go

‘കടാപ്പുറത്ത് പറയണേത് ഇങ്ങനൊക്കാണ് ’

kollam news
ജെർസൺ സെബാസ്റ്റ്യൻ
SHARE

കൊല്ലം ∙ ‘അതേ, ഈ കടാപ്പുറത്ത് പറയണേത് ഇങ്ങനൊക്കാണ്.’ മത്സ്യത്തൊഴിലാളികളുടെ ഭാഷ നിറഞ്ഞ പുസ്തകവുമായി തങ്കശ്ശേരി പൂമുഖം തുണ്ടുപറമ്പിൽ സെബാസ്റ്റ്യന്റെയും നിർമലയുടെയും മകൻ ജെർസൺ സെബാസ്റ്റ്യൻ. താന്നി മുതൽ തങ്കശ്ശേരി വരെയുള്ള തീരദേശത്തെ കടൽപ്പുറ ഭാഷയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ‘ഞാങ്ങ നീങ്ങ’ എന്ന പുസ്തകം 17നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രകാശനം ചെയ്യും. 1,700 തീരദേശ പദങ്ങളടങ്ങിയ പുസ്തകമാണിത്.

13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ജെർസൺ മനസ്സിലുള്ള ഒരാഗ്രഹം സഫലമാകുന്നതിന്റെ ത്രില്ലിലാണിപ്പോൾ. ജെർസന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയായിരുന്നു. കുട്ടിക്കാലത്ത് അച്ഛനെ സഹായിക്കാൻ പോകുമ്പോഴാണ് ആദ്യം ഓരോരോ വാക്കുകൾ കേ‍ൾക്കുന്നത്. സ്കൂളിൽ നിന്നു പഠിച്ചതിൽ ആ വാക്കുകൾ ഉണ്ടായിരുന്നില്ല.

പതിയെ പതിയെ തീരദേശത്തെ വാക്കുകൾ ഒന്നൊന്നായി ജെർസൺ പഠിച്ചു, പുതിയ വാക്കുകൾ കേട്ടുക്കൊണ്ടേയിരുന്നു. 2019 രാജ്യാന്തര പ്രാദേശിക ഭാഷാ  വർഷമായി ആഘോഷിക്കുന്നതിനെ തുടർന്ന് യുനെസ്കോ അവരുടെ പൈതൃക ഭാഷാ പട്ടികയിൽ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുമെന്ന് അറിഞ്ഞതിനെ തുടർന്നാണു ജെർസൺ തീരദേശത്തെ പദങ്ങൾ ശേഖരിച്ചു തുടങ്ങുന്നത്.

സൗദിയിലെ എച്ച്ആർ ജോലിക്കിടെയായിരുന്നു ഇത്. ‘എന്നും ഞാൻ വീട്ടിലേക്കു ഫോൺ ചെയ്യും. അച്ഛനും അമ്മയും സംസാരിക്കുന്നതിൽ നിന്ന് ഓരോരോ പുതിയ പദങ്ങൾ കണ്ടെത്തും. അവ പേപ്പറിൽ എഴുതി അവയുടെ അർഥവും ശേഖരിക്കും. 1,700 വാക്കുകൾ ഇത്തരത്തിൽ ശേഖരിച്ചു.’ ജെർസൺ പറയുന്നു.

പിന്നീടു യുനെസ്കോയുമായി ബന്ധപ്പെട്ടപ്പോഴേയ്ക്കും സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് ഈ വാക്കുകൾ പുസ്തക രൂപത്തിലാക്കുക എന്ന ചിന്ത വരുന്നത്. ക്വയ്‌ലോൺ ഹെറിറ്റേജ് സെന്ററിന്റെയും തങ്കശ്ശേരി ഗാന്ധി സേവാ സംഘത്തിന്റെയും സഹകരണത്തോടെയാണു പുസ്തകം പ്രകാശനം ചെയ്യുന്നത്. ‘തങ്കശ്ശേരിയുടെ നൊസ്റ്റാൾജിയ’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണു ജെർസണിപ്പോൾ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama