go

പ്രഹരശേഷി കുറയാതെ മഴ: വീടുകളും കൃഷിയിടങ്ങളും തകർന്നു

kollam news
മഴയിൽ ഇടമുളയ്ക്കൽ പുത്താറ്റ് ചരണംക്കോട്ട് പുത്തൻവിള വീട്ടിൽ വസന്തയുടെ വീട് തകർന്ന നിലയിൽ.
SHARE

ഇടമുളയ്ക്കൽ ∙ മഴയിൽ മേഖലയിലെ രണ്ടു വീടുകൾക്കു നാശം സംഭവിച്ചു. ഒരു വീട് പൂർണമായും നശിച്ചു.മറ്റൊരു വീടിന്റെ ചിമ്മിനിക്കുമാണു നാശം. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പുത്താറ്റ് ചരണംക്കോട്ട് പുത്തൻവിള വീട്ടിൽ വസന്തയുടെ വീടാണു പൂർണമായും നശിച്ചത്.  അടുക്കള ഭാഗത്തെ മൺകട്ട കൊണ്ടുള്ള ഭിത്തി തകർന്നതോടെ വീട് അപകട ഭീഷണിയിലാണ്. വീട്ടുകാരെ സമീപത്തെ ബന്ധുവീട്ടിലേക്കു മാറ്റി. അപകടം നടക്കുമ്പോൾ വസന്ത സമീപത്തെ ബന്ധു വീട്ടിലായിരുന്നു. വീടിന്റെ മറ്റു ചുവരുകൾക്കു ബലക്ഷയം ഉള്ളതായും പറയുന്നു. ഇളമാട് പഞ്ചായത്തിലെ മുളയം സ്വദേശി ബാബുവിന്റെ വീടിന്റെ ചിമ്മിനിയാണു തകർന്നത്.

ചെങ്കിലാത്ത് മേക്കണ്ടത്തിൽ വീട്ടിൽ യോഹന്നാന്റെ വീടിനോട് ചേർന്ന ഭാഗം ഇടിഞ്ഞ നിലയിൽ.

മഴ തുടരുന്നു: നാശനഷ്ടങ്ങളും

പത്തനാപുരം∙ മഴ തുടരുന്നു, ഒരു വീട് ഭാഗികമായും മറ്റൊരു വീടിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. ചെങ്കിലാത്ത് മേക്കണ്ടത്തിൽ വീട്ടിൽ യോഹന്നാന്റെ വീടിനോട് ചേർന്ന ഭാഗം, ശാലേംപുരം ഇളങ്ങാട് പാപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തി എന്നിവയാണ് തകർന്നത്. ആർക്കും പരുക്കില്ല. പുലർച്ചെയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. പാപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തി പൂർണമായും തകർന്നു. ഉയർന്ന ഭാഗമായതിനാൽ ഭയപ്പെടുകയാണ് കുടുംബം.

ശാലേംപുരം ഇളങ്ങാട് പാപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ.

യോഹന്നാന്റെ വീടിന്റെ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. പട്ടാഴി, തലവൂർ, വെട്ടിക്കവല, വിളക്കുടി, പിറവന്തൂർ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നാശവും ഉണ്ടായി. ഏലാകളിൽ വെള്ളം കെട്ടി നിന്നാണ് കൃഷി നാശം. പച്ചക്കറി കൃഷിയാണ് കൂടുതലും നശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.

ആര്യങ്കാവ് – റോസ്മല പാതയിലെ തകർച്ചയിലായ ചപ്പാത്ത്.

ഏതുനിമിഷവും ഒലിച്ചു പോകാവുന്ന ചപ്പാത്ത്

തെന്മല ∙ ആര്യങ്കാവ് – റോസ്മല പാതയിലെ ചപ്പാത്ത് ഏതുനിമിഷവും ഒലിച്ചുപോകാം. ആര്യങ്കാവ് ആർഒ ജംക്‌ഷനിൽ നിന്നു റോസ്മലയ്ക്ക് തിരിയുന്ന ഭാഗത്തെ ചപ്പാത്താണ് ഭീതി ഉയർത്തി നിൽക്കുന്നത്. ചെറിയ മഴയിൽ നിറഞ്ഞൊഴുകുന്ന ചപ്പാത്ത് നാട്ടുകാർക്കും ദുരിതമാണ് സമ്മാനിക്കുന്നത്.

ചപ്പാത്ത് നിറഞ്ഞാൽ ഇതുവഴിയുള്ള ഗതാഗതവും നിലയ്ക്കും. ചപ്പാത്തിനു അക്കരെയുള്ള യുപി സ്കൂളിലെ പഠനവും നിലയ്ക്കും. റോസ്മല, രാജാകൂപ്പ്, 47 തുടങ്ങിയ ഭാഗത്തെ നൂറുകണക്കിന് ആൾക്കാരുടെ ആശ്രയവുമാണ് ഈ ചപ്പാത്ത്. ചപ്പാത്തിന്റെ ഭാഗത്ത് പാലം നിർമിക്കണമെന്ന ആവശ്യം നാളുകളായി നില‌നിൽക്കുന്നു. വനം വകുപ്പിന്റെ അധിനതയിലാണ് ചപ്പാത്ത്.

പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു

തെന്മല ∙ ഡാം – പത്തേക്കർ പാതയിലെ പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു. കെഐപി ലേബർ കോളനിക്ക് സമീപത്തെ പാലത്തിന്റെ കല്ലടയാറിനോട് ചേർന്നുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസം തകർന്നു വീണത്. സംരക്ഷണഭിത്തി തകർന്നു വീണ ഭാഗത്താണ് കുളിക്കടവും. സാധാരണ ഇവിടെ കുളിക്കുന്നവരുടെ നല്ല തിരക്കുണ്ടാകും. തകർന്നു വീണതിന്റെ ബാക്കി ഭാഗവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama