go

കോർപറേഷനെതിരെ ഭരണപക്ഷം

SHARE

കൊല്ലം ∙ പ്രതിപക്ഷം മിതത്വം പാലിച്ചു; ഭരണത്തിനെതിരെ ഭരണപക്ഷം ആഞ്ഞടിച്ചു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ ഉൾപ്പെടെ നടത്തിയ തുറന്ന പോരിനു പ്രതിപക്ഷം ഡസ്കിൽ അടിച്ചു പിന്തുണ നൽകി.  ഭരണത്തിലെത്തി  4 വർഷം ആകുമ്പോഴും തെരുവുവിളക്കു പ്രശ്നം പരിഹരിക്കാത്തതും ലൈഫ് മിഷൻ പദ്ധതി പ്രകാരം ഇപ്പോൾ പട്ടികയുമായി എത്തിയതുമാണു ഭരണപക്ഷത്തെ ‘പ്രകോപിപ്പിച്ചത്’. 4 വർഷമായി എല്ലാ കൗൺസിലിലും വിഷയം ഉന്നയിച്ചിട്ടും പ്രയോജനമില്ലാത്തതിനാൽ പ്രതിപക്ഷ നേതാവ് ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നു പറ‍ഞ്ഞാണു പ്രതിപക്ഷത്തു നിന്നു എം.എസ്.ഗോപകുമാർ പൊതുചർച്ച തുടങ്ങിയത്.

മാലിന്യപ്രശ്നം, തെരുവു വിളക്ക്, രണ്ടര മാസം ആയിട്ടും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി തുടങ്ങാൻ കഴിയാത്തത്, മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നത്, 3.6 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ടൗൺഹാളിന്റെ ദുരവസ്ഥ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഗോപകുമാർ അക്കമിട്ടു നിരത്തി. പിന്നാലെയാണു ഭരണപക്ഷം പ്രതിപക്ഷത്തിന്റെ ‘ചുമതല’ ഏറ്റെടുത്തത്.

സിപിഎമ്മിലെ സഹൃദയനാണു രൂക്ഷവിമർശനം നടത്തിയത്. ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ ആണെന്നു ചന്ദ്രികാ ദേവി ആരോപിച്ചു. തെരുവുവിളക്കു പ്രകാശിപ്പിക്കാത്തതിനെതിരെ ബേബി സേവ്യറും (സിപിഎം) വിമർശനം ഉയർത്തി. മൂന്നാംകുറ്റി മാർക്കറ്റിൽ ദുർഗന്ധം കാരണം കയറാൻ കഴിയുന്നില്ലെന്നു ജെ.വിജയലക്ഷ്മി ആരോപിച്ചു.  

ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്ഥിരസമിതി അധ്യക്ഷരായ എം.എ.സത്താർ, ടി.ആർ.സന്തോഷ് കുമാർ, എസ്.ഗീതാകുമാരി, ചിന്ത എൽ.സജിത്ത്, ടി.ആർ.സന്തോഷ്കുമാർ, പി.െജ. രാജേന്ദ്രൻ പ്രതിപക്ഷ നേതാവ് എ.കെ.ഹഫീസ്, ബി.അജിത്കുമാർ, എൻ.മോഹനൻ, ഹണി ബഞ്ചമിൻ, എ.നിസാർ, എസ്.പ്രസന്നൻ, ശാന്തിനി ശുഭദേവൻ, തൂവനാട്ട് വി.സുരേഷ് കുമാർ, എസ്.ജയൻ, എസ്.മീനാകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

ഓണത്തിനു മുൻപു മുഴുവൻ  തെരുവുവിളക്കും പ്രകാശിപ്പിക്കും: മേയർ 

കൊല്ലം ∙ ഓണത്തിനു മുൻപു മുഴുവൻ തെരുവുവിളക്കും പ്രകാശിപ്പിക്കുമെന്നു മേയർ വി.രാജേന്ദ്രബാബു. കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു. എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നതു  രണ്ടര മാസത്തിനകം പൂർത്തിയാകും. ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള മാപ്പിങ് 22നു മുൻപു പൂർത്തിയാകും.

തട്ടുകടക്കാർക്കെതിരെ നടപടി എടുക്കും. ബീച്ചിൽ ചൈനീസ് നിർമിത ബങ്കുകൾ സ്ഥാപിച്ചു കച്ചവടക്കാരെ പുനരധിവസിപ്പിക്കും. മാലിന്യ നിർമാർജന നടപടികൾ പുരോഗമിക്കുന്നു. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama