go

നഗരത്തിൽ 5000 ഓട്ടോകൾ തികഞ്ഞു; ഇനി പെർമിറ്റില്ല

kollam-auto
SHARE

കൊല്ലം∙ നഗരത്തിൽ 5000 ഓട്ടോറിക്ഷകൾ തികഞ്ഞതോടെ പുതിയ ഓട്ടോറിക്ഷകൾക്ക് ഇനി പെർമിറ്റ് ഇല്ല. കഴി‍ഞ്ഞ ദിവസമാണ് ഓട്ടോ പെർമിറ്റിനുള്ള അപേക്ഷ 5,000 തികഞ്ഞത്. നടപടി പുരോഗമിക്കുന്ന കുറച്ച് അപേക്ഷകൾ ഒഴികെ മുഴുവൻ ഓട്ടോകൾക്കും പെർമിറ്റ് അനുവദിച്ചു. നഗരപരിധിയിൽ സ്ഥിര താമസക്കാരായവരുടെ ഓട്ടോകൾക്കാണ് പെർമിറ്റ് നൽകിയത്. ദീർഘകാലമായി നഗരത്തിൽ സർവീസ് നടത്തുന്ന, നഗരപരിധിക്കു പുറത്തുള്ളവരുടെ ഓട്ടോകൾക്കും പെർമിറ്റ് അനുവദിച്ചു.

ഓട്ടോറിക്ഷകളുടെ രേഖകളും ഫിറ്റ്നസും പരിശോധിച്ചാണ് പെർമിറ്റ് നൽകിയത്. പെർമിറ്റ് ലഭിച്ച ഓട്ടോകൾക്ക് കെസി നമ്പർ അനുവദിച്ചു. ഓട്ടോറിക്ഷയുടെ മുന്നിലും പിന്നിലും വശങ്ങളിലും കെസി നമ്പർ രേഖപ്പെടുത്തും. 1 മുതൽ 5000 വരെയാണ് കെസി നമ്പർ. ആർടിഒ ബോർഡിന്റെ തീരുമാന പ്രകാരമാണ് ഓട്ടോകളുടെ എണ്ണം 5,000 ആയി നിജപ്പെടുത്തിയത്. പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവർമാർക്കു ട്രാക്കിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി വരികയാണ്. 

ശനിയാഴ്ചകളിലാണു പരിശീലനം. 3700 ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി. യാത്രക്കാരോടുള്ള പെരുമാറ്റം, അപകട രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിലാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്കു തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റ്, ഓട്ടോയിൽ പതിക്കുന്നതിന് സ്റ്റിക്കർ എന്നിവ നൽകും. 

പരിശീലനം ലഭിച്ച ഡ്രൈവർ ആണോ എന്നു യാത്രക്കാർക്കു മനസ്സിലാക്കാൻ വേണ്ടിയാണ് സ്റ്റിക്കർ.പരിശീലനം നേടിയ ഡ്രൈവർമാരുടെയും ഉടമകളുടെയും ഫോൺ നമ്പർ ഉൾപ്പെടെ മുഴു‍വൻ വിവരങ്ങളും മോട്ടർ വാഹന വകുപ്പിന്റെ കൈവശമുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടർ വാഹന വകുപ്പ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama