go

അരിനല്ലൂരിൽ ഇന്നു കരടിയിറങ്ങും; ഓർമകളുടെ തേനടകളുമായി

kollam news
കൊല്ലം ബീച്ചിൽ ഡിടിപിസി ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന കരടികളി. ചിത്രം: മനോരമ
SHARE

ശൂരനാട് ∙ പോയകാലത്തിന്റെ തേനടകളുമായി അരിനല്ലൂരിൽ ഇന്നു കരടികൾ ഇറങ്ങും. പിടിക്കാൻ വേട്ടക്കാരനും ഉണ്ടാകും. ഓണ നിലാവിറ്റു വീഴുന്ന നാട്ടിടവഴികളിൽ കരടിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് ചുവടുവച്ച് കരടികളി സംഘങ്ങൾ മുന്നോട്ടു പോകും. അരിനല്ലൂർ കരടികളി സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടിമേളയ്ക്ക് ഇന്ന് വൈകിട്ട് 6 മണിയോടെ തുടക്കമാകും. കൊല്ലത്തിന്റെ തനതു നാടൻകലയായ സീതകളിയും ഉൾപ്പെടുത്തിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

കരടികളുടെ വഴിയിങ്ങനെ..

ഏതു നാടൻകല പോലെയും കൃഷിയിടങ്ങളിൽ നിന്നാണു കരടികളിയുടെയും ചരിത്രം. വൈകുന്നേരത്തോടെ കൈത്താളത്തിന്റെയോ ഗഞ്ചിറയുടെയോ താളത്തിൽ ഇരുപതിൽ കുറയാത്ത സംഘങ്ങൾ യാത്ര ആരംഭിക്കും. സാധാരണയായി 2 കരടികളും ഒരു വേട്ടക്കാരനുമാണ് സംഘത്തിൽ ഉണ്ടാകുക. തെങ്ങിന്റെ ഓല ഈർക്കിൽ കളഞ്ഞാണ് കരടികളുടെ ഉടൽ മറയ്ക്കുക. തടി കൊണ്ടോ കമുകിന്റെ ഇല കൊണ്ടോ നിർമിച്ചവയാണു കരടിത്തലകൾ.

കൈമാറിക്കിട്ടിയ കരടിപ്പാട്ട്

പ്രാദേശിക ചരിത്രത്തിന്റെ വലിയ വായനയാണ് ഓരോ കരടിപ്പാട്ടും. വാമൊഴിയായി കൈമാറുന്ന പാട്ടുകളിൽ താളം മാറാതെ നാട്ടുവാർത്തകൾ ഓരോ കാലത്തും സ്ഥാനം പിടിക്കും. പുരാണങ്ങൾ, നാട്ടിലെ വിവാദമായ വിഷയങ്ങൾ, ചെറിയ സംഘട്ടനങ്ങളുടെ കഥകൾ, റോഡ് പണി, ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അങ്ങനെയെന്തും വരികളാകും.

വൻപ്രിയമാർന്ന മഹാറാണി,

റീജന്റ് തമ്പുരാട്ടിക്കെഴും ധർമബുദ്ധി

അൻപോടങ്ങായ മൂലമിപ്പാലവും

സംഭവിച്ചെന്നു പറഞ്ഞു കേൾപ്പൂ...

നീണ്ടകര പാലവും കാവനാടും ചിന്നക്കടയും കായംകുളവുമൊക്കെ ചരിത്രമായി കിടപ്പുണ്ട് കരടിപ്പാട്ടുകളിൽ.

''ഇവിടുത്തെയമ്മാവൻ 

പെട്ടി തുറക്കുമ്പോൾ

ഇപ്പോൾ കിട്ടും കരടി 

വെള്ളിത്തുട്ട്'’

സംഭാവനകൾ വാങ്ങി ഇരുട്ടിൽ ചൂട്ടുവെളിച്ചത്തിൽ കരടിപ്പാട്ടും സംഘവും മുന്നോട്ടു പോകും.

സീതകളി

സീതകളി (ഫയൽ ചിത്രം)

അത്തം മുതൽ ഇരുപത്തിയെട്ടാം ഓണം വരെ വീടുകളിലെത്തിയാണു സീതകളി നടത്തുന്നത്. രാമായണത്തിലെ വനയാത്ര മുതൽ സീതയുടെ സ്വർഗാരോഹണം വരെയാണ് അവതരിപ്പിക്കുന്നത്. ചിട്ടപ്പെടുത്തിയ പാട്ടുകൾക്കൊപ്പമാണ് കഥാപാത്രങ്ങൾ ചുവടുവയ്ക്കുന്നത്.

അതിജീവനത്തിന്റെ കൂട്ടായ്മകൾ

കരടികളിയും പാട്ടുകളും നാട്ടുവഴികളിൽ നിന്ന് ഇല്ലാതാകുന്ന ആകുലതയിൽ നിന്നാണ് ജവാഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ 2012ൽ അരിനല്ലൂർ കരടിസംഘം ഉണ്ടാകുന്നത്. പിന്നീട് വർഷം തോറും ഓണക്കാലത്തു കരടികളി മേളയും പ്രദർശനവും സംഘടിപ്പിച്ചു തുടങ്ങി. പാട്ടുകൾ ശേഖരിച്ച് പുസ്തകരൂപത്തിലും വിഡിയോ രൂപത്തിലും ഇറക്കിയിട്ടുണ്ട്.

കരടികളിയെയും കലാകാരൻമാരെയും സർക്കാർ അംഗീകരിക്കുന്നതിലും സംഘത്തിന്റെ ഇടപെടൽ കാരണമായി. പെരിനാട് പഞ്ചായത്തും സീതകളി സംഘവുമാണു സീതകളിയുടെ പ്രചാരത്തിനു മുൻകൈ എടുക്കുന്നത്. വേഗങ്ങളുടെ കാലത്ത് ഒന്നു നിൽക്കാനും നാട്ടിടവഴിയിലെ താളവും നിലാവും ആസ്വദിക്കാനും പറയുന്നു ഈ സംഘങ്ങൾ. പഴമയുടെ മധുരമില്ലാതെ ഒരു ഓണക്കാലവും പൂർത്തിയാകില്ലല്ലോ...

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama