go

തകർന്ന വീട്, വഴിയടഞ്ഞ് മതിൽ; ദുരിതമൊഴിയാതെ കുടുംബങ്ങൾ

kollam news
1. മൈലാപ്പൂര് തൊടിയിൽ വീട്ടിൽ സുദർശന വീട്ടിലേക്ക് പോകാൻ അരമതിൽ ചാടിക്കടക്കാനുള്ള ശ്രമത്തിൽ 2. തൊടിയിൽ വീട്ടിൽ സുജാതയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ.
SHARE

കൊട്ടിയം ∙ സഞ്ചരിക്കാൻ വഴിയില്ല, മഴ പെയ്താൽ വെള്ളം വീട്ടിനുള്ളിൽ കയറും, വീടുകളാകട്ടെ നിലം പൊത്താറായ നിലയിൽ. മയ്യനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ മൈലാപ്പൂരുള്ള 3 കുടുംബത്തിലെ അംഗങ്ങൾക്കാണ് ഇൗ ദുർഗതി. അവശതയനുഭവിക്കുന്ന വയോധികരുൾപ്പെട്ട കുടുംബാംഗങ്ങൾക്കു റോഡിലെത്തണമെങ്കിൽ അരമതിൽ ചാടിക്കയറാനുള്ള അഭ്യാസം അറിഞ്ഞിരിക്കണം. 

മൈലാപ്പൂര് വയലിനോടു ചേർന്നുള്ള തൊടിയിൽ വീട്ടിൽ സുദർശന(60), സുജാത(54), ബേബി ഗിരിജ(57) എന്നിവരും കുടുംബാംഗങ്ങളുമാണു വർഷങ്ങളായി ഇൗ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. സമീപത്തെ പള്ളി അധികൃതരുടെ അനുകമ്പയിലാണ് ഇവർ റോഡിലെത്തുന്നത്. പള്ളിമുറ്റത്ത് എത്തണമെങ്കിൽ മതിൽ ചാടിക്കടക്കണം. 

കാടുമൂടിയ പറമ്പിലെ ഇഴജന്തുക്കളെ ഭയന്ന് ഒറ്റയടി പാതയിലൂടെയാണു യാത്ര. വീട്ടുകാർക്ക് ആർക്കെങ്കിലും അസുഖം വന്നാൽ പിന്നെ പറയേണ്ട, എടുത്തുകൊണ്ടു വേണം പോകാൻ. ഒരിക്കൽ മതിൽ ചാടിക്കടക്കുന്നതിനിടെ കാൽവഴുതി വീണ ബേബി ഗിരിജയുടെ കൈ ഒടിഞ്ഞു. വർഷങ്ങൾക്കു മുൻപു വരെ സമീപത്തെ പറമ്പുകൾ വഴിയാണ് ഇവർ നടന്നിരുന്നത്. എന്നാൽ പുതുതായി വസ്തു വാങ്ങിയവർ ഇവിടം മതിൽകെട്ടി തിരിച്ചു. 

വീടിനു മുന്നിലായി മൈലാപ്പൂര് ഏലായുണ്ട്. മഴക്കാലമായാൽ ഇവിടെ അരയ്ക്കൊപ്പമാണു വെള്ളം. നടപ്പാതയ്ക്കു സ്ഥലം കണ്ടെത്തണമെങ്കിൽ വയൽ വാങ്ങണം.  കൂലിപ്പണിക്കാരായ ഇവർക്ക് അതു സ്വപ്നം കാണാൻ പോലുമാവില്ല.  ബേബി ഗിരിജയുടെ വീട് ഒരിക്കൽ അഗ്നിക്കിരയായി. പണം ഇല്ലാത്തതിനാൽ പിന്നീട് ഷീറ്റ് മേഞ്ഞ ശേഷം  സ്നേഹമതിൽ കൊണ്ടാണു പുതിയ വീടു നിർമിച്ചത്.  തൊട്ടടുത്തുള്ള സുജാതയുടെ വീടിന്റെ കൂരകൾ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama