go

കളിച്ചുനടക്കാൻ ഓണാവധി

kollam-onam
SHARE

ദാ, ഓണമിങ്ങെത്തി. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും  ഒത്തൊരുമയുടെയും കാലം കൂടിയാണ് ഓണക്കാലം. വിവിധ കളികളാണ് ഓണത്തിന്റെ ഭാഗമായുള്ളത്. ഓരോ നാട്ടിലും അവ വ്യത്യസ്തമാണ്. ചില ഓണക്കളികൾ പരിചയപ്പെടാം. 

കിളിത്തട്ടുകളി

ഓണക്കാലത്തു പന്തയം വച്ചു കളിച്ചിരുന്ന ഒന്നാണു കിളിത്തട്ടുകളി. കളി ഇങ്ങനെ: 7 പേർ വീതമുള്ള 2 ടീമാണു കിളിത്തട്ടുകളിക്കു വേണ്ടത്. പൂഴിമണ്ണിൽ ആഴത്തിൽ ചാലുകളുണ്ടാക്കി സമചതുരങ്ങൾ വരയ്ക്കും. 7 തട്ടുകൾ കാക്കാൻ നിൽക്കുന്നവരെ കാക്കരെന്നാണു വിളിക്കുന്നത്.

അതിൽ ഒരാൾ ‘കിളി’യെന്നും അറിയപ്പെടുന്നു. ആദ്യം തട്ടിലേക്കു കയറുന്ന എതിർ ടീം അംഗങ്ങളെ ചാപ്പ എന്നു വിളിക്കും. ഇവർ കാക്കരുടെ അടി കൊള്ളാതെ തിരിച്ചെത്തിയാൽ കളിയിൽ ജയിക്കും. അടി കിട്ടിയാൽ തോൽക്കും. അതാണു കിളിത്തട്ടുകളി.

കക്ക് കളി

പൊട്ടിപ്പോയ മൺകലത്തിന്റെയോ മറ്റോ തുണ്ടായ ‘കക്ക്’ ആണ് ഈ കളിക്കു വേണ്ട ഒരേയൊരു വസ്തു. 8 സമചതുരങ്ങൾ വരച്ചാണ് ഇതു കളിക്കുന്നത്.  സമചതുരക്കളങ്ങൾക്കുള്ളിലേക്കു കക്ക് എറിയുന്നതാണു കളി. ഒറ്റക്കാലിൽ ചാടി എറിഞ്ഞ കക്ക് എടുത്തു കൊണ്ടു വരണം.

ഇതിനിടയിൽ ഒരു വരകളിലും ചവിട്ടാൻ പാടില്ല. പിന്നീടു നീട്ടിപ്പിടിച്ച വലതു കയ്യുടെ മുകളിലും കാൽപ്പാദത്തിനു മുകളിലും ഒരു കണ്ണടച്ചു കൺപോളകൾക്കു മുകളിലും കക്കു വച്ച് 8 കളങ്ങളും കടക്കണം. ഇതെല്ലാം കൃത്യമായി ചെയ്താൽ, അവസാന ഘട്ടത്തിൽ കളത്തിനു പുറത്തു പിൻതിരിഞ്ഞു നിന്നു കക്ക് കളത്തിനുള്ളിലേക്ക് എറിയണം.

അത് ഏതെങ്കിലും കളത്തിനുള്ളിലേക്കു വീണാൽ ആ കളം എറിഞ്ഞയാൾക്കു സ്വന്തം. കളത്തിനു പുറത്തു വീണാൽ ആൾ ഔട്ട്. ഇതാണു കക്കു കളി. (ഓരോ നാട്ടിലും ഓരോ പേരിലാണ് ഈ കളി അറിയപ്പെടുന്നത്.)

മാണിക്യചെമ്പഴുക്ക

അടയ്ക്കയാണ് മാണിക്യചെമ്പഴുക്ക കളിക്കു വേണ്ട ഏക വസ്തു. കളി ഇങ്ങനെ: വട്ടത്തിലിരിക്കുന്ന കുട്ടികൾ കൈ പിന്നിൽ കെട്ടി വൃത്തത്തിന്റെ നടുവിലിരിക്കുന്ന ആളെ കബളിപ്പിക്കുന്നതാണു കളി. വട്ടം കൂടിയിരിക്കുന്നവർ  കളിക്കാരി കാണാതെ കൈകളിലൂടെ അടയ്ക്ക കൈമാറുന്നതാണു കളി. 

ഇതിനിടിയിൽ ‘ആക്കയ്യിലീക്കയ്യിലോ, മാണിക്യചെമ്പഴുക്ക...’ എന്ന പാടും. അതിനു മറുപടിയായി ചുറ്റും കൂടിയിരിക്കുന്നവർ ‘ദാണ്ടു പോണേ,  ദാണ്ടു പോണേ മാണിക്യച്ചെമ്പഴുക്ക...’ എന്നും പാടും. ഈ പാട്ടും പാടി അടയ്ക്ക കയ്യിലുള്ളയാളെ കണ്ടുപിടിക്കുന്നതാണു കളി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama