go

കാഴ്ച നഷ്ടപ്പെട്ടും താടിയെല്ലു തകർന്നും നിരവധിപ്പേർ; ക്രൂരമായ വിനോദം

kollam news
SHARE

പരവൂർ ∙ കൊല്ലം – തിരുവനന്തപുരം മേഖലയിലെ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകൾക്കു നേരെയുള്ള കല്ലേറ് വ്യാപകമായതോടെ കർശന നിരീക്ഷണവുമായി രംഗത്തിറങ്ങാൻ റെയിൽവേ സുരക്ഷാ സേനയുടെ (ആർപിഎഫ്) തീരുമാനം. കൊല്ലം – പരവൂർ സ്റ്റേഷനുകൾക്കിടയിൽ കേസുകൾ വർധിച്ചതോടെ ഇന്നലെ റെയിൽവേ സുരക്ഷാ സേന ഈ മേഖലയിൽ പരിശോധന നടത്തി.

അതേസമയം, ആർപിഎഫ് സംഘം എത്തുമ്പോഴേക്കും കല്ലേറു നടത്തുന്നവർ രക്ഷപ്പെടുന്നതു പതിവായതിനാൽ പൊലീസിനും ഇത്തരക്കാരെ പിടികൂടാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടു യാത്രക്കാരുടെ സംഘടനയായ ഫ്രെ‍ണ്ട്സ് ഓൺ റെയിൽസ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകി. 

∙ ക്രൂരമായ വിനോദം

കല്ലേറു കൊണ്ടു കാഴ്ച നഷ്ടപ്പെട്ടും താടിയെല്ലു തകർന്നും തല പൊട്ടിയും കഴിയുന്ന അഞ്ഞൂറിലേറെപ്പേരുണ്ട് കേരളത്തിൽ ഇപ്പോൾ. അക്കൂട്ടത്തിൽ ലോക്കോ പൈലറ്റുമാരുണ്ട്, വിദ്യാർഥികളുണ്ട്, ഡോക്ടർമാരുണ്ട്, സർക്കാർ ഉദ്യോഗസ്ഥരുണ്ട്, വീട്ടമ്മമാരുണ്ട്. ഇവരെയെല്ലാം ചുറ്റിപ്പറ്റി ജീവിതം നെയ്തെടുത്തിരുന്നവരും ഇന്നു ദുരിതത്തിലാണ്.

എല്ലാം ഒരു നിമിഷത്തെ മനോവൈകൃതത്തിന്റെ ഫലം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച പരവൂർ മേഖലയിൽ വഞ്ചിനാട് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ കാവനാട് സൂര്യനഗർ കാളച്ചഴികത്ത് വീട്ടിൽ സുമിത്ര(40)യ്ക്കാണു പരുക്കേറ്റത്. പാറക്കല്ലു കൊണ്ടുള്ള ഏറിൽ ഇടതുകണ്ണിനു മുകളിൽ ആഴത്തിൽ മുറിവേറ്റു. 

∙ കുറ്റിക്കാട് താവളം 

കല്ലേറുണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല. ഏതൊക്കെ സ്റ്റേഷനുകൾക്ക് ഇടയിലാണു സംഭവം നടന്നത് എന്നല്ലാതെ കൃത്യമായ സ്ഥലം ആർപിഎഫിനു ലഭിക്കുന്നില്ല. ആളൊഴിഞ്ഞതും വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതുമായ സ്ഥലങ്ങളിൽ നിന്നാണു കൂടുതൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ടു പ്രാവശ്യം കല്ലേറു നടന്നതു പരവൂർ മാമൂട്ടിൽ പാലത്തിനു സമീപത്താണ്.

ഇവിടെ വാഹനങ്ങൾക്ക് എത്താൻ കഴിയില്ല. പ്രദേശത്ത് പാളത്തിനോടു ചേർന്നുള്ള കുറ്റിക്കാട് സാമൂഹിക വിരുദ്ധർ കയ്യേറിയിരിക്കുകയാണ്.  ഒരു വർഷത്തിനിടെ വർക്കലയ്ക്കും കൊല്ലത്തിനും ഇടയിൽ 5 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 2 കേസുകളിലെ പ്രതികളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. ഒരാൾ നിലവിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്.

കല്ലേറ് ഇതുവരെ

∙ ജനുവരി : മയ്യനാട് പാലത്തിനും സ്റ്റേഷനും ഇടയിൽ മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നിവയ്ക്കു നേരെ –  2 കേസുകൾ.

∙ മേയ് : പെരിനാടിനും കൊല്ലത്തിനും ഇടയിൽ ജനശതാബ്ദിക്കു നേരെ.

∙ ജൂൺ : ഇടവ സ്റ്റേഷനു സമീപം ചെന്നൈ മെയിലിനു നേരെ.

∙ ഓഗസ്റ്റ് : മാമൂട്ടിൽ പാലത്തിനു സമീപം വഞ്ചിനാട് എക്സ്പ്രസിനു നേരെ.

ശിക്ഷ

ട്രെയിനിനു കല്ലെറിഞ്ഞതിനു പിടിക്കപ്പെട്ടവർ കൂടുതലും കുട്ടികളെന്ന് ആർപിഎഫ് പറയുന്നു. അഞ്ചുവർഷം വരെ കഠിനതടവാണു ശിക്ഷ. ജാമ്യം ലഭിക്കില്ല. കുട്ടികൾ കുറ്റം ചെയ്താൽ മാതാപിതാക്കളും ഉത്തരവാദികളാകും.

വിളിക്കാം 182, 9995040000

കല്ലേറോ മറ്റു ബുദ്ധിമുട്ടുകളോ നേരിട്ടാൽ യാത്രക്കാർക്ക് 182 നമ്പറിൽ സൗജന്യമായി വിളിക്കാം. വിളിക്കുന്ന ആളിന്റെ ലൊക്കേഷൻ എവിടെയാണോ, അതിനു തൊട്ടടുത്തുള്ള ആർപിഎഫ് കൺട്രോൾ റൂമിലായിരിക്കും ഈ വിളി എത്തുക. സഹായം ഉടൻ ലഭ്യമാകും. തിരുവനന്തപുരം ഡിവിഷനിലെ ഹെൽപ് ലൈൻ നമ്പറാണ് 9995040000.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama