go

കരുതലിന്റെ അന്നമൂട്ടിന് 25 ആണ്ടിന്റെ നിറവ്

kollam news
എസ്എസ് സമിതി പ്രവർത്തകർ കൊല്ലം ജില്ലാ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

കൊല്ലം∙പ്രളയത്തിനോ കാറ്റിനോ ഇവരെ തടുക്കാനായിട്ടില്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന നിർധനരുടെ പാത്രത്തിലേക്ക്, മയ്യനാട് എസ്എസ് സമിതി ചോറു വിളമ്പി തുടങ്ങിയിട്ട് ഈ സ്വാതന്ത്ര്യ ദിനത്തിൽ 25 വർഷം പൂർത്തിയാകും. ഭക്ഷണവിതരണത്തിന്റെ രജതജൂബിലി. എസ്എസ് സമിതി എന്ന അഭയകേന്ദ്രത്തിന്റെ തുടക്കത്തിനും ഈ ഭക്ഷണ വിതരണമാണു നിമിത്തമായത്. 1994 ഓഗസ്റ്റ് 15നു 100 പേർക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടായിരുന്നു തുടക്കം. പിന്നെ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. 10 വർഷമായി 500 പേർക്കാണു ദിവസവും ഭക്ഷണം നൽകുന്നത്.

വൈകിട്ട് അഞ്ചിനാണ് ഭക്ഷണം വിതരണം. താലൂക്ക് ഓഫിസിനു സമീപം താൽക്കാലിക അടുക്കള നിർമിച്ചായിരുന്നു തുടക്കം. വാർഡുകളിലെത്തി അർഹരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂപ്പൺ നൽകുമായിരുന്നു. അതുമായി എത്തുന്നവർക്കാണു ഭക്ഷണം നൽകുന്നത്. കാലം പിന്നിട്ടപ്പോൾ കൂപ്പൺ സമ്പ്രദായം ഒഴിവാക്കി. ചോറ്, സാമ്പാർ, അച്ചാർ, അവിയൽ അല്ലെങ്കിൽ തോരൻ ഇതാണ് ആദ്യദിനം മുതൽ ഇന്നുവരെയുള്ള മെനു. എല്ലാവർക്കും ഒരേ ഭക്ഷണം.

അതും, ചൂടോടെ അവരുടെ പാത്രത്തിൽ. ഭക്ഷണ വിതരണം തുടങ്ങികുറച്ചുകാലം കഴിഞ്ഞപ്പോഴാണ്, ജില്ലാ ആശുപത്രിയിൽ ചികിത്സ പൂർത്തിയാകുന്ന പലരും പോകാൻ ഇടമില്ലാതെ തെരുവിലേക്ക് മടങ്ങുന്നതായി കണ്ടെത്തിയത്. ഇവർക്ക് അഭയം ഒരുക്കാൻ 1996ൽ എസ്എസ് സമിതി സ്ഥാപിച്ചു. മാനേജിങ് ട്രസ്റ്റ് ഫ്രാൻസിസ് സേവ്യർ അന്ന് വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്നു. തവണ വ്യവസ്ഥയിൽ വിലനൽകി, 83 സെന്റ് സ്ഥലവും കെട്ടിടവും സ്വന്തമാക്കി കൊണ്ടാണ് അഭയകേന്ദ്രം ആരംഭിച്ചത്.

7 പേർക്കാണ് ആദ്യം അഭയം നൽകിയത്. അന്തേവാസികൾ ഇപ്പോൾ 450ൽ ഏറെ. ഭൂരിഭാഗവും തെരുവിൽ നിന്നെത്തിയവർ. കെട്ടിടം 45,000 ചതുരശ്ര അടിയായി വളർന്നു. 10 ഏക്കറോളം സ്വന്തമായി. അന്തേവാസികളുടെ എണ്ണം പെരുകിയപ്പോഴും ആശുപത്രിയിലെ ഭക്ഷണ വിതരണം മുടക്കിയില്ല. ലക്ഷങ്ങളുടെ ബാധ്യതയ്ക്കു നടുവിൽ നിന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മഠത്തിൽ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama