go

കൊല്ലം കാണാം,നല്ലോണം

KOLLAM~3
SHARE

കൊല്ലം ∙ ഓണമൊക്കെയല്ലേ, അധികം ദൂരെയല്ലാതെ അധികം ചെലവില്ലാതെ ഒരു യാത്ര  പോകാമെന്നു തീരുമാനിച്ചാൽ അതിനു പറ്റിയ സ്ഥലങ്ങൾ ജില്ലയിൽ തന്നെയുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കുകയാണു വേണ്ടതെങ്കിൽ അങ്ങനെ. സാഹസികതയാണു വേണ്ടതെങ്കിൽ അങ്ങനെയും. വനം, മലനിരകൾ,കായൽ, കടൽ... അങ്ങനെയെന്തും  കൊല്ലത്തുണ്ട്.

തെന്മല ഇക്കോ ടൂറിസം സെന്റർ

യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമായ തെന്മല പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഇടമാണ്. മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരിയുമാണ്. കൂടാതെ സാഹസിക വിനോദങ്ങളും തെന്മലയിൽ ആസ്വദിക്കാം. 0475-2344800.

പാലരുവി വെള്ളച്ചാട്ടം

300 അടി ഉയരത്തിലുള്ള പാറകളിൽ നിന്നൊഴുകി വരുന്ന മനോഹരമായ വെള്ളച്ചാട്ടമാണു പാലരുവിയിലേത്. തെന്മലയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (1 കിലോമീറ്റർ). കൊട്ടാരക്കര (41), കൊല്ലം (66) എന്നിവിടങ്ങൾ മറ്റു പ്രധാന സ്റ്റേഷനുകൾ. കൊല്ലം-ചെങ്കോട്ട റോഡും, തിരുവനന്തപുരം-ചെങ്കോട്ട റോഡും ഇടനാഴികളാണ്. റോഡ്‌ മാർഗം പുനലൂർ ബസ് സ്റ്റേഷൻ 35 കിലോമീറ്റർ ദൂരം.

 ജടായു എർ‌ത്ത് സെന്റർ

സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം നിർമിക്കപ്പെട്ട ജടായുപ്പാറ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ്.  സമീപ റെയിൽവേ സ്റ്റേഷനുകൾ: കൊട്ടാരക്കര (23.1 കിലോമീറ്റർ) പുനലൂർ (25), പരവൂർ (27.5), വർക്കല (30), കൊല്ലം (38.7). റോഡ്‌ മാർഗം അടുത്തുള്ള ബസ് സ്റ്റാൻഡ് ചടയമംഗലം. 

കേരള സ്റ്റേറ്റ് റോഡ് ഗതാഗത കോർപറേഷൻ സൈറ്റിൽ അവിടെനിന്നുള്ള  ബസ് സർവീസുകൾ ഓൺലൈനായി തിരയാം. കൊല്ലം, വർക്കല, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നു ലോക്കൽ ബസുകളും സർവീസ് നടത്തുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കുള്ള ദൂരം 40.4 കിലോമീറ്റർ. 0474 2477077.

ശെന്തുരുണി വന്യജീവി സങ്കേതം

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം തെന്മലയാണ്‌. കല്ലടയാറ്റിൽ നിർമിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. 1550 മീറ്റർ ഉയരമുള്ള ആൽവർകുറിച്ചിയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം. വിവിധയിനം പുഷ്പിതസസ്യങ്ങൾ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, ചിത്രശലഭങ്ങൾ, തുമ്പികൾ എന്നിവയും ഇവിടെയുണ്ട്. 

തെന്മല പരപ്പാർ ഡാം

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം മുൻപു ലഭ്യമായിരുന്നു. തിരുവനന്തപുരത്തു നിന്ന് 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം.

മൺറോത്തുരുത്ത്

അഷ്ടമുടിക്കായലിനും കല്ലടയാ റിനും മധ്യേ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണു മൺറോത്തുരുത്ത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 13.37 ചതുരശ്ര കിലോമീറ്റർ ആണ്. ഇവിടെ എത്തുന്നതിനു റോഡ്, റെയിൽ, ജലഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നു റോഡ് വഴി ഏകദേശം 25 കിലോമീറ്റർ ദൂരമുണ്ട്. 

തങ്കശേരി വിളക്കുമാടം

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു 144 അടി ഉയരമുളള തങ്കശേരി വിളക്കുമാടം. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. പിരിയൻ ഗോവണി കയറിവേണമായിരുന്നു മുൻപ് ഈ വിളക്കുമാടത്തിന്റെ മുകളിലെത്താൻ. ഇപ്പോൾ യന്ത്രപ്പടികളുണ്ട്.

അഷ്ടമുടിക്കായൽ

മടുപ്പു തോന്നാത്ത യാത്രയാണ് അഷ്ടമുടിക്കായൽ ഉറപ്പു നൽകുന്നത്.  തടാകങ്ങൾ, കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌.

 കുംഭാവുരുട്ടി വെള്ളച്ചാട്ടം

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്ന് 4 കിലോമീറ്റർ ഉൾവനത്തിലാണു കുംഭാവുരുട്ടി വെള്ളച്ചാട്ടം.   അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണു കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 

കാൽനടയായി 4 കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽനിന്നു ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാം. പക്ഷേ, അപകടം പതിയിരിക്കുന്ന പാറകളിലൂടെ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama