go

ജീവനാണ്, ജാഗ്രത വേണം

Driving-School--
SHARE

കൊല്ലം ∙ ബൈപാസിലെ ഡ്രൈവിങ് പരിശീലനത്തിന് കടിഞ്ഞാണിടാൻ മോട്ടർ വാഹന വകുപ്പ്. അപകട സാധ്യത കൂടിയ മേഖല കൂടിയായ കൊല്ലം ബൈപാസിൽ ഇന്നലെ ഡ്രൈവിങ് സ്കൂളിന്റെ വാഹനം തട്ടി കാൽനട യാത്രികൻ മരിച്ചതിനെ തുടർന്നാണു ഡ്രൈവിങ് പരിശീലനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ മോട്ടർ വാഹന വകുപ്പ് ആലോചിക്കുന്നത്. തിരക്കേറിയ ബൈപാസിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങൾ പരിശീലനം നൽകുന്നുണ്ട്, ഇതിനു പുറമേ സ്വന്തമായി ഡ്രൈവിങ് പരിശീലനം നടത്തുന്നവരുടെ എണ്ണവും ബൈപാസിൽ കൂടുതലാണ്.

കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാതെ ഡ്രൈവിങ് പരിശീലനം നടത്തുന്ന വാഹനങ്ങൾ പിടികൂടാനും പരമാവധി ഡ്രൈവിങ് പരിശീലനം ബൈപാസിൽ നിന്ന് ഒഴിവാക്കാനുമാണ് അധികൃതരുടെ തീരുമാനം. വാഹനം ഓടിക്കുന്നയാളുടെ ചെറിയ അശ്രദ്ധ പോലും ബൈപാസിൽ വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായി മോട്ടർ വാഹന വകുപ്പു കണ്ടെത്തിയിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം ബൈപാസിലെ ഡ്രൈവിങ് പരിശീലനം പൂർണമായും നിരോധിക്കാനുള്ള നീക്കത്തിലാണു മോട്ടർ വാഹന വകുപ്പ് എന്നാണു സൂചന.

ഡ്രൈവിങ് സ്കൂളിന്റെ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

kollam-vijayan
വിജയൻ.

അഞ്ചാലുംമൂട് ∙ ബൈപാസിൽ വീണ്ടും അപകട മരണം; ഡ്രൈവിങ് സ്കൂളിന്റെ കാറിടിച്ചു കാൽനട യാത്രികൻ മരിച്ചു. സ്വകാര്യ സ്കൂളിലെ ബസ് ക്ലീനറായ തൃക്കടവൂർ കുരീപ്പുഴ താഴതിൽ പടിഞ്ഞാറ്റതിൽ വി.വിജയൻ (68)നാണു മരിച്ചത്.  ഇന്നലെ 11.30ന് ബൈപാസിൽ കുരീപ്പുഴ കീക്കോലിമുക്കിനു സമീപത്തായിരുന്നു അപകടം.

വീട്ടിലേക്കു പോകാൻ റോഡു മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാവനാട് ഭാഗത്തു നിന്ന് എത്തിയ കാർ വിജയനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റു കിടന്ന വിജയനെ കാറിലുണ്ടായിരുന്നവർ മതിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര, മക്കൾ: അജയൻ, ബിന്ദു, സിന്ധു. മരുമക്കൾ: ശിവൻകുട്ടി, അനി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. 

സ്കൂൾ വിദ്യാർഥി കാറിടിച്ചു മരിച്ചു

kollam-alan
അലൻ

കരുനാഗപ്പള്ളി ∙ ട്യൂഷൻ കഴിഞ്ഞു സൈക്കിളിൽ പോയ സ്കൂൾ വിദ്യാർഥി നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു.  മരുതൂർകുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കേതറയിൽ രാജു– സുഗന്ധി ദമ്പതികളുടെ മകൻ അലൻ ദേവരാജ് (14) ആണു മരിച്ചത്. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ 9–ാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായർ വൈകിട്ട് 6.30ന് കോഴിക്കോട് എസ്‌.വി മാർക്കറ്റിനു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു.

ഭർത്താവിനൊപ്പം ഡ്രൈവിങ് പരിശീലനം നടത്തുകയായിരുന്ന സ്ത്രീ ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയതെന്നു കാട്ടി അലന്റെ ബന്ധുക്കൾ പൊലീസിനു പരാതി നൽകി. വാഹനം ഓടിച്ച സ്ത്രീക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. അലന്റെ  സംസ്കാരം നടത്തി. സഹോദരൻ: അമൽ. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama