go

ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം; ആലപ്പുഴ സ്വദേശി പിടിയിൽ

kollam news
സുമേഷ്
SHARE

കരുനാഗപ്പള്ളി ∙ ആലപ്പാട്ട് 4 ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്നു പണം കവർന്ന കേസിൽ ആലപ്പുഴ കളർകോട് പേരൂർ കോളനി ഹൗസ് നമ്പർ 47 ൽ  എസ്.സുമേഷിനെ (36) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ അഞ്ചിന് ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിലും തുടർന്നുള്ള ദിവസങ്ങളിൽ അഴീക്കൽ പൂക്കോട്ട് ദേവി ക്ഷേത്രത്തിലും കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്ന കേസുകളിലെ പ്രതിയാണ്. അഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ റോഡിന്റെ ഭാഗത്തുള്ള വഞ്ചിയും തുറന്നു.

ക്ഷേത്ര മോഷണം തുടർന്നതോടെ എസിപി ഡി.വിദ്യാധരൻ പ്രത്യേക സ്ക്വാഡിനെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ വി.ശിവകുമാർ, അലോഷ്യസ്, ശ്യാംലാൽ, എഎസ്ഐ ഷാഫി, എസ്‌സിപിഒമാരായ ശ്രീകുമാർ, സുമേഷ്, സിനു, രിപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്ഷേത്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് 8350 രൂപ പൊലീസ് കണ്ടെടുത്തു. മാസങ്ങൾക്കു മുൻപ് വവ്വാക്കാവ് പുലിയൻകുളങ്ങര ക്ഷേത്രം,

ചെറിയഴീക്കൽ വടക്കേനട ഭഗവതി ക്ഷേത്രം, ആലപ്പാട് കുരുക്കാശ്ശേരിൽ ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണക്കേസുകളിൽ പിടിയിലായ സുമേഷ് കഴിഞ്ഞ 29ന് ആണു ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. കായംകുളത്തെ ക്ഷേത്രത്തിലും ചവവറയിൽ കട കുത്തിത്തുറന്നും മോഷണം നടത്തിയതും സുമേഷാണെന്നു പൊലീസ് പറഞ്ഞു. ക്ഷേത്രങ്ങളിൽ കയറിയാൽ ആദ്യം മുട്ടുകുത്തി പ്രാർഥിച്ച ശേഷം മോഷണം നടത്തുന്ന രീതിയാണ് ഇയാൾക്കെന്നും പൊലീസ് പറഞ്ഞു.

താമസമില്ലാത്ത വീട്ടിൽ മോഷണ ശ്രമം

ഓച്ചിറ∙ താമസമില്ലാത്ത വീട്ടിൽ മോഷണ ശ്രമം. മുറിക്കുള്ളിൽ സൂക്ഷിച്ച വീട്ടിലെ സിസി ടിവിയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു. പ്രവാസിയായ ഞക്കനാൽ ചെറുതിട്ടയിൽ ധർമദാസിന്റെ വീട്ടിലാണ് മോഷണം ശ്രമം നടന്നത്. ധർമദാസും കുടുംബവും വർ‍ഷങ്ങളായി വിദേശത്താണ്. ഒരു മാസം മുൻപ് അവധിക്ക് എത്തിയിരുന്നു. പ്രധാന കതക് ഉൾപ്പടെ എല്ലാ മുറികളുടെ കതകും അലമാരകളുടെ പൂട്ടും തകർത്ത നിലയിലാണ്. പ്രധാന കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സിസിടിവി ഹാർഡ് ഡിസ്ക് ക്യാബിൻ തകർത്താണ് കവർന്നത്.

വീട്ടിലെ ശുചിമുറിയിൽ കയറി പ്രാഥമിക കർമങ്ങളും നടത്തിയ ശേഷമാണ് മോഷ്ടാക്കൾ പോയത്. വീട് സൂക്ഷിപ്പുകാരൻ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച വെട്ടുകത്തി, പാര എന്നിവ വീടിന്റെ സമീപത്തു നിന്ന് പൊലീസ് കണ്ടെത്തി. സമാന രീതിയിൽ കഴിഞ്ഞ ജൂലൈ 2ന് സപ്ലൈകോയുടെ ഓച്ചിറ സൂപ്പർ മാർക്കറ്റിലും മോഷണം നടന്നിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama