go

എഫ്ഐആറും കുറ്റപത്രവും 2 കോടതികളിൽ; പരാതിക്കാരെ വട്ടം ചുറ്റിച്ചു പൊലീസ്

Kollam News
SHARE

കൊട്ടാരക്കര∙ കേസിന്റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പൊലീസ് നൽകിയത് പെരിനാട് ഗ്രാമ ന്യായാലയത്തിൽ. കുറ്റപത്രം സമർപ്പിച്ചത് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും. ഒരേ കേസ് ഭാഗങ്ങളായി രണ്ട് കോടതിയിലെത്തിയതോട‌െ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് പെരുമൺ സ്വദേശികളായ പരാതിക്കാർ. പൊലീസ് അദാലത്തിൽ പരാതി എത്തിയതോടെ ഡിജിപി ഇ‌‌ടപെട്ട് ഉടൻ പരിഹാരം കാണാൻ നിർദേശം നൽകി. കേസ് വിവരങ്ങൾ പൂർണമായും ഒരേ കോടതിയിലേക്ക് മാറ്റും. 2017ൽ കുണ്ടറ പൊലീസ് ചാർജ് ചെയ്ത കേസിലാണ് താളപ്പിഴ.

രണ്ട് വീട്ടുകാർ തമ്മിലുള്ള ആക്രമണ കേസാണ്  പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവ് കാരണം താളം തെറ്റിയത്.  സംഭവത്തിൽ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. ഇരു വീട്ടുകാരും ഓരോ കേസുകളിൽ പ്രതിയാണ്. എന്നാൽ ഒരു വീട്ടുകാർ പ്രതിയായ കേസിന്റെ  എഫ്ഐആറും, കുറ്റപത്രവും  കൃത്യമായി  കോടതിയിൽ സമർപ്പിച്ചു. എന്നാൽ എതിർ വീട്ടുകാർ വാദികളായ കേസുകൾ രണ്ട് കോടതികളിലാവുകയും ചെയ്തു.  കുറ്റപത്രം ലഭിക്കാത്തതിനാൽ പെരിനാട്  കോടതിയിൽ വിചാരണ ആരംഭിച്ചില്ല. കുറ്റപത്രം തിരികെ വാങ്ങി പെരിനാട് കോടതിയിൽ നൽകാനാണ് നിർദേശം. പൊലീസിനുണ്ടായ ജാഗ്രത കുറവാണ് കാരണമെന്ന് ‍‍ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.

വാറന്റ് ഇല്ലാതെ വീട്ടിൽ പരിശോധന;  അന്വേഷിക്കാൻ ഉത്തരവ്

പൊലീസ് വാറന്റ് ഇല്ലാതെ വീട്ടിൽ അതിക്രമിച്ചു കയറി തിരച്ചിൽ നടത്തിയെന്ന പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വാളകം അറയ്ക്കൽ സ്വദേശി സുഗന്ധൻ നൽകിയ പരാതിയിലാണ് ഉത്തരവ്. വാറന്റില്ലാത്തെ പ്രതിയെ പിടിക്കാൻ ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ എത്തിയ പൊലീസ് സംഘം അന്യായമായ ബലപ്രയോഗവും ഭവനഭേദനവും നടത്തിയെന്നും നിരപരാധികളായ യുവാക്കളെ അകാരണമായി പിടിച്ചു കൊണ്ടു പോയെന്നും പരാതിയിൽ പറയുന്നു. 

അതേസമയം പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പരാതിക്കാരന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്യാനാണു പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെയും മക്കളെയും കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതികളല്ലെന്നു കണ്ട് ഇവരെ വെറുതെ വിട്ടതായും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാറന്റില്ലാതെ പ്രതിയെ പിടിക്കാനാണു പൊലീസ് പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നു കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. റൂറൽ പൊലീസ് മേധാവി അന്വേഷണത്തിനു ശേഷം കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama