമൊഴുകുന്നു.
SHARE

പള്ളിക്കലാർ കര കവിഞ്ഞൊഴുകിയതോടെ ജില്ലയിൽ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 200 ലേറെ വീടുകളിൽ വെള്ളം കയറി. രണ്ടു താലൂക്കുകളിലുമായി 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 148 കുടുംബങ്ങളിലെ 473 പേരാണു വിവിധ ക്യാംപുകളിൽ കഴിയുന്നത്.  4 വീടുകൾ പൂർണമായും 204 വീടുകൾ ഭാഗികമായും തകർന്നു. കൃഷി ആവശ്യത്തിനായി പള്ളിക്കലാറിനു കുറുകെ തടയണ കെട്ടിയതാണ് ആറ് കവിയാൻ കാരണമായി കരുതുന്നത്.

ജലസേചന വകുപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന തടയണയുടെ ജോലി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണു വെള്ളം കയറിയത്. പള്ളിക്കലാറിലൂടെ ഒഴുകിയെത്തിയ കിഴക്കൻ വെള്ളമാണു ശൂരനാട് തെക്ക്, തൊടിയൂർ മേഖലകളെ വെള്ളത്തിനടിയിലാക്കിയത്. പ്രദേശത്തെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറി.

kollam-water-changadam
വെള്ളം കയറിയ തൊടിയൂർ പാലത്തിനു സമീപം വീപ്പ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ പോകുന്നവർ ചിത്രം: മനോരമ

തൊടിയൂർ, ശൂരനാട് മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. പടിഞ്ഞാറ്റെമുറി കരിങ്ങാട്ടിൽ ശിവ– പാർവതി ക്ഷേത്രത്തിലും വെള്ളം കയറി. ഇവിടേയ്ക്കുള്ള വഴിയും വെള്ളക്കെട്ടിലാണ്. പഞ്ചായത്ത്, വില്ലേജ് ഓഫിസ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

kollam-vengara
വേങ്ങര എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നുളള കാഴ്ച

ഇൗ മേഖലകളിൽ തിങ്കൾ രാവിലെ മുതലാണു വെള്ളം കയറി തുടങ്ങിയത്. തൊടിയൂർ പാലത്തിനു സമീപത്തുള്ള തൊടിയൂർ – പാവുമ്പ റോഡ് വെള്ളത്തിനടിയിലാണ്.കൃഷി ആവശ്യത്തിനു വേണ്ട വെള്ളം വട്ടക്കായലിൽ ഇല്ലാത്തതിനാലാണ് ആര്യമ്പാടത്തേക്കു നെൽക്കൃഷിക്കു വേണ്ട വെള്ളമെത്തിക്കാൻ പള്ളിക്കലാറിനു കുറുകെ തടയണ നിർമിച്ചത്. ഇതേത്തുടർന്നു വെള്ളം ഒഴുകി പോകാനാകാതെ കര കവിഞ്ഞതാണെന്നാണു നാട്ടുകാർ പറയുന്നത്. 

ഒറ്റപ്പെട്ട് കോണത്ത് തുരുത്ത്

പള്ളിക്കലാർ നിറഞ്ഞു സമീപ പ്രദേശങ്ങളിലേക്കു വെള്ളം കയറി തുടങ്ങിയതോടെ കരുനാഗപ്പള്ളി താലൂക്കിലെ കോണത്ത് തുരുത്ത് പൂർണമായി ഒറ്റപ്പെട്ടു. പതിനഞ്ചോളം കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്. 2 ദിവസം മുൻപാണ് ഇവിടേക്കു വെള്ളം കയറി തുടങ്ങിയത്.  അതോടെ പ്രദേശവാസികൾ ബന്ധുവീടുകളിലേക്കു താമസം മാറ്റി. ഭൂമിശാസ്ത്രപരമായി ശൂരനാട് തെക്ക് പ്രദേശത്താണു കോണത്ത് തുരുത്തുള്ളത്. എന്നാൽ ഈ പ്രദേശം കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിലാണ്. വെള്ളം കയറിയതോടെ ഇവിടെ നിന്നു കരുനാഗപ്പള്ളി, തൊടിയൂർ ഭാഗത്തേക്കു പോകാനുള്ള റോഡും വെള്ളത്തിനടിയിലായി.

‘തിങ്കളാഴ്ച രാവിലെയാണു വീട്ടിൽ വെള്ളം കയറി തുടങ്ങിയത്. മുട്ടൊപ്പം വെള്ളമെത്തിയപ്പോൾ ഞങ്ങൾ അവിടെ നിന്നു മാറി പടിഞ്ഞാറ്റേമുറി അങ്കണവാടിയിലെത്തി. അപ്പോൾ ഇവിടെ ക്യാംപ് തുടങ്ങിയിരുന്നില്ല. അടുത്ത വീടുകളിൽ നിന്നുള്ളവർക്കൊപ്പം ഞങ്ങളും ഇവിടെയാണു താമസിച്ചത്.’– ക്യാംപിൽ കഴിയുന്ന നെടിയപ്പാറ സ്വദേശിനി ഭവാനിയമ്മ പറഞ്ഞു.  ഇന്നലെയാണു പടിഞ്ഞാറ്റെമുറി അങ്കണവാടിയെ ഔദ്യോഗിക ക്യാംപാക്കി മാറ്റിയതെങ്കിലും ഒരു ദിവസം മുൻപു തന്നെ ഇവിടേക്ക് ആൾക്കാരെത്തി തുടങ്ങിയിരുന്നു.

അലോപ്പതി, ഹോമിയോ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങളും ക്യാംപുകളിലുണ്ട്. വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ളവർ, ആശാ വർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും എന്തിനും സജ്ജമായി ക്യാംപുകളിലുണ്ട്.  ശൂരനാട് നോ‍ർത്ത്, തൊടിയൂർ ഭാഗങ്ങളിലെ ഹെക്ടർ കണക്കിനു കൃഷിയിടങ്ങളും പാടങ്ങളും വെള്ളത്തിനടിയിലായി. പോരുവഴി, മലനട പാടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama