go

ഓർമകളിൽ ഒ.മാധവൻ; ‘അമ്മ’ അരങ്ങിൽ

kollam-drama
ഒ.മാധവൻ അനുസ്മരണത്തോട് അനുബന്ധിച്ച് കാളിദാസ കലാകേന്ദ്രം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തിൽ നിന്ന്. ചിത്രം: മനോരമ
SHARE

കൊല്ലം ∙ പ്രളയം തിമിർത്താടിയ പ്രകൃതിയുടെ നൊമ്പരങ്ങൾ ഓർമിപ്പിച്ചു ഒ.മാധവൻ സ്മരണയിൽ വീണ്ടുമൊരു നാടക കാവ്യം അരങ്ങിൽ. നാടകാചാര്യൻ അനശ്വര കലാകാരൻ ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകം ‘അമ്മ’ ഇന്നലെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഒ. മാധവൻ ചരമവാർഷിക ദിനത്തിലായിരുന്നു പുതിയ നാടകത്തിന്റെ അരങ്ങേറ്റം. സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ കരുണ നാടകത്തിനു ശേഷം കാളിദാസ കലാകേന്ദ്രം ഇക്കുറി അരങ്ങിലേക്ക് തിരഞ്ഞെടുത്തതു ആധുനിക ജർമൻ നാടകകൃത്ത് ബെർതോൾഡ് ബ്രഹ്തിന്റെ ‘ദ് കോക്കേഷ്യൻ ചോക്ക് സർക്കിൾ’ എന്ന നാടകമാണ്.

ഈ നാടകത്തിന്റെ സ്വാതന്ത്രാവിഷ്കാരമാണ് അമ്മ. ഫ്രാൻസിസ് ടി. മാവേലിക്കരയുടെ രചനയ്ക്ക് വേദിയുടെ സകല സാധ്യതകളും പ്രയോജനപ്പെടുത്തി വിസ്മയകരമായ രംഗഭാഷ്യം തീർത്തതു ചലച്ചിത്രതാരം കൂടിയായ ഇ.എ രാജേന്ദ്രൻ. പ്രകൃതിയെയും മനുഷ്യനന്മയെയും ചൂഷണം ചെയ്യുന്ന അധാർമികതയ്ക്കെതിരെ ശക്തമായ പ്രമേയമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. പ്രളയക്കാഴ്ചകൾ കണ്ടു മടുത്ത കേരളജനതയ്ക്കു തിരിച്ചറിവിന്റെ പുതിയ സന്ദേശം കൂടിയായി അമ്മ.

നാടക രംഗത്തെ ശക്തമായ സാന്നിധ്യം സന്ധ്യാ രാജേന്ദ്രനാണു വസ്ത്രാലങ്കാരവും കൊറിയോഗ്രഫിയും . വിജയകുമാരി ഒ. മാധവൻ, മുകേഷ്, ദിവ്യദർശൻ, ദയാദർശൻ എന്നിവർ ചേർന്നാണു നാടകം നിർമിച്ചിരിക്കുന്നത്. കരിവള്ളൂർ മുരളിയുടെ വരികൾക്കു ഉദയകുമാർ അഞ്ചൽ സംഗീതം നൽകി. ഒ. മാധവൻ അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.ആർ. രാമചന്ദ്രൻ എംഎൽ എ. ഫ്രാൻസിസ് ടി.മാവേലിക്കര , ഇഎ. രാജേന്ദ്രൻ, ഐശ്വര്യ മണി, കെ. രവിവർമ്മ , ആർട്ടിസ്റ്റ് സുജാതൻ, വിജയ ലക്ഷ്മി ഒ മാധവൻ എന്നിവർ പ്രസംഗിച്ചു. ഒ. മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാവിലെ പോളയത്തോട്ടെ വസതിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama