go

പ്രളയക്കണ്ണീരൊപ്പാൻ കൊല്ലത്തിന്റെ വക ‘40 ലോഡ് സ്നേഹം’

പ്രളയബാധിത മേഖലകളിലേക്ക് കയറ്റി അയയ്ക്കാൻ കൊല്ലം ടി.എം.വർഗീസ് ഹാളിൽ അവശ്യസാധനങ്ങൾ സംഭരിച്ചിരിക്കുന്നു.
പ്രളയബാധിത മേഖലകളിലേക്ക് കയറ്റി അയയ്ക്കാൻ കൊല്ലം ടി.എം.വർഗീസ് ഹാളിൽ അവശ്യസാധനങ്ങൾ സംഭരിച്ചിരിക്കുന്നു.
SHARE

കൊല്ലം ∙ നന്ദി കൊല്ലം! ദുരിതബാധിതരെ ചേർത്തു നിർത്തിയതിന്; പ്രളയ മേഖലകളിലേക്ക് ഇത്രയധികം അവശ്യ സാമഗ്രികൾ കയറ്റിയയച്ചതിന്. പ്രളയബാധിത മേഖലകളിലേക്ക് സാധനങ്ങളുമായി ജില്ലയിൽ നിന്നു പോയത് നാൽപതോളം വാഹനങ്ങൾ. പ്രളയ ദുരിതം പേറിയവരുടെ സങ്കടത്തിനൊപ്പം നിന്ന് അവർക്കായി ഒരാഴ്ചയായി സ്നേഹം അയച്ചുകൊണ്ടേയിരുന്നു ജില്ല.

അവശ്യ സാമഗ്രികളുടെ ശേഖരണം ഇന്നലെ ഉച്ചയോടെ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും വൈകിട്ടു വരെ സഹായം എത്തിക്കൊണ്ടിരുന്നു. ജില്ലാ ഭരണകൂടം 27 ലോഡും പൊലീസ് ഉദ്യോഗസ്ഥർ 3 ലോഡും സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ പത്തോളം ലോഡും സാമഗ്രികൾ ദുരിത മേഖലകളിലേക്ക് അയച്ചു.  വയനാട്ടിലേക്കാണ് ഏറ്റവുമധികം ലോഡ് അയച്ചത്. 11 ലോഡ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലേക്കും കൊല്ലത്തിന്റെ സഹായമെത്തി.

വയനാട്ടിലേക്കും മലപ്പുറത്തേക്കും പൊലീസ് എആർ ക്യാംപിൽ നിന്നും സഹായമെത്തിച്ചു. കലക്ടർ ബി.അബ്ദുൽ നാസർ, അസി. കലക്ടർ മാമോനി ഡോല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. റവന്യു വകുപ്പ്, ഐടി മിഷൻ ജീവനക്കാർ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് ഒരാഴ്ചയായി ടി.എം. വർഗീസ് ഹാളിലെ ശേഖരണ കേന്ദ്രത്തിലുണ്ടായിരുന്നു. താലൂക്ക് കേന്ദ്രങ്ങളിലെ ശേഖരണ കേന്ദ്രങ്ങളിൽ നിന്നും ഇവിടേക്കു സാധനങ്ങളെത്തി. 

ഊർജസ്വലരായി ചെറുപ്പക്കാർ

ഇത്രയും ലോഡുകൾ വേഗത്തിൽ ദുരിതമേഖലകളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചതു ജില്ലയിലെ ചെറുപ്പക്കാരാണ്. ശേഖരണ കേന്ദ്രത്തിലേക്ക് എത്തുന്ന വസ്തുക്കൾ ശേഖരിക്കുന്നതു മുതൽ അവ കയറ്റി അയയ്ക്കുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മുൻപിലുണ്ടായിരുന്നതു യുവാക്കളാണ്. പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ ദിവസവും ഇരുന്നൂറോളം വൊളന്റിയർമാർ ടി.എം. വർഗീസ് ഹാളിലെ ശേഖരണ കേന്ദ്രത്തിലുണ്ടായിരുന്നു.

നഗരത്തിലെ കോളജുകളിലെ വിദ്യാർഥികളായിരുന്നു ഭൂരിഭാഗം പേരും. വൊളന്റിയർമാരായി എത്തിയ വിദ്യാർഥികൾക്ക് ആ ദിവസങ്ങളിലെ ഹാജർ നൽകാമെന്നേറ്റ് പല അധ്യാപകരും ഒപ്പം നിന്നു. വൊളന്റിയർമാർക്ക് ഉച്ചഭക്ഷണമെത്തിച്ചു കേറ്ററിങ് അസോസിയേഷനുകളും ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ സഹായമേകി.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു ധനസമാഹരണം ലക്ഷ്യമിട്ട് സിങ്ങിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഫഷനൽ ഗായകരുടെ സംഘം ജില്ലയുടെ വിവിധ മേഖലകളിൽ ഗാനസന്ധ്യ നടത്തും. 21ന് ആരംഭിക്കുന്ന ഗാനസന്ധ്യ ഒരാഴ്ച നീളും. കൊല്ലം നൻപൻസ് വിജയ് ഫാൻസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ ദുരിതബാധിത മേഖലകളിലേക്കു സഹായമെത്തിച്ചു. മേയർ വി.രാജേന്ദ്രബാബുവും എൻ.കെ.പ്രേമചന്ദ്രൻ എംപിയും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.

നാമൊന്ന് 

കളിപ്പാട്ടങ്ങൾ വേണ്ടെന്നു വച്ച് ആ പണം ദുരിതബാധിതർക്കു വേണ്ടി നൽകാൻ തയാറായ കുട്ടികൾ, അവധി ദിവസത്തെ ആഘോഷത്തെ മാറ്റി നിർത്തി സന്നദ്ധ പ്രവർത്തനങ്ങൾക്കിറങ്ങിയ യുവാക്കൾ, ദുരിതാശ്വാസ ക്യാംപിലേക്കു സാധനങ്ങൾ വാങ്ങാൻ പെൻഷൻ പണം മാറ്റി വച്ചവർ... അങ്ങനെ ജില്ല ഒറ്റക്കെട്ടായി നിന്നു. ഒരാഴ്ച കൊണ്ടു പ്രതീക്ഷിച്ചതിലുമുപരി സാധനങ്ങളാണു ശേഖരണ കേന്ദ്രത്തിലെത്തിയത്. അരിയും ശുദ്ധജലവുമാണു ജില്ലയിൽ നിന്ന് ദുരിതമേഖലകളിലേക്ക് ഏറ്റവുമധികം നൽകിയത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama