go

ആശുപത്രികളുടെ കൊള്ളയടി; ആ സൗജന്യം സർക്കാരങ്ങു നിർത്തി!

Kollam News
SHARE

കൊല്ലം ∙ എച്ച്1 എൻ1 പരിശോധനയ്ക്കു സ്രവം ശേഖരിക്കുന്നതിനു സ്വകാര്യ ആശുപത്രികൾക്കു നൽകിയിരുന്ന പരിശോധനാ കിറ്റിന്റെ പേരിൽ വ്യാപക ക്രമക്കേടു നടക്കുന്നെന്ന വിവരം പുറത്തു വന്നതോടെ സൗജന്യമായി കിറ്റ് നൽകുന്നത് സർക്കാർ നിർത്തി. പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് എച്ച്1 എൻ1 പരിശോധനയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ 5,000 രൂപ വരെ ഈടാക്കുന്നതായാണ് ആരോപണം. ‌സാംപിൾ ശേഖരിക്കുന്നതിനുള്ള കിറ്റിന്റെ വില ഇനത്തിലാണ് ഇത്. എന്നാൽ സർക്കാരിൽ നിന്നു സൗജന്യമായാണ് സ്വകാര്യ ആശുപത്രികൾക്ക് കിറ്റ് നൽകിയിരുന്നത്. 

ജില്ലയിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നിന്നാണ് കിറ്റുകൾ ശേഖരിക്കുന്ന സാംപിൾ വിക്ടോറിയ ആശുപത്രിയിൽ തന്നെ എത്തിക്കുകയും ഇവിടെ നിന്നു പുണെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും ആയിരുന്നു. ഈ മാസം മാത്രം സ്വകാര്യ ആശുപത്രികൾ 75 കിറ്റുകൾ കൈപ്പറ്റി. അതേസമയം ഇക്കാലയളവിൽ സർക്കാർ ആശുപത്രികൾ  15 കിറ്റിൽ താഴെയാണ് സാംപിൾ ശേഖരണത്തിന് ഉപയോഗിച്ചത്. സർക്കാർ നിർദേശ പ്രകാരമണ് സൗജന്യ കിറ്റ് വിതരണവും ഗവ. വിക്ടോറിയ ആശുപത്രിയിൽ സാംപിൾ ശേഖരണവും അവസാനിപ്പിച്ചതെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.വി.ഷേർലി പറഞ്ഞു. 

പരിശോധനയുടെ മറവിൽ സ്വകാര്യ ആശുപത്രിയിൽ പണം ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു. സൗജന്യമായി കിറ്റ് നൽകേണ്ടെന്ന് കഴിഞ്ഞ ദിവസമാണു നിർദേശം ലഭിച്ചത്. കാരണം വ്യക്തമാക്കിയില്ലെങ്കിലും സ്വകാര്യ ആശുപത്രികൾ കിറ്റിന്റെ മറവിൽ രോഗികളെ ചൂഷണം ചെയ്യുന്നതാണ് നടപടിയിലേക്ക് നയിച്ചതെന്നാണു വിവരം. 

പനി: ഐസൊലേഷൻ വാർഡുകൾ തുടങ്ങും

പകർച്ചരോഗ പ്രതിരോധം ലക്ഷ്യമാക്കി ജില്ലാ-താലൂക്ക് ആശുപത്രികളിൽ പനി-ഐസൊലേഷൻ വാർഡുകൾ ആരംഭിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. എലിപ്പനി നിർണയ സംവിധാനം ഏർപ്പെടുത്തി പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും ഡോ. വി.വി.ഷേർളി വ്യക്തമാക്കി. കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലും സംവിധാനം ഏർപ്പെടുത്തി. 

സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്ക് 21ന് സമാന പരിശീലനം നൽകുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. ആർ.സന്ധ്യ അറിയിച്ചു. എല്ലാ ആശുപത്രികളിലും അവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. പ്രളയബാധിത മേഖലകളിൽ ശുചീകരണത്തിനായി ബ്ലീച്ചിങ് പൗഡർ നൽകി. ക്യാംപുകളിൽ നിന്ന് മടങ്ങുന്നവർ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. പനി ലക്ഷണങ്ങൾ ഉള്ളവർ  സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടണമെന്നും ഡിഎംഒ നിർദേശിച്ചു.

ഡോക്‌സി ഡേ ആരംഭിച്ചു

ജില്ലയിൽ എലിപ്പനി പ്രതിരോധനത്തിനായി ഡോക്‌സി ഡേ തുടങ്ങി. ജില്ലാതല ഉദ്ഘാടനം തഴവ പഞ്ചായത്തിലെ പാവുമ്പ അമൃത യു പി എസിൽ ആർ രാമചന്ദ്രൻ എംഎൽഎ ഡോക്‌സി സൈക്ലിൻ ഗുളിക കഴിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റ ആഭിമുഖ്യത്തിലാണ് ദിനാചരണം നടത്തുന്നത്. സെപ്റ്റംബർ 21 വരെ ആറു ശനിയാഴ്ചകളിലായി ഡോക്‌സി ഡേ നടത്തും.

ദുരിതാശ്വാസ ക്യാംപുകളിൽ തുടരുന്നവർ, പ്രളയബാധിത മേഖലകളിലുള്ളവർ, ശുചീകരണ-രക്ഷാപ്രവർത്തകർ എന്നിവർക്കാണ് പ്രതിരോധ മരുന്ന് നൽകുന്നത്. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, സാമൂഹിക-പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെയാണ് ഗുളിക ലഭ്യമാക്കുന്നത്. കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഡോക്‌സി ബൂത്തുകളായി പ്രവർത്തിക്കും. ഗുളിക വിതരണത്തിനായി 81 ബൂത്തുകൾ സജ്ജീകരിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama