go

അപകടത്തിൽ കാൽവിരലറ്റത് അറിയാതെ വിദ്യാർഥി; വിരൽ ആശുപത്രിയിലെത്തിച്ച് പൊലീസ്

accident-rep.jpg.image.784.410
SHARE

അഞ്ചാലുംമൂട്(കൊല്ലം) ∙ ബൈപാസിൽ കാറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ കാൽവിരൽ അറ്റുപോയതറിയാതെ യാത്ര തുടർന്ന എൻജിനീയറിങ് കോളജ് വിദ്യാർഥി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. റോഡിൽനിന്നു ലഭിച്ച കാൽവിരലുമായി ആശുപത്രിയിലേക്കു പാഞ്ഞെത്തിയതാകട്ടെ പൊലീസും. ഇന്നലെ പുലർച്ചെ  ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയ്ക്കു സമീപമുണ്ടായ അപകടത്തെ തുടർന്നാണു നാടകീയ സംഭവങ്ങൾ.

അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി ശക്തികുളങ്ങര സ്വദേശി ജോൺ ബ്രിട്ടോ പ്രകാശിന്റെ (21) കാൽവിരലാണ് അറ്റുപോയത്. പള്ളിത്തോട്ടം സിഐ ദേവരാജന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നു യുവാവിന്റെ കാൽവിരൽ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർക്കാനായി. പുലർച്ചെ 2 മണിക്കുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ജോൺബ്രിട്ടോയും സുഹൃത്തും മറിഞ്ഞു വീണു. കാർ ഡ്രൈവർ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ യുവാക്കൾ ബൈക്ക് ഉയർത്തി പാഞ്ഞുപോയി. 

കാറുകാരൻ പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിത്തോട്ടം സിഐ ദേവരാജനും സംഘവും അവിടെത്തി. വിവരം തിരക്കുന്നതിനിടെ സിഐ ടോർച്ചടിച്ചു പരിശോധിച്ചപ്പോഴാണു ടോൾ ഗേറ്റിനു സമീപത്തായി യുവാവിന്റെ കാലിലെ തള്ളവിരൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കാണുന്നത്. ഇതിനിടെ യുവാവ് അയത്തിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

ജില്ലാ ആശുപത്രിയിലേക്കു പോയ സംഘം കാൽവിരലുമായി മിനിറ്റുകൾക്കുള്ളിൽ അയത്തിലിലെ ആശുപത്രിയിലെത്തി.ഇന്നലെ രാവിലെ യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി, ശസ്ത്രക്രിയയിലൂടെ വിരൽ കൂട്ടിച്ചേർത്തു. ബൈപാസിലെ ടോൾ പ്ലാസയിൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് അപകടത്തിനിടയാക്കിയ സംഭവത്തിൽ യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama