go

ദേശീയപാത നാലു വരി വികസനം: സർവേ നടപടി തുടങ്ങി

SHARE

കൊല്ലം∙ ദേശീയപാത നാലു വരിയായി വികസിപ്പിക്കുന്നതിനു സർവേ നടപടികൾ ആരംഭിച്ചു. ഡപ്യൂട്ടി കലക്ടർ സുമീതൻ പിള്ളയുടെ മേൽനോട്ടത്തിൽ ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 4 സ്പെഷൽ തഹസിൽദാർ ഓഫിസുകളുടെ നേതൃത്വത്തിലാണ് സർവേ. അലൈൻമെന്റ് നിശ്ചയിച്ചു 45 മീറ്റർ വീതിയിൽ നേരത്തെ അതിർത്തിക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം അളന്നു തിട്ടപ്പെടുത്തുകയാണ് ആദ്യഘട്ടത്തിൽ. ഇതിൽ നിൽക്കുന്ന കെട്ടിടങ്ങളുടെ വിവരവും ശേഖരിക്കും. സർവേയർമാരോടൊപ്പം റവന്യു ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്. ഭൂമിയുടെ അളവ് ഉൾപ്പെടെ സർവേ നടപടികൾ പൂർത്തിയായാൽ വസ്തു ഏറ്റെടുത്തുകൊണ്ടുള്ള 3ഡി വിജ്ഞാപനം പുറപ്പെടുവിക്കും. കരുനാഗപ്പള്ളി (ഓച്ചിറ മുതൽ കന്നേറ്റി പാലം വരെ), കാവനാട് (കന്നേറ്റിപാലം– നീണ്ടകര പാലം), വടക്കേവിള (നീണ്ടകര പാലം– ഇത്തിക്കര പാലം), ചാത്തന്നൂർ (ഇത്തിക്കര പാലം – പാരിപ്പള്ളി കടമ്പാട്ടുകോണം) എന്നീ സ്പെഷൽ തഹസിൽദാർ ഓഫിസുകൾ ആണ് ഒരേ സമയം സർവേ നടത്തുന്നത്.

വടക്കേവിള സ്പെഷൽ തഹസി‍ൽദാർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ വാല്യുവേഷൻ ഓഫിസർ ബിനോയ് ബേബി, റവന്യു ഇൻസ്പെക്ടർമാരായ ആശ ഷാഹിദ, അനിൽ കുമാർ, ശ്രീകുമാർ , സർവേയർമാരായ ഷിനോയ് ശിവൻ, അജി, ബിനില, ദിവ്യ എന്നിവർ അടങ്ങിയ സംഘം ശക്തികുളങ്ങരയിൽ നിന്നാണ് സർവേ തുടങ്ങിയത്. കാവനാട് ആൽത്തറമൂട് മുതൽ ചിന്നക്കട വഴി മേവറം വരെ പാത വികസനമോ ഭൂമി ഏറ്റെടുക്കലോ ഇല്ല. ആൽത്തറമൂട് മുതൽ മേവറം വരെ ബൈപാസ് റോഡ് 4 വരിയായി വികസിപ്പിക്കും. ഇവിടെ 45 മീറ്റർ വീതിയിൽ ഭൂമി ഉള്ളതിനാൽ പുതുതായി ഏറ്റെടുക്കേണ്ടതില്ല. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച 3എ വിജ്ഞാപനം സംബന്ധിച്ച പരാതിയിൽ ഹിയറിങ് തുടരുന്നു 24നു ഹിയറിങ് പൂർത്തിയാകും.

കൊല്ലം– തേനി പാത അലൈൻമെന്റ് നിശ്ചയിക്കുന്നത് സ്തംഭിച്ചു

കൊല്ലം ∙ കൊല്ലം– തേനി (എൻഎച്ച്–183) ദേശീയപാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നത് സ്തംഭിച്ചു. പാത വികസനത്തിനു പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ ബാഹുല്യമാണ് പ്രധാന വെല്ലുവിളിയായി മാറിയത്. പുണെ ശ്രീകണ്ഠേ കൺസൾട്ടിസിക്കാണ് വിശദമായ പദ്ധതി രേഖ തയാറാക്കി അലൈൻമെന്റ് നിശ്ചയിക്കാൻ കരാർ നൽകിയിട്ടുള്ളത്. 2017 നവംബർ 27ന് ഒപ്പു വച്ച കരാർ 2 വർഷം ആകുമ്പോഴും 25 % മാത്രമാണ് പൂർത്തിയായത്. കേരളത്തിൽ 210 കിലോമീറ്ററും തമിഴ്നാട്ടിൽ 132 കിലോമീറ്ററും ഉൾപ്പെടെ 342 കിലോമീറ്റർ ആണ് പാതയുടെ നീളം.

കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിൽ നിന്നാരംഭിച്ച് തേവള്ളി, അഞ്ചാലുംമൂട്, കുണ്ടറ ഇളമ്പള്ളൂർ ചിറ്റുമല, ഭരണിക്കാവ്, ആനയടി,. താമരക്കുളം, ചാരുംമൂട്, ചെങ്ങന്നൂർ, കോട്ടയം പാമ്പാടി. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ, കുമിളി, കമ്പം, വഴിയാണ് തമിഴ്നാട് ഡിൻഡിഗൽ ജില്ലയിലെ തേനിയിലെത്തുക. ചെങ്ങന്നൂരിനു സമീപം ആഞ്ഞിലിമുട്ടിൽ എംസി റോഡുമായി സംഗമിക്കും. തുടർന്ന കോട്ടയം വരെ എംസി റോഡ്, ദേശീയപാതയുടെ ഭാഗമാകും. കോട്ടയത്ത് നിന്നു കെകെ റോഡിലൂടെയാണ് കുമിളിയിലേക്കു നീളുന്നത്. രണ്ടുവരി പാതയാണ് പ്രഥമ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

10 മീറ്റർ വീതിയിൽ ടാറിങ്ങും ടൈൽ പാകിയ വശങ്ങളുമായാണ് വികസിപ്പിക്കുന്നത്. ആകെ 16 മീറ്റർ വീതി വേണ്ടി വരും.  കൊല്ലം – അഞ്ചാലുംമൂട് മേഖലയിൽ 10 മീറ്റർ ആണ് നിലവിൽ റോഡിന്റെ വീതി. കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള 62 കിലോമീറ്റർ നീളത്തിൽ വസ്തു ഏറ്റെടുക്കുമ്പോൾ 1400 കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരും. ഇതിനിടയിൽ പാത 4 വരിയായി വികസിപ്പിക്കുന്നതു സംബന്ധിച്ചു പ്രാഥമിക ആലോചന നടന്നു. അലൈൻമെന്റിന് അനുമതി ലഭിച്ച ശേഷമേ സ്തംഭനാവസ്ഥ മാറുകയുള്ളു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama