go

പ്രളയബാധിതർക്ക് സഹായ പ്രവാഹം

kollam news
SHARE

കൊല്ലം ∙ പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി ജില്ലയിലെ ശേഖരണ കേന്ദ്രങ്ങളിലേക്കു സഹായ പ്രവാഹം. പെരുന്നാൾ ആഘോഷം വേണ്ടെന്നു വച്ച് ദുരിത ബാധിതർക്കായി ബിസ്കറ്റ് പാക്കറ്റുകളും കുടിവെള്ളവും എത്തിച്ച‌വരും ഏറെ. വയനാട്, കോഴിക്കോട് ജില്ലകളിലേക്കാണ് ഇന്നലെ സഹായം അയച്ചത്. കഴിഞ്ഞ ദിവസവും 2 വാഹനങ്ങൾ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കു പോയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൂടുതൽ വൊളന്റിയർമാരും ശേഖരണ കേന്ദ്രത്തിൽ പ്രവർത്തിക്കാനെത്തിയിരുന്നു.

അവധി ദിനമായതിനാൽ എന്തിനും തയാറായി ഒട്ടേറെ ചെറുപ്പക്കാരാണു ടി.എം.വർഗീസ് ഹാളിലെ ശേഖരണ കേന്ദ്രത്തിൽ സഹായത്തിനുണ്ടായിരുന്നത്. ശേഖരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കൾ സ്വീകരിക്കുക, അവ തരം തിരിച്ചു പാക്ക് ചെയ്യുക, കയറ്റി അയയ്ക്കുക എന്നിങ്ങനെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയതു ചെറുപ്പക്കാർ തന്നെയാണ്.

മുഴുവൻ സമയവും ശേഖരണ കേന്ദ്രം പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലാണ് ഇന്നലെ അവശ്യ സാമഗ്രികൾ കയറ്റി അയച്ചത്. ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണു കൂടുതൽ സഹായങ്ങളും എത്തുന്നത്. വിവിധ സംഘടനകളുടെയും പൊലീസിന്റെയും നേതൃത്വത്തിലും ശേഖരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ആവശ്യമായ വസ്തുക്കൾ

പുതപ്പ്, ബെഡ്ഷീറ്റ്, തോർത്ത്, വസ്ത്രങ്ങൾ, പാൽപൊടി, കുടിവെള്ളം, ബിസ്കറ്റ്, അരി, സോപ്പ്, പേസ്റ്റ്, സാനിറ്ററി നാപ്കിൻ, പായ, ബ്ലീച്ചിങ് പൗഡർ.

എന്റെ കയ്യിൽ ഈ പൈസ മാത്രമേയുള്ളൂ

കൊല്ലം∙ടി.എം.വർഗീസ് ഹാളിലെ ശേഖരണ കേന്ദ്രത്തിലേക്ക് ഊന്നുവടിയുടെ സഹായത്തോടെയാണ് ഇന്നലെ ഉച്ചയോടെ ഒരു എഴുപതുകാരനെത്തിയത്. കയ്യിൽ കരുതിയ 2,500 രൂപ ശേഖരണ കേന്ദ്രത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ നൽകാനൊരുങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോകുമ്പോൾ ഈ കാശിന് എന്തെങ്കിലും വാങ്ങി ക്യാംപിൽ കഴിയുന്നവർക്കു കൊടുക്കണം. അല്ലെങ്കിൽ, ആവശ്യക്കാർക്ക് ഈ പണമെങ്കിലും നൽകണം.’

എന്നാൽ ദുരിതാശ്വാസ ക്യാംപിലേക്കു വേണ്ട അവശ്യ സാമഗ്രികൾ മാത്രമേ ശേഖരണ കേന്ദ്രത്തിൽ സ്വീകരിക്കൂ എന്ന് അറിയിച്ചെങ്കിലും ആ പണം വാങ്ങാൻ അദ്ദേഹം വീണ്ടും ഉദ്യോഗസ്ഥരെ നിർബന്ധിച്ചു. ഉദ്യോഗസ്ഥർ അതിനു തയാറാകാത്തതിനാൽ എങ്കിൽ ഈ പണത്തിന് എന്തെങ്കിലും വാങ്ങി ഇവിടേക്ക് എത്തിക്കാമെന്നു പറഞ്ഞു തൊട്ടടുത്തെ കടയിലേക്ക്. ശേഖരണ കേന്ദ്രത്തിൽ പണം സ്വീകരിക്കില്ല എന്നറിയാതെ, ദുരിതബാധിതർക്കു സഹായമാകാൻ തന്റെ കയ്യിൽ കരുതിയിരുന്ന തുകയുമായി എത്തിയതായിരുന്നു ആ എഴുപതുകാരൻ.

മിഷൻ റീകണക്റ്റ് വീണ്ടും പ്രളയബാധിത മേഖലകളിലേക്ക്

കൊല്ലം ∙ മഴക്കെടുതി മൂലം തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൊല്ലത്തു നിന്നും കെ എസ് ഇ ബി സംഘം കണ്ണൂരിലേക്ക് . 21 ലക്ഷത്തിൽപ്പരം വൈദ്യുതി കണക്‌ഷനുകളാണ് വടക്കൻ ജില്ലകളിൽ തകരാറിലായത്. ഇത് പരിഹരിക്കാൻ മിഷൻ റീകണക്റ്റ് 2019 എന്ന കെ എസ് ഇ ബിയുടെ കൺട്രോൾ റൂം 24 മണിക്കൂറും തിരുവനന്തപുരത്ത് പ്രവർത്തിച്ചു വരുന്നു.

ഇവരുടെ നിർദേശ പ്രകാരം തെക്കൻ ജില്ലയിൽ നിന്ന് ആദ്യമായി പുറപ്പെടുന്നത് കൊല്ലം ജില്ലയിൽ നിന്നുള്ള സംഘമാണ്. അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് 33 അംഗ ആദ്യസംഘം പുറപ്പെട്ടത്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എസ് എൻജിനീയർ പ്രസന്ന കുമാരി യാത്രാ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

ദുരിതാശ്വാസം വഴിതിരിക്കാൻ വ്യാജപ്രചാരണം ; നടപടി സ്വീകരിക്കും

കൊല്ലം ∙ ആശ്വാസമെത്തിക്കാൻ സർക്കാരും നാട്ടുകാരും ഉൾപ്പടെ നടത്തുന്ന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്നു കലക്ടർ. കൊല്ലത്ത് കടൽ കയറുമെന്നും സുനാമി സാധ്യതയുണ്ടെന്നും ആണ് തെറ്റായ പ്രചാരണം. വാട്സാപ്പ് വോയ്‌സ് മെസേജായി പി ആർ ഡി , ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് പ്രചാരണം. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവർ അതിനായി സർക്കാർ സംവിധാനങ്ങളുടെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്.

നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിൽ നടത്തുന്ന കുറ്റകരമായ നടപടിയാണിത്. ഇതിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണറോട് ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലാ കലക്ടറുടെ 'കലക്ടർ കൊല്ലം' ഫെയ്‌സ്ബുക് പേജിലും 'പി ആർ ഡി കൊല്ലം' എന്ന ഫെയ്‌സ്ബുക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.

12നു രാവിലെ 8 വരെ  പെയ്തത്

കൊല്ലം – 18 മില്ലീമീറ്റർ

ആര്യങ്കാവ് – 9 മില്ലീമീറ്റർ

പുനലൂർ – 23.2 മില്ലീമീറ്റർ

ഇന്നു ജില്ലയിൽ മഴ മുന്നറിയിപ്പില്ല

പെയ്ത മഴ

ജൂൺ 1 മുതൽ ഓഗസ്റ്റ് 12 വരെ ജില്ലയിൽ പെയ്തത് – 797.1 മില്ലീമീറ്റർ മഴ, മഴക്കുറവ് – 12 ശതമാനം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama