go

സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം: ബംഗാൾ സ്വദേശി സിക്കിമിൽ പിടിയിൽ

kollam news
രാജു സർക്കാർ.
SHARE

ശാസ്താംകോട്ട ∙ ക്രഷർ യൂണിറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ആറു വർഷത്തിനു ശേഷം സിക്കിമിൽ നിന്നു പിടിയിൽ. ശാസ്താംകോട്ട വേങ്ങ കാവേരി ക്രഷർ യൂണിറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായരെ കേബിൾ വയർ ഉപയോഗിച്ചു കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു കടന്ന കേസിലെ മുഖ്യപ്രതി ബംഗാൾ സ്വദേശി രാജു സർക്കാർ (27) ആണു സിക്കിമിലെ റാണിപ്പുളിൽ പിടിയിലായത്.

പൊലീസ് പറയുന്നത്: 2013 മേയിലാണ് ശിവൻകുട്ടി നായരെ ക്രഷർ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചപ്പോൾ ബംഗാളിൽ പ്രതികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം കാണാതായ രണ്ടു ബംഗാൾ സ്വദേശികളായ തൊഴിലാളികളെ ചുറ്റിപ്പറ്റി ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ഒരു മാസം മുൻപ് മാത്രം കേരളത്തിലെത്തുകയും രണ്ടാഴ്ച മുൻപ് മാത്രം ക്രഷറിൽ ജോലിക്കു പ്രവേശിക്കുകയും ചെയ്ത ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.

പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ കണ്ടെത്തി. ഇതെ തുടർന്നാണ് സിക്കിമിൽ പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം റാണിപ്പുൾ കൈതാങ് ഗ്രാമത്തിൽ എത്തി പിടികൂടിയത്. പൊലീസ് തന്നെ തിരിച്ചറിഞ്ഞു എന്നു മനസ്സിലാക്കിയ പ്രതി ബംഗാളിൽ നിന്നു സിക്കിമിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. സിക്കിം സ്വദേശികളല്ലാത്ത തൊഴിലാളികളെ കേന്ദ്രീകരിച്ച് ലേബർ ഓഫിസർമാർ എന്ന വ്യാജേനയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.

പ്രതികളെ പിടികൂടാത്തതും തുമ്പില്ലാത്തതുമായ കേസുകളിൽ കേസന്വേഷണം പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തോടെ റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് പ്രത്യേക  സംഘം രൂപീകരിച്ചത്. ശൂരനാട് എസ്ഐ നിസാറുദ്ദിൻ, എഎസ്ഐമാരായ അജയകുമാർ, പ്രസന്നകുമാർ, എസ്‍സിപിഒ സാക്കിർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama